തിരയുക

യൂറോപ്യൻ യൂണിയനിലെ മെത്രാൻസമിതികളുടെ കമ്മീഷൻ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ യൂറോപ്യൻ യൂണിയനിലെ മെത്രാൻസമിതികളുടെ കമ്മീഷൻ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (Vatican Media)

യൂറോപ്പിനെ ഐക്യത്തിലേക്കും സമാധാനത്തിലേക്കും ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ

യൂറോപ്യൻ യൂണിയനിലെ മെത്രാൻസമിതികളുടെ കമ്മീഷനിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച ഫ്രാൻസിസ് പാപ്പാ യൂറോപ്പിന്റെ സ്ഥാപകപിതാക്കന്മാരുടെ ഐക്യ-സമാധാന സ്വപ്നങ്ങളെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യൂറോപ്യൻ യൂണിയനിലെ മെത്രാൻസമിതിയിലെ വിവിധ കമ്മീഷനുകളുടെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെ മാർച്ച് 23 വ്യാഴാഴ്ച വത്തിക്കാനിൽ സ്വീകരിച്ച ഫ്രാൻസിസ് പാപ്പാ യൂറോപ്പിന്റെ സ്ഥാപകപിതാക്കന്മാരുടെ ഐക്യ-സമാധാന സ്വപ്നങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, യൂറോപ്പെന്ന അസ്തിത്വത്തിന് പ്രേരണയേകിയവർ മുന്നോട്ടുവച്ച ഐക്യത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങൾ ധൈര്യപൂർവ്വം ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്തു.

യൂറോപ്പും ഐക്യചിന്തകളും ക്രൈസ്തവമതവും

യൂറോപ്യൻ യൂണിയന്റെ ഉള്ളിൽ ഏകീകൃത്യമായ ഐക്യം എന്നതിനേക്കാൾ ജനതകളുടെയും സംസ്കാരങ്ങളുടെയും പ്രത്യേകതകതകളെയും സവിശേഷതകളെയും മാനിക്കുന്ന ഒരു ഐക്യമായിരിക്കണം വേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സ്ഥാപകപിതാക്കന്മാരിൽ പ്രധാനപ്പെട്ട ഇറ്റലിയിൽനിന്നുള്ള ദേ ഗാസ്പെരി, സ്പിനെല്ലി, ഫ്രാൻസിൽനിന്നുള്ള മൊണെ, ഷൂമാൻ, ജർമ്മനിയിൽ നിന്നുള്ള അഡെനൗവർ, ബെൽജിയത്തിൽനിന്നുള്ള സ്പാക് , ലക്സംബർഗിൽനിന്നുള്ള ബെക്ക് എന്നിവരും വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലും നിന്നുള്ളവരായിരുന്നു എന്ന കാര്യവും പാപ്പാ എടുത്തുപറഞ്ഞു. യൂറോപ്പിന്റെ സമ്പന്നത എന്നത് വിവിധ ചിന്തകളുടെയും ചരിത്രാനുഭവങ്ങളുടെയും കൂടിച്ചേരലാണ്. പോഷകനദികൾ മൂലം നിലനിൽക്കുന്ന ഒരു നദി പോലെയാണ് യൂറോപ്പ്. പോഷകനദികൾ ദുർബലമാകുകയോ തടസപ്പെടുകയോ ചെയ്‌താൽ നദിയെ മുഴുവനും അത് ബാധിക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

നാനാത്വത്തിലുള്ള ഐക്യമാണ് പ്രധാനപ്പെട്ട വെല്ലുവിളിയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഒരുമയാണ് യൂറോപ്പിന്റെ ഭാവി നിർണ്ണയിക്കുക. യൂറോപ്പിന്റെ സ്ഥാപനത്തിന് പിന്നിൽ പ്രവർത്തിച്ച ആളുകളുടെ ഉള്ളിൽ ഉണ്ടായിരുന്ന ക്രൈസ്തവപശ്ചാത്തലവും പാപ്പാ എടുത്തുപറഞ്ഞു. ഇന്നത്തെ ലോകം ഏറെ മാറിയിട്ടുണ്ട് എങ്കിലും വ്യക്തികളാണ് മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നും, അതുകൊണ്ടുതന്നെ യൂറോപ്പിലെ സഭ, സമയത്തിന്റെ അടയാളങ്ങൾ വായിച്ച്, ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ യൂറോപ്പിന്റെ ലക്ഷ്യത്തെ വ്യാഖ്യാനിക്കാൻ വ്യക്തികളെ രൂപീകരിക്കേണ്ടതുണ്ടെന്ന് പാപ്പാ മെത്രാന്മാരെ ഓർമ്മിപ്പിച്ചു.

യൂറോപ്പും സമാധാനവും

ഇന്നത്തെ യൂറോപ്പിൽ സമാധാനത്തിനായുള്ള അതിന്റെ സ്ഥാപകലക്ഷ്യത്താൽ പ്രേരിതരായ ആളുകളെയാണ് ആവശ്യമുള്ളതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ സമാധാനത്തിന്റെ നാളുകൾ ഉണ്ടായിരുന്നു എങ്കിലും ലോകത്ത് വിവിധയിടങ്ങളിൽ യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പറയാൻ സാധിക്കുന്നതുപോലെ, യൂറോപ്പിന്റെ സമാധാനത്തെ പിടിച്ചുകുലുക്കിയ ഒരു യുദ്ധമാണ് ഉക്രൈനിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് പാപ്പാ അപലപിച്ചു. യൂറോപ്പിലെ ജനങ്ങൾ ഉക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അഭയാർത്ഥികളെ സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം സമാധാനത്തിനായുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

യൂറോപ്യൻ രാജ്യങ്ങൾ വിവിധ കൂട്ടുകെട്ടലുകളിലും പദ്ധതികളിലും ഉൾപ്പെട്ടിരിക്കാം എങ്കിലും, യുദ്ധം പ്രശ്നങ്ങൾക്കുള്ള പരിഹാരമാണെന്ന് ഒരിക്കലും ചിന്തിക്കാനാവില്ല. യൂറോപ്യൻ രാജ്യങ്ങൾ ഈയൊരു ചിന്തയിൽനിന്ന് അകന്നിട്ടുണ്ടെങ്കിൽ അവർ തങ്ങളുടെ ആദ്യകാലസ്വപ്നത്തിൽനിന്നാണ് അകന്നുമറിയിട്ടുള്ളത്. എന്നാൽ സമാധാനത്തിനും ഐക്യത്തിനുമായുള്ള ആദ്യകാല ആഗ്രഹത്തിൽ അവർ നിലനിൽക്കുന്നുണ്ടെങ്കിൽ അത് പ്രാവർത്തികമാക്കാൻ അവർ ശ്രമിക്കേണ്ടതുണ്ട്. യുദ്ധം രാഷ്ട്രീയത്തിന്റെയും മാനവികതയുടെയും പരാജയമാണ്.

വിവിധ യൂറോപ്യൻ രാജ്യങ്ങൾ തമ്മിലുള്ള ഒരു പാലമായി വർത്തിക്കുന്ന യൂറോപ്യൻ യൂണിയനിലെ മെത്രാൻ സമിതിക്ക് ഇക്കാര്യത്തിൽ തങ്ങളുടേതായ സംഭാവന നല്കാനാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ബന്ധങ്ങളും കൂടിക്കാഴ്ചകളും സംവാദങ്ങളും സാധ്യമാക്കാനുള്ള നിയോഗം ഈ മെത്രാൻ സമിതിക്കുണ്ട്. ദീർഘവീക്ഷണത്തോടെയും പ്രഭാവത്തോടെയും സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടരണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2023, 15:21