തിരയുക

റോമിലെ ജെമെല്ലി ആശുപത്രിയുടെ കാഴ്ച. റോമിലെ ജെമെല്ലി ആശുപത്രിയുടെ കാഴ്ച. 

ഫ്രാൻസിസ് പാപ്പായ്ക്ക് അതിവേഗ സൗഖ്യം അറിയിച്ച് ആശംസകൾ

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുമൂലം റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിൽസ തേടുന്ന ഫ്രാൻസിസ് പാപ്പായ്ക്ക് സൗഖ്യാശംസകൾ നേരുന്ന സന്ദേശങ്ങൾ എത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇറ്റാലിയൻ മെത്രാൻ സമിതി

എല്ലാ മെത്രാന്മാരുടെ പേരിലും  ആശംസകളർപ്പിച്ചു കൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ ഫ്രാൻസിസ് പാപ്പായ്ക്ക് സന്ദേശമയച്ചു. 29 മാർച്ച് വൈകുന്നേരം റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പരിശുദ്ധ പിതാവിന് തങ്ങളുടെ സാമിപ്യവും ഇറ്റലിയിലെ മൊത്തം സഭയുടേയും പ്രാർത്ഥനയും നേർന്നു. വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന ആശംസയോടൊപ്പം വൈദഗ്ദ്ധ്യത്തോടും സമർപ്പണത്തോടും കൂടെ പാപ്പയേയും മറ്റു രോഗികളേയും ശുശ്രൂഷിക്കുന്ന ഡോക്ടർമാരേയും മെഡിക്കൽ ജീവനക്കാരെയും കർത്താവിന് സമർപ്പിക്കുകയും ചെയ്തു.

റോമാ രൂപത

റോമാ രൂപതയും തങ്ങളുടെ മുഴുവൻ സ്നേഹവും സാമിപ്യവും അറിയിച്ചു കൊണ്ടയച്ച സന്ദേശത്തിൽ, പാപ്പായുടെ സൗഖ്യത്തിനായി, പ്രാർത്ഥന ഏറ്റവും ആവശ്യമായ ഈ സമയത്ത്, പൂർവ്വാധികം ശക്തിയോടെ  നിരന്തരമായ പ്രാർത്ഥന വാഗ്ദാനം ചെയ്തു. പാപ്പായ്ക്ക് കുറച്ചു ദിവസത്തെ ചികിൽസ ആവശ്യമായി വരുമെന്ന് വത്തിക്കാന്റെ  മാധ്യമ വിഭാഗത്തിന്റെ തലവൻ മത്തെയോ ബ്രൂണി അറിയിച്ച കാര്യം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു സന്ദേശം.

നയതന്ത്ര പ്രതിനിധികളുടെ പ്രധാന ഉപദേശകന്‍

നയതന്ത്രപ്രതിനിധികളുടെ ഡീനായ ജോർജ് പൌളിഡസും പാപ്പായ്ക്ക് ടെലഗ്രാം സന്ദേശമയച്ചു. നയതന്ത്ര സംഘത്തിന്റെ നാമത്തിലും,വ്യക്തിപരമായ പേരിലുമയച്ച സന്ദേശത്തിൽ പാപ്പായുടെ അതിവേഗ സൗഖ്യത്തിനുള്ള ആശംസകൾ നേർന്നു. ശക്തിയോടുകൂടെ വീണ്ടും സഭയെ നയിക്കുന്നതും വിശ്വാസത്തിന്റെ മനോഹാരിതയ്ക്ക് സാക്ഷ്യം വഹിക്കുന്നതും വീണ്ടും കാണാൻ കാത്തിരിക്കുന്നു എന്നും സന്ദേശത്തിൽ പറയുന്നു. ബ്രസീലിലെ ദേശിയ മെത്രാൻ സംഘവും പാപ്പായ്ക്ക് രോഗസൗഖ്യ ആശംസകൾ അർപ്പിച്ച് സന്ദേശമയച്ചിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2023, 12:36