തിരയുക

സമർപ്പണത്തിന്റെ മംഗളവാർത്താതിരുനാൾ സമർപ്പണത്തിന്റെ മംഗളവാർത്താതിരുനാൾ  (Copyright Paolo Gallo)

പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

മാർച്ചുമാസം ഇരുപത്തിയഞ്ചാം തീയതി സഭ മംഗളവാർത്താതിരുനാൾ ആഘോഷിക്കുന്നു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാനും, സമാധാനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ മാർച്ചുമാസം ഇരുപത്തിരണ്ടാം തീയതി നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. ഉക്രൈൻ - റഷ്യ യുദ്ധം തുടങ്ങിയ കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിയഞ്ചാം തീയതി, ലോകത്തിലെ മെത്രാന്മാരോടൊന്നുചേർന്നുകൊണ്ട്  സഭയെയും മനുഷ്യസമൂഹത്തെയും പ്രത്യേകമായി ഉക്രൈൻ - റഷ്യ രാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന്  പ്രതിഷ്ഠിച്ചതും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

ഇന്നും യുദ്ധത്തിന്റെ ദൈന്യതകൾ പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും സമാധാനത്തിനു വേണ്ടി, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയത്തോട് വിശ്രമവും, മടുപ്പും കൂടാതെ അപേക്ഷകൾ സമർപ്പിക്കുവാൻ നമുക്ക് സാധിക്കണമെന്ന് പാപ്പാ എടുത്തു പറഞ്ഞു. ഈ വർഷവും മാർച്ചു ഇരുപത്തിയഞ്ചിന് വീണ്ടും വിമലഹൃദയത്തിന് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുവാനും, അതുവഴി സമാധാനവും ഐക്യവും വീണ്ടെടുക്കുവാനും പാപ്പാ ആഗോളതലത്തിൽ, വിശ്വാസികളെയും, സമൂഹങ്ങളെയും ക്ഷണിച്ചു.

അവസാനമായി ഒരിക്കൽക്കൂടി ഉക്രൈൻ ജനതയനുഭവിക്കുന്ന ദുരിതങ്ങളും, ബുദ്ധിമുട്ടുകളും എടുത്തുപറഞ്ഞ പാപ്പാ ഒരിക്കലും അവരെ മറക്കരുതേയെന്നും, അവർക്കു വേണ്ടി പ്രാർത്ഥിക്കണമേയെന്നും കൂടിയിരുന്നവരെ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 March 2023, 12:06