ആതിഥ്യമേകുക ആതിഥ്യമര്യാദ പ്രോത്സാഹിപ്പിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
റോം രൂപതയിലെ സാമൂഹ്യസേവനപ്രവർത്തകരുടെ പൊതു കൂട്ടായ്മയായ ഫ്രത്തേർണ ദോമൂസ് സംഘത്തിലെ പ്രവർത്തകരെ വത്തിക്കാനിൽ സ്വീകരിച്ച ഫ്രാൻസിസ് പാപ്പാ, ആതിഥ്യമര്യാദയുടേതായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിൽ അവരെ അനുമോദിക്കുകയും മറ്റുള്ളവരെ സഹോദരങ്ങളെപ്പോലെ കണ്ട് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.
ആതിഥ്യത്തിന്റെ ചെയർ എന്ന പേരിൽ നടത്തിവരുന്ന കോൺഫറൻസിൽ പങ്കെടുക്കുന്ന റോമാ രൂപതയിലെ ഒരു പൊതു സാമൂഹ്യസേവനസംഘമായ ഫ്രത്തേർണ ദോമൂസ് ഗ്രൂപ്പിലെ ആളുകൾക്ക് മാർച്ച് 9 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് സാഹോദര്യത്തിന്റെ മനോഭാവത്തോടെ മറ്റുള്ളവർക്ക് ആതിഥ്യമേകേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചത്.
തന്റെ തന്നെ ചാക്രികലേഖനം ഫ്രത്തെല്ലി തൂത്തിയെ പരാമർശിച്ചുകൊണ്ട് തുറന്ന ഒരു ലോകത്തിനായി ആതിഥ്യത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു. മറ്റുള്ളവരുടെ ശ്രദ്ധ നേടുക എന്നതിനേക്കാൾ, വിവിധ പ്രവർത്തനങ്ങളിലൂടെയും, പരിശീലനയോഗങ്ങളിലൂടെയും മറ്റുള്ളവർക്ക് ആതിഥ്യമേകുന്നതിന്റേതായ ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഈ സാമൂഹ്യസേവനകൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളെ പാപ്പാ അഭിനന്ദിച്ചു. ആതിഥ്യം ഉണ്ടാക്കിയെടുക്കാനായി, ആതിഥ്യത്തെക്കുറിച്ച് ചിന്തിക്കുക എന്നത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ ഇത് ചിന്തയുടെ തലത്തിൽ മാത്രം നിൽക്കാതെ പ്രവർത്തികമായ തലത്തിൽകൂടി വളരേണ്ട ഒന്നാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
ഫ്രത്തെല്ലി തൂത്തിയുടെ മൂന്നാം അധ്യായത്തെ അധികരിച്ച്, ആഗോളതലത്തിലുള്ള ഒരു കൂട്ടായ്മയിലേക്കാണ് നാം വളരേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പടിപടിയായുള്ള തുറക്കലിലേക്കാണ് സ്നേഹം നമ്മെ നയിക്കുന്നത്. ഒരു രാജ്യമെന്ന നിലയിൽ ചിന്തിക്കുന്നതിനേക്കാൾ മാനവികകുടുംബമെന്ന നിലയിൽ ചിന്തിക്കുന്നതാണ് ഒരു രാജ്യത്തിന്റെ യഥാർത്ഥ സവിശേഷത എന്ന് തന്റെ ചാക്രികലേഖനത്തിന്റെ 141-ആം ഖണ്ഡികയെ അടിസ്ഥാനമാക്കി പാപ്പാ പറഞ്ഞു. മറ്റുള്ളവർക്ക് നമുക്കായി എന്ത് നൽകാനാകും എന്നതിനേക്കാൾ അവർ ആരാണ് എന്നതിനെ അടിസ്ഥാനമാക്കി വേണം നാം ആളുകളെ സ്വീകരിക്കാൻ എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അതുകൊണ്ടുതന്നെ ഉപാധികളില്ലാതെ മറ്റുള്ളവരെ സ്വീകരിക്കുക എന്നതിലേക്കാണ് നാം വളരേണ്ടതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: