ജെറുസലേം സമാധാനത്തിന്റെ നഗരം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മാർച്ച് 9 വ്യാഴാഴ്ച, മതാന്തരസംവാദങ്ങൾക്കു വേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയും മതാന്തരസംവാദങ്ങൾക്കുവേണ്ടിയുള്ള പലസ്‌തീനായുടെ കമ്മീഷനും ചേർന്ന് നടത്തിയ സംവാദങ്ങളുടെ ഭാഗമായി വത്തിക്കാനിലെത്തിയ ആളുകളെ സ്വീകരിച്ച പാപ്പാ, ജെറുസലേമിന്റെ ആദ്ധ്യാത്മികമായ പ്രാധാന്യം എടുത്തുപറഞ്ഞു. ജെറുസലേം "മനുഷ്യരാശിയുടെ ഒരു പൊതു പൈതൃകമായും എല്ലാറ്റിനുമുപരിയായി മൂന്ന് ഏകദൈവ മതങ്ങളിലെ വിശ്വാസികൾക്കും, സമാധാനപരമായ സഹവർത്തിത്വത്തിന്റെ ഒരു സംഗമ സ്ഥലമായും പ്രതീകമായും" കണക്കാക്കപ്പെടണമെന്ന് 2019-ൽ മാറോക്കോയിലെ രാജവിനൊപ്പം നടത്തിയ പ്രഖ്യാപനം ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചു.
സുവിശേഷങ്ങളിൽ രേഖപ്പെടുത്തുന്നതുപോലെ, യേശുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിരവധി സംഭവങ്ങൾ അരങ്ങേറുന്ന നഗരമാണ് ജെറുസലേം എന്നത് പാപ്പാ അനുസ്മരിച്ചു. ഏറ്റവുമുപരിയായി യേശുവിന്റെ ജീവിതോദ്ദേശത്തിന്റെ പ്രധാനഭാഗവും ക്രൈസ്തവവിശ്വാസത്തിന്റെ കേന്ദ്രവുമായ യേശുവിന്റെ മരണവും പുനരുദ്ധാനവും നടക്കുന്നതും ഇതേ നഗരത്തിലാണ്. പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെമേൽ ഇറങ്ങിവരുന്നതോടെ സഭയുടെ ആരംഭം കുറിക്കുന്നതും ഇതേ നഗരത്തിലാണ്.
എന്നാൽ ജെറുസലേമിന്, സമാധാനത്തിന്റെ നഗരമെന്ന അർത്ഥത്തിൽ, ആഗോളതലത്തിലും പ്രാധാന്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യേശുവിന്റെ പീഡാനുഭവങ്ങൾക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ്, ജെറുസലേമിനെ നോക്കി യേശു വിലപിച്ച സംഭവത്തെ പരാമർശിച്ചുകൊണ്ട്, പിന്നീടങ്ങോട്ട് യഹൂദരും, ക്രൈസ്തവരും, ഇസ്ലാം മതവിശ്വാസികളുമായ എത്രമാത്രം മനുഷ്യർ, ഈ നഗരത്തെയോർത്ത് വിലപിക്കുന്നുണ്ടന്ന് പാപ്പാ ചോദിച്ചു. തന്റെ മക്കൾ അനുഭവിക്കുന്ന അതിക്രമങ്ങൾ മൂലം സമാധാനം കണ്ടെത്താനാകാത്ത ഒരു മാതൃഹൃദയമാണ് ജെറുസലേമിന് ഇന്നുള്ളതെന്ന് പാപ്പാ പറഞ്ഞു.
മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങളെയും കൂട്ടുകെട്ടുകളെയുംകാൾ ജെറുസലേമിനുവേണ്ടിയുള്ള അനുകമ്പ നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടാകണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഏവരുടെയും ബഹുമാനവും ആദരവും അർഹിക്കുന്ന ഒരു അമ്മയ്ക്കുള്ള തരത്തിൽ ജെറുസലേം സ്നേഹിക്കപ്പെടണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
മതാന്തരസംവാദത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ഷെയ്ക്ക് മുഹ്‍മൂദ് അൽ-ഹബ്ബാഷിനൊപ്പം ഈ സംവാദകൂട്ടായ്മയ്ക്ക് ജന്മം നൽകിയ കർദിനാൾ ഷാൻ-ലൂയി തൊറാനെയും പാപ്പാ തന്റെ പ്രഭാഷണത്തിൽ പ്രത്യേകമായി അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: