ഭൂകമ്പ ബാധിതർക്ക് പാപ്പായുടെ കൈത്താങ്ങ്
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഫെബ്രുവരി 6-ലെ വിനാശകരമായ ഭൂകമ്പത്തിൽ ഏകദേശം 50,000-ത്തിലധികം ആളുകളാണ് പരിക്കേറ്റവരായി തുർക്കിയിൽ മാത്രം ചികിത്സയിൽ കഴിയുന്നത്. ഇവരിൽ പലർക്കും മതിയായ ചികിത്സകൾ ലഭിക്കാത്തതും, മരുന്നുകളുടെ അഭാവവും ജീവഹാനിക്കും, മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു.ഈ അടിയന്തര സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്കൊപ്പം സഹായ സന്നദ്ധതയുമായി കത്തോലിക്കാ സഭയും പ്രവർത്തിക്കുന്നുവെന്നത് എടുത്തു പറയേണ്ടതാണ്.
മാർച്ചുമാസം ഇരുപത്തിയെട്ടാം തീയതി മരുന്നുകളുമായി ആദ്യ വിമാനം ഇസ്താൻബുള്ളിൽ നിലത്തിറക്കി. ഏകദേശം പതിനായിരത്തിനുമുകളിൽ മരുന്നുകളാണ് ആദ്യഘട്ടത്തിൽ തുർക്കി എംബസിയുടെ ശുപാർശകൾ വാങ്ങിയ ശേഷം വത്തിക്കാൻ അയച്ചത്.മരുന്നുകൾക്ക് പുറമെ ടിന്നിലടച്ച ഭക്ഷണങ്ങളായ അരിയും, ഭക്ഷ്യവസ്തുക്കളും, തെർമൽ ടി-ഷർട്ടുകളും, ഡയപ്പറുകളും, മറ്റ് ആവശ്യവസ്തുക്കളുമെല്ലാം അയച്ചുകൊണ്ട് ജനങ്ങളുടെ കൂടെ ആയിരിക്കുവാനും വത്തിക്കാൻ ഉപവി പ്രവർത്തന കാര്യാലയം പാപ്പായുടെ പ്രത്യേക നിർദ്ദേശപ്രകാരം മുന്കൈയെടുക്കുന്നുവെന്നതും എടുത്തു പറയേണ്ടതാണ്.
ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രത്യേക ശുപാർശകൾ പ്രകാരം മാർച്ചുമാസം ഇരുപത്തിയാറാം തീയതി ഇറ്റലിയിലെ പള്ളികളിൽ പ്രത്യേക സ്തോത്രക്കാഴ്ച നടത്തിക്കൊണ്ട്, ഭൂകമ്പബാധിത പ്രദേശങ്ങളിലുള്ളവർക്ക് സഹായങ്ങൾ നൽകുവാൻ എടുത്ത തീരുമാനങ്ങളും ലോകശ്രദ്ധയാകർഷിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: