നാഷ്‌വിൽ വെടിവയ്പ്പിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
മാർച്ചുമാസം ഇരുപത്തിയേഴാം തീയതി അമേരിക്കയിലെ നാഷ്‌വിൽ കോൺവെന്റ് സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ മൂന്നു കുട്ടികളും, മൂന്നു മുതിർന്നവരും കൊല്ലപ്പെട്ടു. ദാരുണമായ ഈ സംഭവത്തിൽ ഫ്രാൻസിസ് പാപ്പായുടെ അനുശോചനങ്ങളും, പ്രാർത്ഥനയും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി നാഷ്‌വിൽ രൂപതാ മെത്രാൻ ജോസഫ് മാർക്ക് സ്പാൽഡിങ്ങിന് ടെലിഗ്രാം സന്ദേശമയച്ചു.ടെലിഗ്രാം സന്ദേശം ഇപ്രകാരമായിരുന്നു:
"നാഷ്‌വില്ലിലെ കോൺവെന്റ് സ്‌കൂളിൽ അടുത്തിടെ നടന്ന വെടിവയ്പ്പിനെക്കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്, ഫ്രാൻസിസ് പാപ്പായുടെ അനുശോചനങ്ങളും, പ്രാർത്ഥനകളും ഈ ക്രൂരമായ ഹിംസയിൽ ജീവൻ നഷ്ടമായ എല്ലാവരെയും അറിയിക്കട്ടെ. മരിച്ച കുട്ടികളുടെയും മുതിർന്നവരുടെയും ദുഃഖത്തിൽ അദ്ദേഹം മുഴുവൻ സമൂഹത്തോടൊപ്പം ചേരുകയും കർത്താവായ യേശുവിന്റെ സ്നേഹനിർഭരമായ ആലിംഗനത്തിന് അവരെ ഭരമേല്പിക്കുകയും ചെയ്യുന്നു. അതുപോലെ, ദുഃഖിക്കുന്ന കുടുംബങ്ങളുടെമേൽ പരിശുദ്ധാത്മാവിന്റെ ആശ്വാസവും ശക്തിയും അഭ്യർത്ഥിക്കുകയും, ഉത്ഥിതനായ ക്രിസ്തുവിന്മേലുള്ള തങ്ങളുടെ വിശ്വാസത്തിൽ ദൃഢീകരിക്കപ്പെടണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു."
നാഷ്‌വില്ലെയിൽ നിന്നുള്ള 28 കാരനായ ഓഡ്രി ഹെയ്ൽ ആണ് വെടിവെച്ചത് എന്ന് പോലീസ് തിരിച്ചറിഞ്ഞു , ആക്രമിക്കാനുള്ള പദ്ധതിയുമായി രണ്ടുതരത്തിലുള്ള ആയുധങ്ങളും, ഒരു കൈത്തോക്കും അക്രമി കൈയിൽ കരുതിയിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: