നന്മപ്രവൃത്തികൾ ക്രിസ്തുവിന്റെ നറുമണം പരത്തുന്നു:പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
വിശുദ്ധ ലൂക്കയുടെ സുവിശേഷം ആറാം അധ്യായം നാല്പത്തിനാലാം തിരുവചനത്തിൽ യേശു ഓർമ്മിപ്പിക്കുന്ന വചനമാണ് നല്ല ഫലത്തിൽനിന്നും വൃക്ഷത്തെ തിരിച്ചറിയുക എന്നത്. ഇത് മാനുഷികജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വചനമാണ്. മതാന്തരസംവാദങ്ങളിൽ പോലും ഈ വചനത്തിന്റെ വ്യാപൃതി ഏറെ വലുതാണ്. കാരണം മനുഷ്യജീവിതത്തെ ഈ പ്രകൃതിയോട് ഉപമിച്ചുകൊണ്ട് ഏതു സാധാരണക്കാരനും മനസിലാകത്തക്കവിധത്തിലാണ് ഈ വചനം യേശു ഉദ്ധരിക്കുന്നത്. മാർച്ചുമാസം പതിനാലാം തീയതി, സമൂഹമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ കുറിച്ച സന്ദേശവും യേശുവിന്റെ ഈ വചനത്തോട് ചേർത്തുവച്ചാണ് കുറിച്ചിരിക്കുന്നത്. നല്ലഫലം കായ്ക്കുന്ന നല്ല വൃക്ഷത്തെ പോലെ, നന്മപ്രവൃത്തികൾ നിറഞ്ഞ ഏതൊരു ജീവിതവും പ്രകാശപൂരിതവും,ലോകത്തിൽ ക്രിസ്തുവിന്റെ നറുമണം വഹിക്കുന്നവരുമാണെന്ന് പാപ്പാ കുറിച്ചു.
പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ഫലങ്ങളിൽനിന്നും വൃക്ഷത്തെ തിരിച്ചറിയുന്നതുപോലെ,സദ്പ്രവൃത്തികൾ നിറഞ്ഞ ജീവിതം പ്രകാശപൂരിതവും, ക്രിസ്തുവിന്റെ നറുമണം ലോകത്തിലേക്ക് വഹിക്കുന്നവരുമാണ്."
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
IT: Come l’albero si riconosce dai frutti, così la vita piena di opere buone è luminosa e porta il profumo di Cristo nel mondo.
EN: Just as we recognize a tree by its fruit, so a life filled with good deeds is enlightening and carries the fragrance of Christ into the world.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: