തിരയുക

പാപ്പയ്ക്ക് ആശംസകളുമായി വലിയ ഇമാം അഹ്മദ് അൽ-തയ്യേബ്

പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഫ്രാൻസിസ് പാപ്പയ്ക്ക് അൽ അസ്ഹറിലെ വലിയ ഇമാം അഹ്മദ് അൽ- തയ്യേബിൽ നിന്ന് ആശംസകൾ.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മാർച്ച് 13ന് ഫ്രാൻസിസ് പാപ്പാ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ അൽ അസ്ഹറിലെ വലിയ ഇമാം അഹമ്മദ് പാപ്പയ്ക്ക് ആശംസാ സന്ദേശം അയച്ചു.

പ്രിയ സുഹൃത്തും സഹോദരനുമായ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മളമായ ആശംസകൾ! പാപ്പായായും കത്തോലിക്ക തിരുസഭയുടെ തലവനായും താങ്കൾ സേവനം അനുഷ്ഠിക്കുന്നതിന്റെ പത്താം വാർഷികത്തിൽ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. കഴിഞ്ഞ പത്തുവർഷത്തെ അങ്ങയുടെ മഹത്തായ യാത്രയെ ഞാൻ അഭിമാനപൂർവ്വം അഭിനന്ദിക്കുന്നു.

എല്ലാ ജനങ്ങളുടെയും മധ്യേ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാലങ്ങൾ പണിയാൻ അങ്ങ് പരിശ്രമിച്ചു. മനുഷ്യ സഹോദര്യത്തിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മതങ്ങളുടെ അനുയായികൾക്കിടയിൽ സംവാദം സംസ്ഥാപിക്കുന്നതിനുള്ള അങ്ങയുടെ അശ്രാന്ത പരിശ്രമം നാം എല്ലാവരും ആഗ്രഹിക്കുന്ന സമാധാനം കൈവരിക്കുന്നതിനുള്ള അടിസ്ഥാനമാണ്.

എന്റെ പ്രിയ സഹോദരൻ ഫ്രാൻസിസ് പാപ്പാ,

ഇന്ന് നമ്മുടെ ലോകം ധാർമ്മീകവും, സാമ്പത്തികവും, സാമൂഹികവുമായ എല്ലാ തലങ്ങളിലും വെല്ലുവിളികളും സംഘർഷങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ്. ഇത് നിരവധി ജനങ്ങളുടെ ദുരിതങ്ങളെ വർധിപ്പിക്കുന്നു. അതിനാൽ ജനങ്ങളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും കഷ്ടപ്പാടുകൾ ലഘുകരിക്കാൻ നേതാക്കളുടെയും അങ്ങയെ പോലുള്ള സ്ഥായിയായ ഒരു പ്രതീകാത്മക വ്യക്തിത്വത്തിന്റെയും ഉത്തരവാദിത്വം വലുതാണ്. സമാധാനം തേടാനുള്ള അങ്ങയുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കാനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും, പരസ്പരമുള്ള അറിവും ഐക്യദാർഢ്യവും ഏകീകരിക്കുന്നതിനുമുള്ള താങ്കളുടെ മതപരവും ധാർമ്മീകവുമായ കടമ നിറവേറ്റുന്നതിന് അങ്ങയോടും സന്മനസ്സുള്ള എല്ലാ ജനങ്ങളോടും ചേർന്ന് നമ്മെ സഹായിക്കാനും ഞാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു.

എന്റെ പ്രിയപ്പെട്ട സഹോദരാ, അങ്ങ് നല്ല ആരോഗ്യം, ക്ഷേമം, സന്തോഷം, എന്നിവയാൽ അനുഗ്രഹിക്കപ്പെടട്ടെ. സർവ്വശക്തനായ ദൈവം അങ്ങയെ എല്ലായിപ്പോഴും അനുഗ്രഹിക്കട്ടെ! നമ്മുടെ ലോകത്ത് സുരക്ഷിതത്വവും ശാന്തിയും സഹവർത്തിത്വവും സ്വസ്ഥതയും നിലനിൽക്കുന്നതിനായി മനുഷ്യ സഹോദര്യം സാക്ഷാത്കരിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള എല്ലാ സംരംഭങ്ങളെയും ഞാൻ സന്തോഷത്തോടെയും സ്വാഗതം ചെയ്യുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മാർച്ച് 2023, 09:49