തിരയുക

പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.  (VATICAN MEDIA Divisione Foto)

ഇറ്റലിയിലെ കുടിയേറ്റ ബോട്ടപകടം: മനുഷ്യക്കടത്തുകാരെ വിമർശിച്ച് പാപ്പാ

കഴിഞ്ഞ ദിവസം തെക്കൻ ഇറ്റാലിയൻ പട്ടണമായ കുത്രോയിൽ പ്രായപൂർത്തിയാകാത്ത 16 കുട്ടികൾ ഉൾപ്പെടെ 70 പേരുടെ മരണത്തിനിടയാക്കിയ കുടിയേറ്റ ബോട്ട് ദുരന്തത്തിൽ ഫ്രാൻസിസ് പാപ്പാ ദു:ഖം രേഖപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“മനുഷ്യക്കടത്തുകാരെ തടയുക, നിരപരാധികളായ നിരവധി പേരുടെ ജീവൻ വലിച്ചെറിയുന്നത് അവർ തുടരാതിരിക്കട്ടെ!”

മെഡിറേനിയൻ കടലിൽ അടുത്തിടെയുണ്ടായ കുടിയേറ്റ ദുരന്തത്തിന്റെ ഇരകൾക്കായി ഹൃദയപൂർവ്വമായ അഭ്യർത്ഥന നടത്തിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ തീർത്ഥാടകരോടു സംസാരിച്ചത്.

ഇറ്റലിയിലെ കലാബ്രിയ മേഖലയിലെ തെക്കൻ പട്ടണമായ കുത്രോ തീരത്ത് കഴിഞ്ഞ ഞായറാഴ്ചയാണ് കുടിയേറ്റക്കാർ വന്ന ബോട്ട് തകർന്ന് 70 പേർ മരിച്ചത്. 170 യാത്രക്കാരുമായി തുർക്കിയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് പുറപ്പെട്ട ബോട്ടാണ് തകർന്നത്.

മനുഷ്യക്കടത്ത് തടയാനുള്ള അഭ്യർത്ഥന

ദുരന്തത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തിയ പാപ്പാ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും കപ്പൽ തകർച്ചയെ അതിജീവിച്ചവർക്കും വേണ്ടി പ്രാർത്ഥിച്ചു.

"നമ്മുടെ ഈ സഹോദരീ സഹോദരന്മാരോടു കാണിച്ച ഐക്യദാർഢ്യത്തിനും അവരെ സ്വാഗതം ചെയ്ത പ്രദേശവാസികളോടും, സ്ഥാപനങ്ങളോടും ഞാൻ എന്റെ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കരുതെന്ന അഭ്യർത്ഥന ഞാൻ ആവർത്തിക്കുന്നു." പാപ്പാ പങ്കുവച്ചു.

ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്ന മനുഷ്യക്കടത്തുകാരുടെ പങ്കിനെ ഫ്രാൻസിസ് പാപ്പാ അപലപിച്ചു. അവർ "നിരവധി നിരപരാധികളുടെ ജീവൻ വലിച്ചെറിയുകയാണ്" എന്ന് പറഞ്ഞ പാപ്പാ "പ്രതീക്ഷയുടെ ഈ യാത്രകൾ ഇനിയൊരിക്കലും മരണത്തിന്റെ യാത്രകളായി മാറാതിരിക്കട്ടെ," എന്നും കൂട്ടിച്ചേർത്തു. എല്ലാവർക്കും "മനസ്സിലാക്കാനും വിലപിക്കാനും" വേണ്ട ശക്തിക്കായും "മെഡിറ്റേനിയൻ കടലിലെ തെളിനീരിൽ ഇനി ഒരിക്കലും ഇത്തരം നാടകീയ സംഭവങ്ങളാൽ രക്തം കലരാതിരിക്കട്ടെ!" എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 March 2023, 15:09