ഗ്രീസിലെ ട്രെയിനപകടം: പ്രാർത്ഥനകൾ നേർന്ന് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നാൽപ്പതിലധികം പേരുടെ മരണത്തിനും അറുപതോളം ആളുകൾക്ക് പരിക്കുകൾക്കും കാരണമായ ദാരുണമായ ട്രെയിനപകടത്തിന്റെ ഇരകളായവർക്കും, അവരുടെ ബന്ധുമിത്രാതികൾക്കും ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിനാണ് മാർച്ച് 1 ബുധനാഴ്ച, ഫ്രാൻസിസ് പാപ്പായുടെ പേരിലുള്ള സന്ദേശം ഗ്രീസ് മെത്രാൻ സമിതിയുടെ പ്രസിഡന്റും സിറോ മില രൂപതാധ്യക്ഷനുമായ ബിഷപ് പേത്രോസ് സ്തെഫാനുവിന് അയച്ചത്.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കളെ ഫ്രാൻസിസ് പാപ്പാ ദൈവകാരുണ്യത്തിന് സമർപ്പിക്കുന്നുവെന്ന് എഴുതിയ കർദ്ദിനാൾ പരോളിൻ, തങ്ങളുടെ പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ടതിൽ ദുഃഖിതരായിരിക്കുന്നവർക്ക് പാപ്പായുടെ അനുശോചനങ്ങൾ നേർന്നു. അപകടത്തിൽ പരിക്കേറ്റവർക്കും, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പാപ്പായുടെ അനുഗ്രഹങ്ങളും, ദൈവനാമത്തിലുള്ള ഐക്യദാർഢ്യവും അദ്ദേഹം ആശംസിച്ചു.
ഗ്രീസിലെ തെസ്സലി പ്രദേശത്തുള്ള ലാറിസ നഗരത്തിലാണ് ചൊവ്വാഴ്‌ച വൈകിട്ട് ഏതാണ്ട് 350 പേരുണ്ടായിരുന്ന പാസഞ്ചർ ട്രെയിൻ അതേ പാളത്തിലൂടെ സഞ്ചരിച്ചിരുന്ന ഒരു ചരക്കു ട്രെയിനുമായി കൂട്ടിയിടിച്ചത്. പരിക്കുകളേറ്റവരിൽ ആറു പേരുടെ നില ഗുരുതരമായി തുടരുന്നു.
ഗ്രീസ് സർക്കാർ അപകടവുമായി ബന്ധപ്പെട്ട് 3 ദിവസത്തേക്ക് ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും മരണമടഞ്ഞവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച വരെ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ലാറിസ സ്റ്റേഷൻമാസ്റ്റർ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: