ബിഷപ് ഡേവിഡ് ഒ'കോണലിന്റെ കൊലപാതകത്തിൽ അനുശോചനാമറിയിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ലോസ് ആഞ്ചെലെസ് അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ഡേവിഡ് ഓ'കോണലിന്റെ അകാലവും ദാരുണവുമായ മരണത്തിൽ പരിശുദ്ധ പിതാവ് ദുഃഖിതനാണെന്ന് കർദ്ദിനാൾ പിയെത്രോ പരോളിൻ എഴുതി. ലോസ് ആഞ്ചലസിൽ പൗരോഹിത്യകാലത്തും മെത്രാനായിരുന്ന സമയത്തും അദ്ദേഹം നൽകിയ സേവനങ്ങളെയോർത്ത് ദൈവത്തിന് നന്ദി പറയുന്നതിൽ അതിരൂപതയിലെ ഏവരോടും പാപ്പായും ചേരുന്നുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. മാർച്ച് ഒന്ന് ബുധനാഴ്ചയാണ് കർദ്ദിനാൾ പരോളിൻ ലോസ് ആഞ്ചെലെസ് ആർച്ച്ബിഷപ് ഹോസെ ഗോമസിന് പാപ്പായുടെ പേരിലുളള സന്ദേശം അയച്ചത്.
പാവപ്പെട്ടവർക്കും, കുടിയേറ്റക്കാർക്കും, ദരിദ്രർക്കും അദ്ദേഹം നൽകിയ പ്രത്യേക പരിഗണനയും അവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളും പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു.പ്രാദേശികസമൂഹങ്ങൾക്കിടയിൽ ഐക്യവും സമാധാനവും സഹകരണവും വളർത്തുനനത്തിനും അദ്ദേഹം പരിശ്രമിച്ചിരുന്നു.
നിര്യാതനായ ബിഷപ് ഓ'കോണലിന്റെ ആത്മാവിനെ ദൈവത്തിന്റെ കരുണയ്ക്കായി സമർപ്പിച്ച പാപ്പാ, അതിക്രമങ്ങളെയും, തിന്മയെയും ഉപേക്ഷിക്കുവാനും, നന്മകൊണ്ട് അവയെ അതിജീവിക്കുവാനും ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖിതരായിരിക്കുന്നവർക്കും, പുനരുത്ഥാനത്തിലുള്ള വിശ്വാസത്തോടെ മൃതസംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കും, പാപ്പാ തന്റെ ആശീർവാദവും ദൈവത്തിലുള്ള ആശ്വാസവും നേർന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബിഷപ് ഓ'കോണലിന്റെ വീട്ടിൽ സേവനം ചെയ്തിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 69 കാരനായ ബിഷപ് ഓ'കോണലിനെ നെഞ്ചിൽ വെടിയേറ്റ് മരിച്ച നിലയിൽ ഫെബ്രുവരി പതിനെട്ടിന് സ്വഭവനത്തിൽ പോലീസ് കണ്ടെത്തുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: