തിരയുക

ഒഹിയോയിലേ (യുഎസ്എ) ക്ലീവ് ലാൻഡിലുള്ള സെന്റ് മേരിസ് സെമിനാരിയിൽ നിന്നുള്ള സംഘവുമായി പാപ്പാ. ഒഹിയോയിലേ (യുഎസ്എ) ക്ലീവ് ലാൻഡിലുള്ള സെന്റ് മേരിസ് സെമിനാരിയിൽ നിന്നുള്ള സംഘവുമായി പാപ്പാ.  (Vatican Media)

പാപ്പാ: ദൈവസ്വരം ശ്രവിക്കുക, ഒരുമിച്ച് നടക്കുക, സാക്ഷ്യം നൽകുക

ഒഹിയോയിലേ (യുഎസ്എ) ക്ലീവ് ലാൻഡിലുള്ള സെന്റ് മേരിസ് സെമിനാരിയിൽ നിന്നുള്ള സംഘത്തെ മാർച്ച് ആറാം തിയതി വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ അവരുടെ രൂപീകരണത്തിന്റെയും സഭയുടെ സിനഡൽ യാത്രയുടേയും പ്രധാന ഘടകങ്ങളായ ദൈവത്തെ ശ്രവിക്കുന്നതിലും, ഒരുമിച്ച് നടക്കുന്നതിലു, വിശ്വാസത്തിന് സാക്ഷ്യം നൽകുന്നതിലും ശ്രദ്ധിക്കാൻ അവരെ പ്രോൽസാഹിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അമേരിക്കൻ ഐക്യനാടുകളിലെ ഒഹിയോയിലെ  ക്ലീവ്‌ലാൻഡിലുള്ള സെന്റ് മേരീസ് സെമിനാരിയുടെ 175-ആം വാർഷികത്തോടനുബന്ധിച്ചു മാർച്ച് 6, തിങ്കളാഴ്ച ആ സ്ഥാപനത്തിലെ സെമിനാരി വിദ്യാർത്ഥികളെയും, വൈദികരെയും, ഡീന്മാരെയും, ജീവനക്കാരെയും വത്തിക്കാനിൽ പാപ്പാ സ്വീകരിക്കുകയും സന്ദേശം നൽകുകയും ചെയ്‌തു. നാം ദൈവത്തെ ശ്രവിക്കുകയും നമ്മുടെ സഹോദരങ്ങളുമായി ഐക്യത്തിൽ നടക്കുകയും ചെയ്യുമ്പോൾ അത് വിശ്വാസത്തിന്റെ സാക്ഷ്യം നൽകുന്ന ഫലമാണ് നൽകുന്നതെന്ന് പാപ്പാ അവരോടു പറഞ്ഞു.

സെമിനാരി രൂപീകരണത്തിന്റെയും സിനഡൽ യാത്രയുടെയും പ്രധാനപ്പെട്ട മൂന്ന് സൂചകപദങ്ങളായ ദൈവശബ്ദം കേൾക്കുന്നതിനെക്കുറിച്ചും, ഒരുമിച്ച് നടക്കുന്നതിനെക്കുറിച്ചും, സാക്ഷ്യം വഹിക്കുന്നതിനെക്കുറിച്ചുമാണ് പാപ്പാ വിശദീകരിച്ചത്.

ദൈവ സ്വരം ശ്രവിക്കുക

നമുക്ക് സ്വയം ഒന്നും ചെയ്യാൻ കഴിയുകയില്ലെന്ന് നാം തിരിച്ചറിയണം എന്ന് പറഞ്ഞ പാപ്പാ ഈ അവബോധം നമ്മുടെ ജീവിതത്തിൽ എല്ലാ ദിവസവും അവിടുത്തെ വചനം ധ്യാനിക്കാനും, ആത്മീയ അകമ്പടിയോടെ നമ്മുടെ പാതകൾക്ക് പ്രകാശം കണ്ടെത്താനും, പ്രത്യേകിച്ച് ദൈവത്തോടൊപ്പം പ്രാർത്ഥനയിൽ സമയം ചെലവഴിക്കാനും, നിശബ്ദമായി സക്രാരിക്കു മുന്നിൽ ഇരുന്ന് അവിടുത്തെ ശ്രദ്ധിക്കാനും നമ്മെ ക്ഷണിക്കുന്നുവെന്ന്  അവരോടു പറഞ്ഞു. ദൈവം നമ്മോടു എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് കേൾക്കാൻ സ്വയം അർപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഒരിക്കലും മറക്കരുത് എന്നും പാപ്പാ അവരെ ഓർമ്മപ്പെടുത്തി. ദൈവത്തെ ശ്രവിക്കുന്നതിലൂടെ സുവിശേഷത്തിന്റെ സത്യവും, സൗന്ദര്യവും ആധികാരികതയോടും, സന്തോഷത്തോടും, ഫലപ്രദമായും പ്രബോധിപ്പിക്കാനും, പ്രഘോഷിക്കുവാനും അതോടൊപ്പം നമ്മുടെ വിശ്വാസത്തിന് പ്രത്യുത്തരം നൽകാനും സഹായിക്കുമെന്ന് പാപ്പാ പറഞ്ഞു.

ഒരുമിച്ച് നടക്കുക

സെമിനാരിയിൽ ഉള്ളവർക്കിടയിൽ വേണ്ട സാഹോദര്യത്തിന്റെയും, കൂട്ടായ്മയുടെയും, ചൈതന്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ സെമിനാരിക്കുള്ളിൽ മാത്രമല്ല അവരുടെ മെത്രാന്മാരും, പ്രാദേശിക സഭയിലെ സന്യാസിനീ സന്യാസിനികളും, അൽമായ വിശ്വാസികളുമായുള്ള കൂട്ടായ്മയിൽ സാർവ്വത്രീക സഭയുടെ വിശാലമായ ലോകത്തിലേക്ക് ദൃഷ്ടി തിരിക്കണമെന്ന് പാപ്പാ നിർദ്ദേശിച്ചു.

ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഒരു പ്രത്യേക അവകാശമായിട്ടല്ല ദാനമായി ലഭിച്ച  മഹാജനതയുടെ ഭാഗമാണ് നാം എന്ന് തിരിച്ചറിയണമെന്നും അതേപോലെ അവരുടെ ദൈവവിളി എന്നത് ക്രിസ്തുവിന്റെ മൗതികശരീരം കെട്ടിപ്പടുക്കുന്നതിനുള്ള സേവനത്തിനു സമർപ്പിക്കപ്പെട്ടതാണെന്നും പാപ്പാ അവരെ അനുസ്മരിപ്പിച്ചു. മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കുക, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക, എപ്പോഴും ആട്ടിൻകൂട്ടത്തോടൊപ്പം അനുയാത്ര ചെയ്യുക എന്നിവ അജപാലന ശുശ്രൂഷയിൽ ഉൾപ്പെടുന്ന കാര്യങ്ങളാണെന്നും പാപ്പാ ചൂണ്ടികാണിച്ചു.

സാക്ഷ്യം നൽകുക

ദൈവത്തെ ശ്രവിക്കുകയും ഒരുമിച്ച് നടക്കുകയും ചെയ്യുന്നതിലൂടെ ലോകത്തിൽ സന്നിഹിതനായ യേശുവിന്റെ ജീവനുള്ള അടയാളങ്ങളായി മാറാൻ സഹായിക്കുമെന്നും ഈ വിധത്തിൽ നമ്മുടെ വിശ്വാസത്തിന് സാക്ഷ്യം നൽകാൻ നമുക്ക് കഴിയുമെന്നും പാപ്പാ അവരെ ഓർമ്മപ്പെടുത്തി. ദൈവം ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എപ്പോഴും നമ്മോടൊപ്പം ഉണ്ടെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താൻ സഭയ്ക്ക് അവരുടെ ഉത്സാഹവും, ഔദാര്യവും തീക്ഷ്ണതയും ആവശ്യമാണെന്നും പാപ്പാ അവരോടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 March 2023, 20:25