തിരയുക

മാർച്ച് 22-ന് നടന്ന പൊതു കൂടിക്കാഴ്ച്ചവേളയിൽ ഫ്രാൻസിസ് പാപ്പാ മാർച്ച് 22-ന് നടന്ന പൊതു കൂടിക്കാഴ്ച്ചവേളയിൽ ഫ്രാൻസിസ് പാപ്പാ  (Vatican Media)

ജലം അമൂല്യമായ ദൈവസൃഷ്ടി: ഫ്രാൻസിസ് പാപ്പാ

ജലലഭ്യതയെ സംബന്ധിച്ചു ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തെ ഉദ്ധരിച്ച് ഫ്രാൻസിസ് പാപ്പാ മാർച്ചുമാസം ഇരുപത്തിരണ്ടാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാർച്ചുമാസം ഇരുപത്തിരണ്ടാം തീയതി ആഗോളജലദിനമായി ആഘോഷിക്കപ്പെടുന്നു. 1993 മുതൽ ഓരോ വർഷവും ആഘോഷിക്കപ്പെടുന്ന ഈ ദിനം ജലത്തിന്റെ അമൂല്യത ജനത്തെ ബോധ്യപ്പെടുത്തുവാനും, ജലദൗർലഭ്യം മൂലം വിഷമമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും പ്രത്യേകമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. ഈ ദിവസങ്ങളിൽ ഐക്യരാഷ്ട്ര സഭയും ന്യൂയോർക്കിൽ ജലലഭ്യതയെകുറിച്ചുള്ള ആലോചനാസമിതിയും കൂടുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു.

എപ്പോഴും പ്രകൃതിയെയും, പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കണമെന്ന് തന്റെ സന്ദേശങ്ങളിലും എഴുത്തുകളിലും പരാമർശിക്കുന്ന ഫ്രാൻസിസ് പാപ്പായും ഈ ദിനത്തിൽ ജലമെന്ന അമൂല്യസമ്പത്തിനെ പറ്റി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് തന്റെ പൊതുകൂടിക്കാഴ്ചാവേളയിൽ എടുത്തു പറഞ്ഞു.

ഉപയോഗപ്രദവും എളിമയുള്ളതും വിലയേറിയതും പവിത്രവുമായ സഹോദരി എന്ന് ജലത്തെ വിശേഷിപ്പിച്ചുകൊണ്ട് ദൈവത്തെ സ്തുതിക്കുന്ന ഫ്രാൻസിസ് അസീസിയുടെ വാക്കുകൾ ദൈവസൃഷ്‌ടിയുടെ മനോഹാരിത വിളിച്ചോതുന്നതും, അതിനെ പരിപാലിക്കേണ്ടതിന്റെ വെല്ലുവിളികൾ നമ്മെ ഓർമ്മിപ്പിക്കുന്നതുമാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. അതിനാൽ ഐക്യരാഷ്ട്രസഭയുടെ ആലോചനാസമിതിയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ നന്മകൾ പുറപ്പെടുവിക്കട്ടെയെന്നും, ജലക്ഷാമം രൂക്ഷമായ ഇടങ്ങളിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടട്ടെയെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

തുടർന്ന് യുദ്ധത്തിന്റെ പേരിലും, ദുരുപയോഗങ്ങളാലും ജലം നഷ്ടപ്പെടുത്തുന്നതിനെ നിശിതമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.ജലം നമ്മുടെ നന്മയ്ക്കും, വരുംതലമുറയുടെ സുസ്ഥിരതയ്ക്കും വേണ്ടി  പരിപാലിക്കേണ്ടതിന്റെ ആവശ്യകതയും  പാപ്പാ എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 March 2023, 12:13