ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി: കഠിന ഹൃദയങ്ങളെ ഫ്രാൻസിസ് പാപ്പാ തുറക്കുന്നു

പൊന്തിഫിക്കേറ്റിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ അജപാലന ശൈലിയെക്കുറിച്ച് കാന്റർബറി ആർച്ച് ബിഷപ്പ് തന്റെ ചിന്തകൾ പങ്കുവച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"അദ്ദേഹത്തിൽ ഒരു ആഴമുണ്ട്, അത് റോമൻ കത്തോലിക്കാ സഭയ്ക്ക് മാത്രമല്ല, മുഴുവൻ ക്രൈസ്തവസഭയ്ക്കും അനുഗ്രഹമാണ്," എന്ന് അദ്ദേഹം പാപ്പായെ കുറിച്ച് എഴുതി.

കാന്റർബറി ആർച്ച് ബിഷപ്പിന്റെ വാക്കുകൾ താഴേ ചേർക്കുന്നു.

എന്റെ ശുശ്രൂഷ ആരംഭിച്ച് ഏകദേശം 2-3 മാസങ്ങൾക്ക് ശേഷമാണ് ഫ്രാൻസിസ് പാപ്പയെ ഞാൻ ആദ്യമായി കാണുന്നത്. ഞാൻ വളരെ അസ്വസ്ഥനായിരുന്നു. ഞാൻ ഇതുവരെ ഒരു പാപ്പയെയും നേരിട്ട് കണ്ടിട്ടില്ല. എന്ത് ചിന്തിക്കണമെന്ന് എനിക്കറിയില്ല, അദ്ദേഹം എങ്ങനെയുള്ളവനാണെന്ന് എനിക്കറിയില്ലായിരുന്നു.

ഞങ്ങൾ അകത്തേക്ക് നടന്നു. ഞാൻ അവിടെ ഇരുന്നു. പാപ്പാ പറഞ്ഞു: ഞാൻ നിങ്ങളേക്കാൾ സീനിയറാണ്. അപ്പോൾ ഞാൻ വിചാരിച്ചു " അദ്ദേഹം താൻ വലിയാളാണെന്ന് കാണിക്കുന്ന തരത്തിലെ ഒരാളാകാൻ പോകുന്നു... " എന്ന്. എന്നാൽ പാപ്പാ പറഞ്ഞു: "മൂന്ന് ദിവസത്തിന്!" കാരണം, ഞാൻ സ്ഥാനമേൽക്കുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു പാപ്പായുടെ സ്ഥാനമേൽക്കൽ.

ആ തുടക്കം ഫ്രാൻസിസ് പാപ്പയെക്കുറിച്ചും അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ അനുഭവത്തെക്കുറിച്ചും എനിക്ക് ഒരുപാട് പറഞ്ഞു തന്നു.

സത്യത്തോടു - വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും എന്നാൽ ഓരോ മനുഷ്യനെയും അനന്തമായ മൂല്യമുള്ളവരായി കണക്കാക്കുകയും ചെയ്യുന്ന  അസാധാരണമായ ആഴമുള്ള അദ്ദേഹത്തിന്റെ  മനുഷ്യത്വത്തെക്കുറിച്ചുള്ള എന്റെ അനുഭവങ്ങളും ഏതാനും മിനിറ്റ് മുമ്പ് ഞാൻ അദ്ദേഹത്തോടു സംസാരിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് ഒരുപാട് ആളുകൾ സംസാരിക്കാറുണ്ട്, ഞാനും പറയുന്നുണ്ട്, എന്നാൽ അദ്ദേഹത്തിൽ, അത് ജീവിക്കുന്നതായി ഞാൻ കാണുന്നു.

രണ്ടാമത്തെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ധാർമ്മിക ഭാവനയാണ്. അദ്ദേഹം മറ്റൊരു ലെൻസ് ഉപയോഗിച്ച്  വ്യത്യസ്ഥമായ വിധത്തിൽ പ്രശ്നങ്ങളെ കാണാൻ ശ്രമിക്കുന്നു. ഒരുപക്ഷേ ഇത് ഈശോസഭാ പശ്ചാത്തലത്തിന്റെതായിരിക്കാം, എനിക്കറിയില്ല: ജെസ്യൂട്ടുകളുടെ കാര്യത്തിൽ ഇത് പലപ്പോഴും അങ്ങനെയാണ്. പക്ഷേ അതിന്റെ ഫലം അദ്ദേഹം ഒരു പ്രശ്നത്തെ അതിശയകരമായ കോണിൽ നിന്ന് സമീപിക്കും എന്നതാണ്.

സഭ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളെയും കുറിച്ച് നിങ്ങൾ അദ്ദേഹത്തോടു സംസാരിക്കുന്നു. പാപ്പാ അവയെ മനുഷ്യഹൃദയത്തിൽ കാണുന്നു, എന്നാൽ ഹൃദയത്തിന്റെ കഠിനമായ ഭാഗങ്ങൾ തുറക്കാൻ കഴിയുന്ന സ്നേഹത്തിന്റെ വഴികളും അദ്ദേഹം കണ്ടെത്തുന്നു.

അദ്ദേഹത്തെ കുറിച്ച് ഞാൻ പറയാൻ ആഗ്രഹിക്കുന്ന മൂന്നാമത്തെ കാര്യം, പ്രത്യക്ഷമാകുന്ന ലാളിത്യമാണ്. അത് ഒരു യഥാർത്ഥ ലാളിത്യമാണ്.

ആ മൂന്ന് കാര്യങ്ങൾ: അദ്ദേഹത്തിന്റെ ബുദ്ധിയുടെയും, സ്വഭാവത്തിന്റെയും അസാധാരണമായ ശക്തിയും, ആഴമുള്ള ഹൃദയവും, അദ്ദേഹത്തിന്റെ ലാളിത്യവും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ ചെയ്‌തതുപോലെ, അസാധാരണമായ രീതിയിൽ സഭയ്ക്ക് പുറത്തുള്ളവരിലേക്ക് എത്തിച്ചേരാൻ അദ്ദേഹത്തെ പ്രാപ്തമാക്കി.

അവിടെ ഒരു ആഴമുണ്ട്, അത് റോമൻ കത്തോലിക്കാ സഭയ്ക്ക് മാത്രമല്ല, മുഴുവൻ ക്രൈസ്തവസഭയ്ക്കും അനുഗ്രഹമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2023, 15:33