തിരയുക

വാർദ്ധക്യവും യുവത്വവും കൈകോർത്തിരിക്കുന്ന ചിത്രം. വാർദ്ധക്യവും യുവത്വവും കൈകോർത്തിരിക്കുന്ന ചിത്രം.  (BAD MAN PRODUCTION)

“ക്രിസ്തു ജീവിക്കുന്നു”: യുവത്വം Vs വാർദ്ധക്യം

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 187ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ആറാം അദ്ധ്യായം

ആറാമത്തെ അദ്ധ്യായം "നമ്മെ പിന്താങ്ങാനും ഭൂമിയിൽ ഉറപ്പിച്ചു നിറുത്താനും ശക്തിയുള്ള വേരുകളില്ലെങ്കിൽ നമുക്ക് വളരാൻ സാധിക്കുകയില്ല; ഒട്ടിനിൽക്കാൻ, പിടിച്ചു നിൽക്കാൻ, ഒന്നുമില്ലെങ്കിൽ പറിച്ചു ദൂരെ കളയാൻ എളുപ്പമാണെന്ന '' വെല്ലുവിളിയാർന്ന സാഹചര്യം വിവരിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ചു യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നിൽക്കാൻ കഴിയുമെന്നു പാപ്പാ പറയുന്നതിനോടൊപ്പം അതേ അദ്ധ്യായത്തിൽ ജോയേൽ പ്രവാചകന്‍റെ അതിമനോഹരമായ ദർശനങ്ങളും (ജോയേൽ 2:28) പങ്കുവയ്ക്കുന്നു.

മുതിർന്നവരോടുള്ള നിങ്ങളുടെ ബന്ധം

187. സിനഡ് ഇങ്ങനെ കേട്ടു യുവജനം ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവർ ജീവിതത്തെ ഊർജ്ജത്തോടും സ്വയം ചാലകത്വത്തോടും കൂടി നേരിടുന്നു. പക്ഷേ അവർ പരീക്ഷിക്കപ്പെടുന്നുമുണ്ട്. തങ്ങൾ വന്ന ഭൂതകാല സ്മരണത്തിന് അവൾ ശ്രദ്ധ കൊടുക്കുന്നില്ല. പ്രത്യേകിച്ച് തങ്കളുടെ മാതാപിതാക്കൾ മുൻതലമുറ എന്നിവർ തങ്ങളിലേക്ക് പകർന്ന ദാനങ്ങളെയും അവർ ജീവിക്കുന്ന സമൂഹത്തിലെ സാംസ്കാരിക അനുഭവങ്ങളെയും അവർ ഓർമ്മിപ്പിക്കുന്നില്ല. തങ്ങളുടെ ഭൂതകാലത്തിലെ സജീവ സമ്പത്ത് കണ്ടുപിടിക്കാനും അതിന്റെ ഓർമ്മ നിധി പോലെ സൂക്ഷിക്കാനും തങ്ങളുടെ തിരഞ്ഞെടുപ്പുകളിലും സാഹചര്യങ്ങളിലും അത് ഉപയോഗിക്കാനും യുവജനങ്ങളെ സഹായിക്കുന്നത് അവരോടുള്ള യഥാർത്ഥ സ്നേഹത്തിന്റെ പ്രവർത്തിയായിരിക്കും. അത് അവരുടെ വളർച്ചയ്ക്കും അവർ എടുക്കേണ്ടി വരുന്ന തീരുമാനങ്ങൾക്കും ഗുണകരമായിരിക്കും. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

കഴിഞ്ഞ ഖണ്ഡികകളിൽ ഫ്രാൻസിസ് പാപ്പാ നമ്മോടു "വേരുകളെ"ക്കുറിച്ചാണ് സംസാരിച്ചതെങ്കിൽ ഇന്നത്തെ നമ്മുടെ പരിചിന്തനം അതിന്റെ തുടർച്ചയും ആഴപ്പെടുത്തലുമാണ്. സിനഡിൽ യുവജനങ്ങളെക്കുറിച്ചു ധാരാളം നല്ല കാര്യങ്ങൾ പറഞ്ഞു വയ്ക്കുന്നുണ്ട്. അവർ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് ജീവിതത്തെ ഊർജ്ജസ്വലതയോടും സർഗ്ഗാത്മകതയോടും കൂടെയാണ് അഭിമുഖീകരിക്കുന്നത്. അവരാണ് സഭയുടെ ഇന്നും നാളെയും. എന്നാൽ ചെറുപ്പത്തിന്റെ ഒരു പ്രലോഭനത്തെക്കുറിച്ച് എടുത്തു പറയുകയാണ്  ഫ്രാൻസിസ് പാപ്പാ ഇവിടെ.

ഇതു വരെ കാണാത്ത സാങ്കേതിക മികവുകളും വിവരശേഖരണങ്ങളും യുവതലമുറയെ പഴയ തലമുറയേക്കാൾ അനേകം മടങ്ങ് മുന്നിലാകുന്നു. ഭൂഖണ്ഡങ്ങളുടെ അകലങ്ങൾ ഒരു വിളിക്കപ്പുറമാവുകയും സംസാരവും കാഴ്ചയും വെറും കൈവെള്ളയിൽ ഒതുങ്ങുകയും ചെയ്യുന്ന ഇക്കാലത്ത് അകലെയുള്ളത് അടുക്കുന്തോറും അരികത്തുള്ളത് അകലെയാകുന്ന ഒരു പ്രതിഭാസമുണ്ട്. ആധുനികതയുടെ അതിഭയങ്കര വേഗ പ്രയാണത്തിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്ന ഒരു തലമുറയുണ്ടിവിടെ. പലതിന്റെയും അകലങ്ങൾ കുറയുമ്പോൾ തലമുറകൾ തമ്മിലുള്ള അകലം കുറയുന്നതിനേക്കാൾ വിദൂരത്താകുന്ന ഒരു പ്രലോഭനത്തെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ ഈ ഖണ്ഡികയിൽ പറയുന്നത്.

യുവത്വം Vs വാർദ്ധക്യം

2022 ഫെബ്രുവരി 23 ന് വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയിൽ ഇന്നത്തെ കാലത്തിന്റെ മുതിർന്ന തലമുറയോടുള്ള ചില സമീപനങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ സംസാരിക്കുന്നുണ്ട്.

"യുവത്വത്തെ മാനുഷിക ആദർശം ഉൾക്കൊള്ളാൻ യോഗ്യമായ ഒരേയൊരു ജീവിതകാലം എന്ന് ഉയർത്തിപ്പിടിച്ച് വാർദ്ധക്യം അവജ്ഞയും തളർച്ചയും, ജീർണ്ണതയും, വൈകല്യം നിറഞ്ഞതുമെന്ന് കാണിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ സമഗ്രാധിപത്യത്തിന്റെ (totalitarianism) പ്രബലമായ ചിത്രമാണ്."

ഇക്കാലത്തെ ഉപഭോഗസംസ്ക്കാരത്തിൽ പ്രചാരത്തിലിരിക്കുന്ന ഏക മാതൃക ചെറുപ്പക്കാരുടെ യുവത്വമാണ് എന്ന് പാപ്പാ പറയുന്നതിൽ തീർച്ചയായും സത്യമുണ്ട്. സ്വയം രൂപീകരിച്ചെടുക്കുന്ന നിത്യഹരിതത്വത്തെക്കുറിച്ച് പാപ്പാ ഈ കൂടിക്കാഴ്ചയിൽ നടത്തിയ പ്രഭാഷണത്തിൽ ചൂണ്ടിക്കാണിച്ചു. ഒരുതരത്തിൽ ഇന്ന് നാം കാണുന്ന പരസ്യങ്ങളും അവയിൽ നിന്ന് നാം ഉൾക്കൊള്ളുന്ന ജീവിത ശൈലികളിലും ഇക്കാര്യം പ്രകടമാണ്. ഒരു ഉദാഹരണം മാത്രം ഇവിടെ കുറിക്കാം. നരച്ച മുടി വിജ്ഞാനത്തിന്റെ അടയാളമാണ് എന്ന വളരെ മനോഹരമായ ഒരു സങ്കൽപ്പമുണ്ട്. പക്ഷേ നരച്ച മുടിയെ അംഗീകരിക്കാൻ വ്യക്തികൾക്ക് പ്രയാസമുണ്ട് എന്നതുകൊണ്ടല്ലേ നരച്ച മുടിയെ കറുപ്പിക്കാൻ ആളുകൾ ശ്രമിക്കുന്നത്? ഈ പ്രവണത മുൻപ് ഉദ്ധരിച്ച പാപ്പായുടെ വാക്കുകളുമായി കൂട്ടി വായിക്കുമ്പോൾ  യൗവനത്തെ ഉയർത്തി കാണിക്കുകയും വാർദ്ധക്യത്തെ വൈകല്യവും കുറവുമായി കണക്കാക്കുന്ന ഒരു ചിന്ത അറിഞ്ഞോ അറിയാതേയോ നമ്മിൽ അലിഞ്ഞു ചേർന്നു കഴിഞ്ഞു എന്ന് തിരിച്ചറിയാൻ നമുക്ക് കഴിയുന്നു.

ഫലവൃക്ഷവും വേരും

പൂത്തുലഞ്ഞ് ഫലഭൂയിഷ്ഠമായി നിൽക്കുന്ന വൃക്ഷത്തെ നാം ആസ്വദിക്കുമ്പോൾ അതിന്റെ തായ്ത്തടിക്കും മുകളിലുള്ള പൂക്കൾക്കും കായ്കൾക്കും കാരണമാകുകയും അതിനെ ഭൂമിയിൽ ഉറപ്പിച്ചു നിറുത്തുകയും അതിന്റെ ജീവൻ നിലനിറുത്തുകയും ചെയ്യുന്ന വേരുകളെ പലപ്പോഴും മറന്നു പോകുന്നുണ്ട്. ഒരു ചെടിയെ സംബന്ധിച്ച് ഇത് വാസ്തവമാണെങ്കിൽ ബുദ്ധിയുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് അതിലേറെ പ്രാധാന്യമർഹിക്കുന്നതാണ്. അതു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ വളരെ പ്രാധാന്യത്തോടെ മാതാപിതാക്കളുടേയും മുത്തശ്ശീ മുത്തച്ഛൻമാരുടേയും പ്രാധാന്യത്തെക്കുറിച്ച് ആവർത്തിച്ചാവർത്തിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നത്.

മങ്ങാത്ത കാഴ്ച

2022 ൽ ഫ്രാൻസിസ് പാപ്പാ വാർദ്ധക്യത്തെക്കുറിച്ച് ഒരു പാഠ്യ പരമ്പര തന്നെ പൊതുകൂടിക്കാഴ്ചയിൽ നടത്തുകയുണ്ടായി. അതിൽ മാർച്ച് 23ന് നടത്തിയ പ്രഭാഷണത്തിൽ മോശയുടെ മരണത്തിനു മുമ്പുള്ള വിശ്വാസ പ്രഖ്യാപനത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ പറയുന്നത് ചിന്തയ്ക്ക് ഏറെ വക നൽകുന്നവയാണ്. 120 വയസ്സുള്ള മോശ മരണത്തിന്റെ പടിവാതുക്കൽ നിന്നു കൊണ്ട് ഇതു പറയുമ്പോൾ " അവന്റെ കണ്ണു മങ്ങിയിരുന്നില്ല " (Dt.34,7) എന്നത് അടിവരയിട്ടു കൊണ്ട് പാപ്പാ പറയുന്നു.

മങ്ങാതെ കാണാനുള്ള ആ കഴിവ് പ്രതീകാത്മകമാണ്. കാരണം വാർദ്ധക്യത്തിൽ കാഴ്ചകൾക്ക് ആഴം കൂടുന്നു. അനുഭങ്ങൾ സമ്പന്നമാക്കിയ ആ കാഴ്ച കാര്യങ്ങളുടെ അർത്ഥങ്ങൾ അറിയുന്ന ഒരു കാഴ്ചയാണ്. അതിനാൽ അവരുടെ കാഴ്ചകൾ വിലമതിക്കാനാവാത്ത ഒരു സമ്മാനമാണ് എന്ന് ഫ്രാൻസിസ് പാപ്പാ വിലയിരുത്തുന്നു. തങ്ങളുടെ ജീവിതത്തിന്റെ നീണ്ട അനുഭവങ്ങളിൽ നിന്ന് പകർന്നു നൽകുന്നത് വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും വ്യക്തതയേറിയ പാരമ്പര്യമാണ്. അതിനാൽ പാപ്പാ പറയുന്നു വാർദ്ധക്യം കണ്ട ചരിത്രം നമ്മോടു പങ്കിടുന്നു.

ഓർമ്മയും പ്രത്യാശയും

വായിച്ചെടുക്കുന്ന ചരിത്രവും, സിനിമയിലൂടെയും ഇന്റെനെറ്റിലൂടെയും അറിയുന്ന ചരിത്ര സംഭവം ഒരു പരിധി വരെ നമുക്ക്  ഉപകാരമാണ്. എന്നാൽ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് നേരിട്ട് പകർന്നു നൽകുന്ന ചരിത്രവിവരണത്തിന്റെ പ്രാധാന്യം പാപ്പാ പ്രത്യേകം വിവരിക്കുന്നു.

ഓർമ്മയും പ്രത്യാശയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി തവണ ഫ്രാൻസിസ് പാപ്പാ പ്രതിപാദിച്ചിട്ടുണ്ട്. ഇന്നുകളിൽ ജീവിക്കുന്ന മനുഷ്യന് പ്രത്യാശയോടെ മുന്നോട്ട് പോകാൻ കഴിഞ്ഞകാല ചരിത്രങ്ങളുടെ ഓർമ്മ എപ്പോഴും ഉപകാരപ്പെടും. വിശ്വാസ ജീവിതത്തെ കുറിച്ചു പറയുമ്പോഴാണെങ്കിലും, കോവിഡിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചു പറയുമ്പോഴാണെങ്കിലും ഇനത്തെ യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചു പറയുമ്പോഴാണെങ്കിലും,  കഴിഞ്ഞ കാല ചരിത്രങ്ങളിൽ നിന്ന് മനുഷ്യൻ പഠിക്കാത്തതിനെക്കുറിച്ച് പല പ്രാവശ്യം പാപ്പാ പരിതപിച്ചിട്ടുണ്ട്.

ജോൺ പോൾ രണ്ടാമൻ പാപ്പാ തന്റെ ജനതയുടെ ചരിത്രത്തിന്റെ ഓർമ്മ സജീവമായി കൊണ്ടു നടന്നിരുന്ന വ്യക്തിയായിരുന്നു. ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ശക്തി പകരാൻ ലോകം മുഴുവനുള്ള ജനതയോടു താൻ പോളണ്ടിന്റെ ഓർമ്മകളെ കൊണ്ടു നടക്കുന്നതു പോലെ സ്വന്തം ജനതയുടെ ഓർമ്മകളോടു ചേർന്ന് നിൽക്കാൻ അദ്ദേഹം പ്രോൽസാഹിപ്പിച്ചിരുന്നു.

ഭൂതകാല മറവി വീഴ്ച്ചയുടെ തുടക്കം

ജോർജ്ജിയയിലെ പാത്രിയാർക്കൽ കത്തീഡ്രൽ സന്ദർശിച്ച അവസരത്തിൽ ഫ്രാൻസിസ് പാപ്പാ 19 ആം നൂറ്റാണ്ടിലെ ജോർജ്ജിയൻ കവിയെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞു, " ഒരു ജനതയുടെ വീഴ്ച തുടങ്ങുന്നത് അതിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മ അവസാനിക്കുന്നിടത്താണ്."   അതിനാൽ ഇന്നത്തെ യുവജനങ്ങളെ കഴിഞ്ഞകാലത്തിന്റെ സജീവമായ ധന്യതയെയും സമ്പത്തിനേയും കണ്ടെത്തുവാനും അവയുടെ ഓർമ്മകൾ സംഭരിച്ച് അവയെ ഭാവി തിരഞ്ഞെടുപ്പുകളിലും അവസരങ്ങളിലും ഉപയോഗിക്കുവാനും സഹായിക്കാനാണ്  പാപ്പാ ആവശ്യപ്പെടുന്നത്. അത് യുവജനങ്ങളടെ നേർക്കുള്ള ഒരു സത്യസന്ധമായ സ്നേഹ പ്രവൃത്തിയാണെന്നും പാപ്പാ പ്രത്യേകം എടുത്തു പറയുന്നു.  ഇത് അവരുടെ വളർച്ചയ്ക്കും അവരെടുക്കേണ്ട തീരുമാനങ്ങളിലും അവരെ സഹായിക്കുമെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

യുവജനങ്ങളുടെ അറിവിനും അനുഭവങ്ങൾക്കുമായുള്ള പരക്കംപാച്ചിലിൽ കാണാതെ പോകുന്ന ഒരു പാഠപുസ്തകമാവരുത് മുതിർന്ന തലമുറ. മാതാപിതാക്കളും മുത്തശ്ശീ മുത്തച്ഛന്മാരും വിലയില്ലാത്ത ജീർണ്ണിച്ച വലിച്ചെറിയേണ്ട പഴഞ്ചൻ പുസ്തകമല്ല. മറിച്ച് കൂടെയിരുന്ന് മറിച്ചു നോക്കേണ്ട ഒരു വിശുദ്ധ ഗ്രന്ഥം തന്നെയാണ്. അനുഭവങ്ങളുടെ ഭണ്ഡാരങ്ങൾ തുറന്ന് അവർ നമുക്ക് മുന്നിൽ വിതറുന്നത് പാഴ് വാക്കുകളല്ല. അമൂല്യ രത്നങ്ങളാണ്. നമുക്ക് ഭാവി കെട്ടിപ്പടുക്കാൻ, തീരുമാനങ്ങളെടുക്കാൻ  തെളിച്ചം പകരുന്ന വചനങ്ങൾ - നമുക്ക് പാപ്പായുടെ വാക്കുകൾക്കനുസരിച്ച് നമ്മുടെ മുതിർന്ന തലമുറയെ ശ്രവിക്കാം, മാനിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 February 2023, 10:23