കർദിനാൾ കാൾ-ജോസഫ് റൗബറിനെ ഓർത്ത് ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
നിരവധിവർഷങ്ങൾ വത്തിക്കാൻ നയതന്ത്രകാര്യാലയത്തിൽ നുൺഷ്യോ ആയി സേവനമനുഷ്ഠിച്ച ജർമ്മൻ കർദിനാൾ കാൾ-ജോസഫ് റൗബറിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തുകയും, പ്രാർത്ഥനകൾ അറിയിക്കുകയും ചെയ്തു കൊണ്ട് മൈൻസ് രൂപതാ മെത്രാൻ മോൺ.പീറ്റർ കോൾഗ്രാഫിന് ടെലിഗ്രാം സന്ദേശമയച്ചു. 1934 ഏപ്രിൽ പതിനൊന്നാം തീയതി ജനിച്ച കർദിനാൾ കാൾ-ജോസഫ്, നിരവധി രാജ്യങ്ങളിൽ നുൺഷ്യോ ആയി സേവനം ചെയ്തശേഷം, 2015 ഫെബ്രുവരി പതിനാലാം തീയതി കർദിനാൾ നിലയിലേക്ക് ഫ്രാൻസിസ് പാപ്പായാൽ ഉയർത്തപ്പെട്ടു.88 വയസുകാരനായ കർദിനാൾ മാർച്ച് ഇരുപത്തിയാറാം തീയതിയാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.
ഫ്രാൻസിസ് പാപ്പായുടെ ടെലിഗ്രാം സന്ദേശം ചുവടെ നൽകുന്നു:
കർത്താവായ ദൈവം തന്റെ ദാസനായ കർദിനാൾ കാൾ-ജോസഫ് റൗബറിനെ ഈ ലോകത്തിൽ നിന്ന് നിത്യതയിലേക്ക് വിളിച്ചിരിക്കുന്നു എന്ന വാർത്ത വ്യസനപൂർവം ഞാൻ ഉൾക്കൊള്ളുന്നു. അദ്ദേഹത്തിന്റെ പൗരോഹിത്യവും മെത്രാൻ ജീവിതവും പ്രത്യേകമായി അടയാളപ്പെടുത്തിയത് വിശുദ്ധ പത്രോസിന്റെ പിൻഗാമിക്ക് നൽകിയ വലിയ സേവനമാണ്, "ശാശ്വതവും ദൃശ്യപരവുമായ തത്വവും ഐക്യത്തിന്റെ അടിത്തറയും" (ജനതകളുടെ പ്രകാശം, 23). അങ്ങനെ റോമൻ കൂരിയയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അപ്പോസ്തോലിക് നൂൺഷ്യോ എന്ന രീതിയിൽ ദൈവജനങ്ങളുടെ ഐക്യത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
സഭയുടെ ഒരു യഥാർത്ഥ ഇടയൻ എന്ന നിലയിൽ, ഓരോ പ്രവൃത്തിയിലും അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹത്താൽ നിറഞ്ഞിരുന്നു, അത് തനിക്കുവേണ്ടി മാത്രം സൂക്ഷിക്കാതെ, മറ്റുള്ളവരിലേക്ക് കൈമാറാൻ അദ്ദേഹം എപ്പോഴും പരിശ്രമിച്ചിരുന്നു. രക്ഷകന്റെ കാരുണ്യ സ്നേഹത്തെ അദ്ദേഹം ഇനി എന്നേക്കും വാഴ്ത്തട്ടെ. പ്രാർത്ഥനയിലും ദിവ്യബലിയിലും നമ്മിൽ നിന്നും വേർപിരിഞ്ഞ കർദ്ദിനാളിനെ അനുസ്മരിക്കുന്ന എല്ലാവർക്കും എന്റെ ശ്ലൈഹികാശീർവാദം നൽകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: