തിരയുക

പീഡനങ്ങൾക്ക് ഇരകളായവർക്ക് വേണ്ടി പ്രാർത്ഥന ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ

മാർച്ച് മാസത്തിൽ പീഡനങ്ങളുടെ ഇരകൾക്കുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പീഡനങ്ങൾക്ക് വിധേയരായവരോട് ക്ഷമചോദിക്കുക എന്നത് ഒരു ആവശ്യമാണെന്നിരിക്കെ, പീഡിതർക്ക് പ്രാധാന്യം കൊടുക്കുകയെന്നത് അതിലും പ്രധാനപ്പെട്ടതാണെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അവർ അനുഭവിച്ച പീഡനങ്ങൾക്ക് ഉത്തരങ്ങളും അതിനുള്ള മൂർത്തമായ പരിഹാരപ്രവർത്തനങ്ങളും ഉണ്ടാവുകയും, ഇനിയൊരിക്കലും പീഡനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുകയും ചെയ്യമ്പോഴാണ് പീഡിതർ നേരിട്ട വേദനകളും മാനസികദുരിതങ്ങളും സുഖപ്പെടുവാൻ തുടങ്ങുകയെന്ന് പാപ്പാ പറഞ്ഞു.

മാർച്ച് മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശത്തിലൂടെയാണ് പീഡനങ്ങളുടെ ഇരകളായവർക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ആഹ്വാനം ചെയ്തത്. ദുരുപയോഗങ്ങൾക്ക് മുന്നിൽ, പ്രത്യേകിച്ച് സഭാംഗങ്ങളാൽ നേരിടേണ്ടിവന്ന പീഡനങ്ങൾക്ക് മുന്നിൽ മാപ്പ് ചോദിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്ന് പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു.

ഏതു തരത്തിലുള്ളതുമാകട്ടെ, ദുരുപയോഗങ്ങളാകുന്ന ദുരന്തങ്ങൾ മറച്ചുവയ്ക്കാൻ സഭയ്ക്ക് ആകില്ലെന്ന് പരിശുദ്ധപിതാവ് ഓർമ്മിപ്പിച്ചു. കുടുംബങ്ങളിലോ, ക്ളബുകളിലോ, മറ്റു സ്ഥാപനങ്ങളിലോ നടന്ന പീഡനങ്ങളും മറച്ചുവയ്ക്കപ്പെടരുതെന്നും, പീഡന അനുഭവങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നതിലും, അവ പരിഹരിക്കപ്പെടുന്നതിലും സമൂഹത്തിലും കുടുംബങ്ങളിലും സഭയുടേത് ഒരു മാതൃകയായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഇരകളെ കേൾക്കാനും, മനഃശാസ്ത്രപരമായി അവരെ അനുഗമിക്കാനും സംരക്ഷിക്കാനും സുരക്ഷിതമായ ഇടങ്ങൾ നൽകേണ്ടത് സഭയാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സഭാസമൂഹത്തിലെ അംഗങ്ങളിൽ നിന്ന് നേരിടേണ്ടിവന്ന തിന്മകൾ നിമിത്തം കഷ്ടപ്പെടുന്നവർക്കുവേണ്ടിയും, സഭയിൽത്തന്നെ അവരുടെ വേദനകൾക്കും കഷ്ടപ്പാടുകൾക്കും മൂർത്തമായ പ്രത്യുത്തരം കണ്ടെത്താൻ അവർക്ക് സാധിക്കുന്നതിനുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാമെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2023, 16:10