തിരയുക

മലേഷ്യയുടെ തീരത്തുള്ള ഒരു മത്സ്യക്കൂട്ടത്തിന്റെ ഫയൽ ഫോട്ടോ. മലേഷ്യയുടെ തീരത്തുള്ള ഒരു മത്സ്യക്കൂട്ടത്തിന്റെ ഫയൽ ഫോട്ടോ. 

പാപ്പാ : "സമുദ്രങ്ങൾ" എല്ലാ തലമുറകൾക്കുമായി ദൈവം നൽകിയ സമ്മാനമാണ്

പനാമയിൽ നടന്ന എട്ടാമത് "നമ്മുടെ സമുദ്ര സമ്മേളന"ത്തിന് (Our Ocean Conference) അയച്ച സന്ദേശത്തിൽ ഭാവിതലമുറയുടെ പ്രയോജനത്തിനായി സമുദ്രത്തെ സംരക്ഷിക്കാൻ ലോകമെമ്പാടുമുള്ള സർക്കാരുകളോടു ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

നമ്മുടെ സമുദ്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നമ്മുടെ പ്രവർത്തനങ്ങളുടെയും നയങ്ങളുടെയും അടിസ്ഥാനം എന്ന നിലയിൽ അറിവിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി "നമ്മുടെ സമുദ്രം, നമ്മുടെ ബന്ധം" എന്ന പ്രമേയത്തിൽ അടുത്തിടെ നടത്തിയ എട്ടാമത് Our Ocean Conferene ന് പനാമ ആതിഥേയത്വം വഹിച്ചു.

ഈ സമ്മേളനം പനാമയിൽ  നടന്ന സമയത്തു തന്നെയാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ വിവിധ രാഷ്ട്രങ്ങളുടെ സർക്കാരുകൾ ചർച്ചകൾ നടത്തി ദേശീയ അധികാരപരിധിക്കപ്പുറത്തുള്ള സമുദ്ര പ്രദേശങ്ങളുടെ സംരക്ഷണ ശ്രമങ്ങൾ ക്രോഡീകരിക്കുന്നതിനുള്ള ഒരു പുതിയ "ഹൈ സീസ് ഉടമ്പടി" അംഗീകരിച്ചത്.

മാർച്ച് 2,3 തീയതികളിൽ പനാമയിൽ നടന്ന Our Ocean Conference ൽ പങ്കെടുത്തവർക്ക് ഫ്രാൻസിസ് പാപ്പാ അയച്ച സന്ദേശം  തിങ്കളാഴ്ച പുറത്തിറക്കുകയും വത്തിക്കാൻ  സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ഒപ്പുവയ്ക്കുകയും ചെയ്തു.

എല്ലാ മനുഷ്യർക്കുമായി  സ്രഷ്ടാവിൽ നിന്നുള്ള സമ്മാനം

"നമ്മുടെ" സമുദ്രം എന്ന് പറയുമ്പോൾ നമുക്കുണ്ടാവേണ്ട "വിനയം, കൃതജ്ഞത, വിസ്മയം" എന്നിവയുടെ പ്രാധാന്യം പാപ്പാ തന്റെ സന്ദേശത്തിൽ ഉയർത്തിക്കാട്ടി.

"ധ്യാനത്തിൽ നിന്നും പഠനത്തിൽ നിന്നും തുടങ്ങി, സമുദ്രങ്ങളുടെ സങ്കീർണ്ണവും അതിശയകരവുമായ സംവിധാനങ്ങളെയും സന്തുലിതാവസ്ഥയെയും കുറിച്ചുള്ള നമ്മുടെ ധാരണ തീരദേശ സമൂഹങ്ങൾക്ക് മാത്രമല്ല, എല്ലാവർക്കും അവ വഹിക്കുന്ന പങ്കിനെ വിലമതിക്കാൻ ഇടവരുത്തുന്നു." എന്ന് പാപ്പാ പറഞ്ഞു.

എല്ലാ ആളുകളും സമുദ്രങ്ങളെ ആശ്രയിക്കുന്നുണ്ടെന്നും മനുഷ്യരാശിയുടെ "പൊതു പൈതൃകമായി" അവയെ കണക്കാക്കുന്നത് ശരിയാണെന്നും പാപ്പാ അഭിപ്രായപ്പെട്ടു.

"സ്രഷ്ടാവിൽ നിന്നുള്ള ഒരു ദാനനമായി" സമുദ്രങ്ങൾ നമുക്ക് നൽകപ്പെട്ടതാണെന്നും അതിനാൽ ഭാവി തലമുറകൾക്ക് കൈമാറുന്നതിന് അവ ന്യായമായും ആദരവോടെയും ഉപയോഗിക്കാൻ നാം പ്രവർത്തിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സമുദ്രത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു

''ലൗദാത്തോ സി" എന്ന തന്റെ ചാക്രീക ലേഖനത്തിനനുസൃതമായി "പരിസ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട്" സ്വീകരിക്കാൻ ഫ്രാൻസിസ് പാപ്പാ സമ്മേളനത്തിൽ പങ്കെടുത്ത രാഷ്ട്രീയക്കാരോടും ബിസിനസ്സ് നേതാക്കളോടും അഭ്യർത്ഥിച്ചു.

മലിനീകരണം, അമ്ലവൽക്കരണം അനധികൃത മത്സ്യബന്ധനം,  അതുപോലെ കടലിന്റെ അടുത്തട്ടിനെ കുഴിച്ചെടുക്കുന്ന നവീന വ്യവസായങ്ങൾ തുടങ്ങി നിരവധി ഭീഷണികൾ സമുദ്രങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

കടൽയാത്രയിൽ  സംഭവിക്കുന്ന നിരവധി കുടിയേറ്റ ദുരന്തങ്ങളെയും നാവികരോടുള്ള പരുക്കൻ പെരുമാറ്റത്തെയും കുറിച്ച് സംസാരിച്ച പാപ്പാ  ഇവയ്ക്കുത്തരമായി സമുദ്രങ്ങൾ ഉൾക്കൊള്ളുന്ന "സമൂഹങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധവും പരസ്പരാശ്രിതത്വവും" അംഗീകരിക്കാൻ സർക്കാരുകളോടു ആവശ്യപ്പെട്ടു.

"നമ്മൾ ഒരു കുടുംബമാണ്,   അന്യാധീനപ്പെടുത്താനാവാത്ത ഒരേ മാനുഷിക അന്തസ്സ് നാം പങ്കിടുകയും, നാം പരിപാലിക്കാൻ വിളിക്കപ്പെട്ട ഒരേ പൊതു ഭവനത്തിൽ വസിക്കുകയും ചെയ്യുന്നു." എന്ന് പാപ്പാ വ്യക്തമാക്കി.

പ്രത്യാശയിലേക്ക് മൂന്ന് ദിശകൾ

സമുദ്രങ്ങളുമായുള്ള മാനവരാശിയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് പാപ്പാ മൂന്ന് നിർദ്ദേശങ്ങൾ നൽകി.

ഒന്നാമതായി, ദരിദ്രരുടെയും ഭൂമിയുടെയും നിലവിളി നാം കേൾക്കേണ്ടതുണ്ട്, അതിനാൽ "മാലിന്യത്തെയും സുസ്ഥിരമല്ലാത്ത ഉപഭോഗ മാതൃകകളെയും അടിസ്ഥാനമാക്കിയുള്ള വളർച്ചാ തന്ത്രങ്ങൾ അടിയന്തിരമായി പുനരവലോകനം ചെയ്യണം."

രണ്ടാമതായി, "സമുദ്ര, തീരദേശ, നദീ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും" മനുഷ്യരാശി ഒന്നിക്കണം.

മൂന്നാമതായി, സമുദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സർക്കാരുകൾ ഫലപ്രദമായ "ഭരണ സംവിധാനങ്ങൾ" സൃഷ്ടിക്കേണ്ടതുണ്ടെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. "ഈ ദിശകളിലൂടെയുള്ള  പ്രവർത്തനം വഴി എല്ലായ്പ്പോഴും പ്രത്യാശയുണ്ടാകും," എന്നാശംസിച്ചു കൊണ്ടാണ്  പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 March 2023, 14:41