സമർപ്പിതർ ദൈവജനത്തിന്റെ ശുശ്രൂഷയ്ക്കുള്ളവർ: പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
മാർച്ചുമാസം പതിനഞ്ചാം തീയതി വത്തിക്കാനിലെ വിശുദ്ധപത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിലെ സന്ദേശത്തിന്റെ അവസാനം കിയെവിലെ പെചെർസ്ക-ലാവ്ര ഗുഹാ ആശ്രമത്തിൽനിന്നും മോസ്കോ പാത്രിയാർക്കേറ്റുമായി ബന്ധമുള്ള ഉക്രേനിയൻ ഓർത്തഡോക്സ് സഭയിലെ സന്യാസിമാരെ പുറത്താക്കിയ നടപടിയെ അപലപിക്കുകയും അവരോടുള്ള സമീപനത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഉക്രൈനിലെ പെച്ചെർസ്ക-ലാവ്ര ഗുഹകളിൽ താമസിക്കുന്ന മോസ്കോ പാത്രിയാർക്കേറ്റുമായി ബന്ധമുള്ള ഉക്രേനിയൻ ഓർത്തഡോക്സ് സഭയിലെ സന്യാസിമാരെ പുറത്താക്കാനുള്ള ഉക്രേനിയൻ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം റഷ്യൻ മോസ്കോ പാത്രിയാർക്കീസ് കിരിൽ ഫ്രാൻസിസ് പാപ്പയെ ബന്ധപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊതുവായ ഒരു അപേക്ഷയായി ഫ്രാൻസിസ് പാപ്പാ ഇക്കാര്യം എടുത്തുപറഞ്ഞത്.
"കിയെവ് ലാവ്രയിലെ ഓർത്തഡോക്സ് കന്യാസ്ത്രീകളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു: മതപരമായ സ്ഥലങ്ങളെ ബഹുമാനിക്കാൻ ഞാൻ യുദ്ധം ചെയ്യുന്ന കക്ഷികളോട് ആവശ്യപ്പെടുന്നു. സമർപ്പിതരായ കന്യാസ്ത്രീകൾ, പ്രാർത്ഥനയ്ക്കായി സമർപ്പിക്കപ്പെട്ട ആളുകൾ - അവർ ഏത് വിഭാഗത്തിൽപ്പെട്ടവരായാലും - ദൈവജനത്തിന്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് അവർ നിയോഗിക്കപ്പെട്ടിരിക്കുന്നത്."
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: