ജനിക്കാനാകാഞ്ഞവരുടെ സ്വരമായി ദേവാലയമണി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ആഫ്രിക്കയിലെ സാംബിയ രാജ്യത്തിന് "ജീവിതത്തിന് സ്വാഗതമേകുക" എന്ന സംഘടന സംഭാവന നൽകിയ "ജനിക്കാനാകാഞ്ഞവരുടെ സ്വരം" എന്ന് പേരിട്ട ദേവാലയമണി ഫ്രാൻസിസ് പാപ്പാ ആശീർവദിച്ചു. ജീവനെ മാനിക്കാനുള്ള ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സംരംഭം നടന്നത്.
സാംബിയയുടെ താലസ്ഥാനമായ ലുസാക്കാ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് അലിക്ക് ബാന്താ, ബോദ്ഗാൻ റൊമാനിയൂക് എന്ന പ്രസ്ഥാനത്തിന്റെ ഉപാധ്യക്ഷൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മാർച്ച് 22 ബുധനാഴ്ച പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി ഫ്രാൻസിസ് പാപ്പാ ആശീർവദിച്ച ഈ ദേവാലയമണി ലുസാക്കയിലെ ഉണ്ണീശോ കത്തീഡ്രലിലേക്കും പിന്നീട് സാംബിയയിലെ വിവിധ നഗരങ്ങളിലേക്കും കൊണ്ടുപോകും.
മാർച്ച് 22 ബുധനാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചാ വേളയിൽ പോളണ്ടിൽനിന്നുള്ള ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ, മാർച്ച് 25 ശനിയാഴ്ച ആഘോഷിക്കപ്പെടുന്ന "മംഗളവാർത്തയുടെ തിരുനാളിനെ" അനുസ്മരിക്കുകയും അന്നേ ദിവസം പോളണ്ടിൽ ആഘോഷിക്കപ്പെടുന്ന "ജീവിതത്തിന്റെ വിശുദ്ധിയുടെ ദിനത്തെ" പരാമർശിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് "ജീവിതത്തിന് സ്വാഗതമേകുക" എന്ന സംഘടന, ഗർഭധാരണം മുതൽ സ്വാഭാവികമരണം വരെയും മനുഷ്യജീവൻ സംരക്ഷിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രതീകമായി "ജനിക്കാനാകാഞ്ഞവരുടെ സ്വരം" എന്ന് പേരിട്ട ദേവാലയമണി സാംബിയയ്ക്ക് നല്കിയതിനെക്കുറിച്ചും പാപ്പാ എടുത്തുപറഞ്ഞിരുന്നു.
പോളണ്ടിലും ഉക്രൈനിലും തെക്കേ അമേരിക്കൻ രാജ്യമായ ഇക്വേദോറിലും ഇതുപോലെയുള്ള ദേവാലയമണികൾ ഇതിനോടകം എത്തിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: