കണ്ടുമുട്ടലുകളുടെ സംസ്കാരം വളർത്തിയെടുക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
തായ്‌വാനിലെ മാനവികബുദ്ധമതത്തിന്റെയും കത്തോലിക്കാസഭയുടെയും പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെ, ഇരുമതങ്ങളിലെയും ആളുകൾ ചേർന്നുള്ള ഈ കണ്ടുമുട്ടൽ, സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും മനോഭാവവും കണ്ടുമുട്ടലിന്റെ സംസ്കാരവുമാണ് വളർത്തിയെടുക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. തായ്‌വാനിൽ മാനവിക ബുദ്ധമതത്തിന്റെ ഫോ ഗുവാങ് ഷാൻ ആശ്രമസ്ഥാപകനായ മാസ്റ്റർ ഹ്‌സിങ് യൂനിന്റെ മരണശേഷം നടക്കുന്ന ഈ ആദ്യ കൂടിക്കാഴ്ചയിൽ മാസ്റ്റർ യൂൻ ബുദ്ധമതത്തിന് നൽകിയ സംഭാവനകളെ പാപ്പാ അനുസ്മരിക്കുകയും ആതിഥ്യമര്യാദയിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ എടുത്തുപറയുകയും ചെയ്തു.
കൂടിക്കാഴ്ചയുടെ ഒരു സംസ്കാരം പരസ്പരം വളരാനും, മറ്റുള്ളവരിൽനിന്ന് കൂടുതലായി പഠിക്കാനും സഹായിക്കുമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഈയൊരു സംസ്കാരം ആളുകൾ തമ്മിൽ പാലങ്ങൾ നിർമ്മിക്കുകയും, മറ്റുള്ളവരെ ആധ്യാത്മികമായി പ്രചോദിപ്പിക്കുന്ന മൂല്യങ്ങളിലേക്ക് അറിവിന്റെ ജാലകങ്ങൾ തുറക്കുകയും ചെയ്യുമെന്ന് പറഞ്ഞു. അതോടൊപ്പം ആളുകളെ വിഭജിക്കുകയും, മുൻവിധികളുടെയും നിസംഗതയുടെയും തടവറകളിൽ അവരെ കെട്ടിയിടുകയും ചെയ്യുന്ന മതിലുകളെ ഈ സംസ്കാരം തകർക്കുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
മറ്റൊരു മതത്തിന്റെ പുണ്യസ്ഥലത്തേക്കുള്ള ഇത്തരം തീർത്ഥാടനങ്ങൾ, ദൈവികതയോടുള്ള അതിന്റെ സമീപനത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള നമ്മുടെ അറിവ് കൂടുതൽ സമ്പന്നമാകാൻ കാരണമാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വത്തിക്കാനിലും റോമിലും മതവുമായി ബന്ധപ്പെട്ടുള്ള കലാപരമായ സൃഷ്ടികൾ യേശുവിലൂടെ ദൈവം മനുഷ്യകുലത്തോടുള്ള സ്നേഹത്താൽ ലോകത്ത് ഒരു തീർത്ഥാടകനായിത്തീർന്നു എന്ന് മനസിലാക്കാൻ സഹായിക്കും. ക്രൈസ്തവമതത്തെ സംബന്ധിച്ചിടത്തോളം, മനുഷ്യാവതാരം ചെയ്ത ദൈവം നമ്മെ വിശുദ്ധിയുടെ തീർത്ഥാടനത്തിലൂടെ നയിക്കുകയും ദൈവികതയിൽ പങ്കുകാരാകുവാൻ വിളിക്കുകയും ചെയ്യുന്നുവെന്ന് പത്രോസിന്റെ രണ്ടാം ലേഖനത്തെ (2 Pt 1,4) പരാമർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.
റോമിലേക്കുള്ള വിദ്യാഭ്യാസതീർത്ഥാടനം, പരസ്പരമുള്ള കണ്ടുമുട്ടലുകളിലൂടെ, അറിവിലും ജ്ഞാനത്തിലും, സംവാദങ്ങളിലും പരസ്പരം അംഗീകരിക്കുനന്തിലും വളരാനും സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. മാർച്ച് 17 വ്യാഴാഴ്ചയാണ് തായ്‌വാനിൽനിന്നുള്ള ബുദ്ധ, കത്തോലിക്കാ മതങ്ങളുടെ പ്രതിനിധികളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: