തിരയുക

“അഹം” ദൈവത്തിൻറെ സ്ഥാനം പിടിച്ചെടുത്താൽ യഥാർത്ഥ പ്രാർത്ഥന അസാദ്ധ്യം, പാപ്പാ!

ഫ്രാൻസിസ് പാപ്പാ, "കർത്താവിനായി 24 മണിക്കൂർ"എന്ന നോമ്പുകാലാചരണത്തിൻറെ ഭാഗമായി വത്തിക്കാന് അടുത്തുള്ള ഇടവകയായ ത്രിയൊൺഫാലെയിയിലെ, വരപ്രസാദത്തിൻറെ പരിശുദ്ധ മറിയത്തിൻറെ ദേവാലയത്തിൽ അനുതാപ ശുശ്രൂഷ നയിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുമ്പസാരം എന്ന കൂദാശ ദണ്ഡനോപാധിയല്ല, പ്രത്യുത, ശാന്തിപ്രദായകമാണെന്ന് മാർപ്പാപ്പാ.

“കർത്താവിനു വേണ്ടി 24 മണിക്കൂർ” എന്ന നോമ്പുകാലാചരണത്തിൻറെ ഭാഗമായി,  വത്തിക്കാന് അടുത്തുള്ള ഇടവകയായ ത്രിയൊൺഫാലെയിയിലെ, വരപ്രസാദത്തിൻറെ പരിശുദ്ധ മറിയത്തിൻറെ ദേവാലയത്തിൽ (S. Maria delle Grazie al Trionfale) പതിനേഴാം തീയിതി വെള്ളിയാഴ്ച (17/03/23) വൈകുന്നേരം നയിച്ച അനുതാപ ശുശ്രൂഷാവേളയിൽ താൻ നല്കിയ വചന സന്ദേശത്തിലാണ്, ഫ്രാൻസീസ് പാപ്പാ,  ഫരിസേയനും ചുങ്കക്കാരനും ദേവാലയത്തിൽ പ്രാർത്ഥിക്കുന്ന സുവിശേഷസംഭവം വിശകലനം ചെയ്തുകൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

ദൈവം സകലവും പൊറുക്കുന്നതു പോലെ എല്ലാത്തിനും മാപ്പേകണമെന്നും ദൈവം നമുക്കേകുന്ന കരുണാർദ്ര ആശ്ലേഷമാണ് അവിടന്ന് നമ്മെ സ്വീകരിക്കുന്ന രീതിയിൽ ഏറ്റം മനോഹരമെന്നും പാപ്പാ പറഞ്ഞു. ദേവാലയത്തിൽ പ്രാർത്ഥിക്കനെത്തിയവരിൽ ഫരിസേയൻ സ്വയം പുകഴ്ത്തുകയും സ്വയം മാതൃകയാക്കി അവതരിപ്പിക്കുകയും ചെയ്യുകയും ബാഹ്യമായി വലിയ ഭക്തനായി കാണപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ഈ ഫരിസേയൻ കർത്താവിൽ നിന്ന് രക്ഷ പ്രതീക്ഷിക്കുന്നത് ഒരു ദാനമായിട്ടല്ലയെന്നും സ്വന്തം യോഗ്യതയ്ക്കുള്ള സമ്മാനമെന്നോണം അഹങ്കാരത്തോടെ ഒരു അവകാശമായിട്ടാണെന്നും വിശദീകരിച്ചു.

“അഹം” ദൈവത്തിൻറെ സ്ഥാനം പിടിച്ചെടുത്താൽ പിന്നെ, പ്രാർത്ഥിച്ചാലും, സൽപ്രവർത്തികൾ ചെയ്താലും കർത്താവുമായി യഥാർത്ഥ സംഭാഷണത്തിലേർപ്പെടാൻ സാധിക്കില്ല എന്ന് പാപ്പാ വ്യക്തമാക്കി. 

എന്നാൽ,  ചുങ്കക്കാരനാകട്ടെ, ഫരിസേയനിൽ നിന്ന് വ്യത്യസ്തനായി,  പാപബോധത്താൽ അകലെ മാറിനില്ക്കുകയും സ്വയം പുകഴ്ത്താതെ ദൈവത്തെ നോക്കി മാപ്പപേക്ഷിക്കുകയുമാണ് ചെയ്യുന്നതെന്ന് അനുസ്മരിച്ച പാപ്പാ നാം നമ്മുടെ അഹങ്കാരത്തിൽ നിന്ന് അകലുമ്പോൾ ദൈവം നമ്മുടെ ചാരെയെത്തുന്നുവെന്ന് ഉദ്ബോധിപ്പിച്ചു. പശ്ചാത്താപവും വിശ്വാസവും വഴി നാം ദൈവിക കാരുണ്യം എന്ന ഏറ്റവും വലിയ ദാനത്തിൻറെ ആനന്ദത്തിനായി നമ്മെത്തന്നെ തുറന്നിടുകയായിരിക്കും ചെയ്യുകയെന്ന് പാപ്പാ പറഞ്ഞു. ആകയാൽ അഹംഭാവിയാണോ എന്നും മറ്റുള്ളവരെക്കാൾ നല്ല ആളാണെന്ന് സ്വയം കരുന്നുണ്ടോയെന്നും ഓരോരുത്തരും ആത്മശോധന ചെയ്യേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2023, 09:07