തിരയുക

'മിനർവ സംവാദ ' ത്തിനെത്തിയവരുമായി പാപ്പാ. 'മിനർവ സംവാദ ' ത്തിനെത്തിയവരുമായി പാപ്പാ.  (Vatican Media)

നിർമ്മിത ബുദ്ധിയുടെ സാന്മാർഗ്ഗിക ഉപയോഗത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും നേട്ടങ്ങളെ പ്രശംസിക്കുമ്പോഴും, നിർമ്മിത ബുദ്ധി ഗൗരവമേറിയ ചോദ്യങ്ങൾ ഉന്നയിക്കുന്നുവെന്നും മനുഷ്യരുടെ അന്തസ്സും പൊതു നന്മയും പ്രോത്സാഹിപ്പിക്കുന്നതിന് ധാർമ്മികതയോടും ഉത്തരവാദിത്തത്തോടെയും അവ ഉപയോഗിക്കണമെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും പൊതുനന്മയ്ക്കായുള്ള  ഉപയോഗത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച ഫ്രാൻസിസ് പാപ്പാ അതോടൊപ്പം നിർമ്മിത ബുദ്ധിയുടെ അധാർമ്മികവും നിരുത്തരവാദപരവുമായ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. തിങ്കളാഴ്ച വത്തിക്കാനിൽ വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി സംഘടിപ്പിച്ച ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും ഉന്നതതല വാർഷിക സമ്മേളനമായ 'മിനർവ സംവാദ ' ത്തിനെത്തിയവരെ  അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ, പ്രത്യേകിച്ച് നിർമ്മിത ബുദ്ധിയുടെ സാമൂഹികവും സാംസ്കാരികവുമായ സ്വാധീനത്തെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ, സാങ്കേതിക ലോകത്തെ വിദഗ്ധരായ - ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ബിസിനസ്സ് നേതാക്കൾ, അഭിഭാഷകർ, തത്ത്വചിന്തകർ - സഭയുടെ പ്രതിനിധികൾ - കൂരിയയിലെ ഉദ്യോഗസ്ഥർ, ദൈവശാസ്ത്രജ്ഞർ, ധാർമ്മിക വിദഗ്ധർ എന്നിവരെ ഈ സമ്മേളനം ഒരുമിച്ച് കൊണ്ടുവരുന്നു.

സാങ്കേതികവിദ്യയുടെ ഉത്തരവാദത്വപൂർണ്ണമായ ഉപയോഗം

"മതമൂല്യങ്ങളോടുള്ള തുറവോടെ " നടന്നുകൊണ്ടിരിക്കുന്ന ഈ സംവാദത്തെ പ്രത്യേകിച്ചും സാങ്കേതികവിദ്യയുടെ ഉത്തരവാദിത്ത പൂർണ്ണമായ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചയെ താൻ വളരെയധികം വിലമതിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

"ധാർമ്മികത, ശാസ്ത്രം, കല എന്നിവയുടെ അടിസ്ഥാന ചോദ്യങ്ങളെക്കുറിച്ചും ജീവിതത്തിന്റെ അർത്ഥാന്വേഷണത്തെക്കുറിച്ചും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സംവാദം സമാധാനത്തിലേക്കും സമഗ്രമായ മനുഷ്യവികസനത്തിലേക്കുമുള്ള ഒരു പാതയാണെന്ന് എനിക്ക് തീർച്ചയാണ്." പാപ്പാ എടുത്തു പറഞ്ഞു.

സാങ്കേതികവിദ്യ നമ്മുടെ മനുഷ്യകുടുംബത്തിന്, പ്രത്യേകിച്ച് വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ്, കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ "വളരെയധികം പ്രയോജനകരമാണ്" എന്നത്  എടുത്തു പറഞ്ഞ പാപ്പാ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രായോഗിക നേട്ടങ്ങൾ അംഗീകരിക്കുകയും അവ "മനുഷ്യരുടെ സർഗ്ഗാത്മകതയുടെയും ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തത്തോടെ പങ്കെടുക്കാനുള്ള അവരുടെ വിളിയുടെ കുലീനതയുടെയും തെളിവായാണ് കാണുന്നത്." എന്ന് കൂട്ടിച്ചേർത്തു.

ധാർമ്മികമായ  പ്രവർത്തനം

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലേണിംഗിന്റെയും വികസനം മനുഷ്യരാശിയുടെ ഭാവിക്ക് നല്ല സംഭാവനകൾ നൽകാൻ കഴിയുമെന്ന് തനിക്ക് ബോധ്യമുണ്ട് എന്നും അതേസമയം, ഈ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നവരുടെ ധാർമ്മികതയോടും ഉത്തരവാദിത്തത്തോടും കൂടെ പ്രവർത്തിക്കാനുള്ള സ്ഥിരവും തുടർച്ചയായുമുള്ള പ്രതിബദ്ധത വഴി മാത്രമേ ഈ സാധ്യതകൾ സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്നും ഫ്രാൻസിസ് പാപ്പാ മുന്നറിയിപ്പ് നൽകി.

സാങ്കേതികവിദ്യകൾ മനുഷ്യ കേന്ദ്രീകൃതവും ധാർമ്മികമായ അടിത്തറയുള്ളതും നന്മയിലേക്ക് നയിക്കപ്പെടുന്നതുമായി  തുടരുന്നത് ഉറപ്പാക്കാൻ ഈ മേഖലകളിലെ പലരും പ്രവർത്തിക്കുന്നു എന്നറിയുന്നത് ആശ്വാസകരമാണ് എന്ന് പാപ്പാ അറിയിച്ചു.

"എല്ലാവരേയും ഉൾപ്പെടുത്തുന്നതും, സുതാര്യത, സുരക്ഷ, തുല്യത, സ്വകാര്യത, വിശ്വാസ്യത തുടങ്ങിയ മൂല്യങ്ങളെ മാനിക്കുന്നതുമായ" "വികസന പ്രക്രിയകളുടെ" ആവശ്യകതയെക്കുറിച്ച് ഉയർന്നുവന്ന സമവായത്തിനും പാപ്പാ അഭിനന്ദനം അറിയിച്ചു. ഈ സാങ്കേതിക വിദ്യകളെ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര സംഘടനകളുടെ ശ്രമങ്ങളെ സ്വാഗതം ചെയ്ത പാപ്പാ, അവ യഥാർത്ഥ പുരോഗതിക്കും, മെച്ചപ്പെട്ട ലോകത്തിനും അതിന്റെ അവിഭാജ്യ ഘടകമായ ഉന്നത ജീവിത നിലവാരത്തിനും സംഭാവനകൾ നൽകുകയാണെതിന് അവർക്ക് പ്രോത്സാഹനങ്ങൾ അറയിച്ചു.

പുരുഷന്റെയും സ്ത്രീയുടെയും അന്തർലീനമായ അന്തസ്സ്

അതിനാൽ, സാങ്കേതിക വിദ്യകളെ വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡം ഓരോ പുരുഷനിലും സ്ത്രീയിലും അന്തർലീനമായ അന്തസ്സായിരിക്കണമെന്ന് ആവശ്യപ്പെട്ട പാപ്പാ ആ അന്തസ്സിനെ മാനിക്കാനും മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും അതിന്റെ ആവിഷ്‌കാരം ഉയർത്തിപ്പിടിക്കാൻ സഹായിക്കുന്നിടത്തോളവും സാങ്കേതിക വിദ്യകൾ ധാർമ്മികമായി ശരിയാണെന്ന് തെളിയിക്കുമെന്നും അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ സാങ്കേതികവിദ്യകൾ നമ്മുടെ ലോകത്ത് അസമത്വം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഇന്നുവരെയുള്ള തെളിവുകൾ സൂചിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഫ്രാൻസിസ് പാപ്പാ, സാങ്കേതിക കമ്പനികളെ അവരുടെ ഉൽപ്പന്നങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ആഘാതത്തിന് ഉത്തരവാദികളാക്കാൻ നമ്മുടെ ദേശീയ അന്തർദേശീയ സ്ഥാപനങ്ങൾക്ക് സാധ്യമാകുമോ എന്നും വർദ്ധിച്ചുവരുന്ന അസമത്വം നമ്മുടെ മാനുഷികവും സാമൂഹികവുമായ ഐക്യദാർഢ്യത്തെ തുരങ്കം വയ്ക്കുന്നതിനുള്ള അപകടസാധ്യത, നമ്മുടെ പൊതുവായ ലക്ഷ്യം എന്നിവയെക്കുറിച്ച് ചില ചോദ്യങ്ങളും അവരുടെ മുന്നിലേക്ക് എറിഞ്ഞു. നമ്മുടെ യഥാർത്ഥ ലക്ഷ്യം, ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ വളർച്ച കൂടുതൽ സമത്വവും സാമൂഹികവുമായ ഉൾക്കാഴ്ചയോടെ ആയിരിക്കണം എന്നാതാണെന്ന്  ഫ്രാൻസിസ് പാപ്പാ  അവരെ ഓർമ്മിപ്പിച്ചു.

ഡാറ്റകൾക്ക് മനുഷ്യന്റെ അന്തസ്സ് അളക്കാൻ കഴിയില്ല

ഒരു വ്യക്തിയുടെ അടിസ്ഥാന മൂല്യം ഡാറ്റ കൊണ്ട് മാത്രം അളക്കാൻ കഴിയില്ല. ഒരു വ്യക്തിയുടെ അവസ്ഥയിലും മുൻ പെരുമാറ്റത്തിലും നിന്ന്, പലപ്പോഴും രഹസ്യമായി ശേഖരിക്കുന്ന ഡാറ്റകൾ ഉപയോഗിക്കുന്ന അൽഗോരിതങ്ങളിലൂടെ എടുക്കുന്ന,  സാമൂഹിക സാമ്പത്തിക തീരുമാനങ്ങളുടെ അപകടങ്ങളെക്കുറിച്ചും പാപ്പാ  മുന്നറിയിപ്പു നൽകി.

സാമൂഹിക മുൻവിധികളാലും മുൻധാരണകളാലും അത്തരം ഡാറ്റകൾ മലിനീകരിക്കപ്പെടുമെന്നും, "ഒരു വ്യക്തിയുടെ മുൻകാല പെരുമാറ്റം, അയാൾക്ക് മാറാനും വളരാനും സമൂഹത്തിന്റെ നന്മയ്ക്കായി സംഭാവന ചെയ്യാനുമുള്ള അവസരം നിഷേധിക്കാൻ ഉപയോഗിക്കരുതെന്നും" ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

അൽഗോരിതങ്ങളിലൂടെ മനുഷ്യന്റെ അന്തസ്സിനോടുള്ള ആദരവ് പരിമിതപ്പെടുത്തുകയോ വ്യവസ്ഥപ്പെടുത്തുകയോ, അനുകമ്പയും, കരുണയും, ക്ഷമയും, എല്ലാറ്റിനുമുപരിയായി, ആളുകൾക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയും ഒഴിവാക്കുന്നത് അനുവദിക്കാനാവില്ല എന്നും പാപ്പാ കൂട്ടിച്ചേർത്തു. സന്നിഹിതരായവർക്കു നന്ദി പറഞ്ഞുകൊണ്ടു തന്റെ പ്രാർത്ഥനാപൂർവമായ ആശംസകൾ അർപ്പിച്ചും കൊണ്ടാണ്  ഫ്രാൻസിസ് പാപ്പാ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2023, 20:42