ദൈവാനുഭവത്തിന്റെ നോമ്പുകാലം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദൈവത്തോടൊപ്പമായിരിക്കാനും ദൈവം നമ്മിൽ നിക്ഷേപിച്ച മാനുഷികതയുടെയും സാഹോദര്യത്തിന്റെയും ഒക്കെ മൂല്യങ്ങളിലേക്ക് കൂടുതൽ ഉത്തമബോധ്യങ്ങളോടെ തിരികെ പോകാനുമുള്ള ഒരു സമയമാണ് നോമ്പുകാലം. പ്രത്യേകമായി പ്രാർത്ഥിക്കാൻ, കൂടുതൽ സമയം പ്രാർത്ഥനയിലും പരിത്യാഗത്തിലും ഉപവിപ്രവർത്തങ്ങളിലും മുഴുകാൻ, ക്രൈസ്തവചൈതന്യം നമ്മിൽ ഊതിക്കത്തിച്ചെടുക്കാനുള്ള ഒരു അനുഗ്രഹീതമായ സമയമാണ് ഓരോ നോമ്പുകാലങ്ങളും, പ്രത്യേകിച്ച് വലിയനോമ്പ് കാലം.
കുരിശുവരത്തിരുന്നാളും സ്വയാവബോധവും
വലിയനോമ്പുമായി ബന്ധപ്പെട്ട ദിനങ്ങളുടെ ആരംഭം കുറിക്കുന്നത് വിഭൂതി ബുധനാഴ്ചയുടെ ചടങ്ങുകളോടെയാണ്. ചാരം കുരിശാകൃതിയിൽ നെറ്റിയിൽ വരയ്ക്കുകയോ, തലയിൽ വിതറുകയോ ചെയ്യുന്ന ഒരു ദിനം. അനുതാപത്തിന്റെ ചിന്തകൾ മനസ്സിലുണർത്താൻ, എളിമയുള്ള മനുഷ്യനാകാൻ നമ്മെ വിളിക്കുന്ന ഒരു ചടങ്ങു മാത്രമായി പലപ്പോഴും വിഭൂതി ബുധൻ, കുരിശുവരത്തിരുനാൾ മാറാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ചാരം നമ്മെ ഓർമ്മിപ്പിക്കുന്നത് അനുതാപത്തിന്റെ കാര്യം മാത്രമല്ല, മറിച്ച് നാം മണ്ണിൽനിന്നുള്ളവരാണ് എന്നുകൂടിയാണ്. എളിമയുടെ മനോഭാവത്തോടെ ജീവിക്കേണ്ട മനുഷ്യരാണ് നാമെന്ന ഒരോർമ്മപ്പെടുത്തലാണ് ചാരം പൂശുന്നതിലൂടെ നാം കാണേണ്ടത്. ചാരം പൂശുമ്പോൾ പുരോഹിതൻ പറയുന്ന വാക്കുകൾ ഇതിലേക്കാണ് വെളിച്ചം വീശുന്നത്; മനുഷ്യാ നീ മണ്ണാകുന്നു, നീ മണ്ണിലേക്ക് തന്നെ മടങ്ങും. ഉൽപ്പത്തിപ്പുസ്തകത്തിന്റെ ആദ്യ താളുകളിൽ നാം കണ്ടുമുട്ടുന്ന പ്രപഞ്ചസൃഷ്ടിയെയാണ് ഈ വാക്കുകൾ അനുസ്മരിപ്പിക്കുന്നത്. മണ്ണിൽനിന്ന് ദൈവം സൃഷ്‌ടിച്ച മനുഷ്യൻ എന്നും ഓർത്തിരിക്കേണ്ട ഒരു സത്യം, നാം ദൈവത്തിന്റെ കരവേലയാണെന്നും, ദൈവമില്ലെങ്കിൽ നാം വെറും ചാരമായി, മണ്ണായി മാറാനുള്ളവരാണെന്നതുമാണ്. എന്നാൽ ദൈവത്തോടൊപ്പമാണ് നാമെങ്കിൽ, ദൈവത്തിന്റെ കരങ്ങൾ നമ്മിൽ പതിയുന്നെങ്കിൽ മണ്ണിൽനിന്ന്, ചാരത്തിൽനിന്ന് ജീവനിലേക്കു കടക്കാൻ നമുക്ക് സാധ്യതയുണ്ട്. മണ്ണിൽനിന്ന് അസ്‌തിത്വത്തിലേക്ക്, മരണത്തിൽനിന്ന് ജീവനിലേക്ക് പ്രവേശിക്കാൻ നാം ദൈവത്തോടൊത്തായിരിക്കണം.
ചാരം പൂശാനായി നാം പുരോഹിതനുമുന്നിൽ തലകുനിച്ചു നിൽക്കുമ്പോൾ, നാം സൃഷ്ടാവായ ദൈവത്തെ അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത്. നാം ദൈവത്തിന്റെ സൃഷ്ടിയാണെന്ന ഒരു ഏറ്റുപറച്ചിലാണ് അവിടെ സംഭവിക്കുക. ഇതും എളിമയുടേതായ ഒരു പ്രവൃത്തിയാണ്. പലപ്പോഴും നാമാരെന്ന സത്യം മറന്ന്, ദൈവത്തെ മറന്ന്, നമ്മെത്തന്നെ വലിയവരായിക്കണ്ട് നമ്മൾ ജീവിച്ചുപോയിട്ടുണ്ടാകാം. നമുക്ക് മറ്റുള്ളവരുടെ ആവശ്യമില്ലെന്ന്, എന്തിന് ദൈവത്തിന്റെ പോലും ആവശ്യമില്ലെന്ന് ചിന്തിച്ച്, നാമെന്തൊ ആണെന്ന ഭാവത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് മുന്നിലാണ് സഭ വിഭൂതിബുധൻ എന്ന വിനയത്തിന്റെ ഒരു ആഹ്വാനം മുന്നോട്ട് വയ്ക്കുന്നത്. അഹത്തെ കുറയ്ക്കാൻ ദൈവത്തിന് പ്രഥമ സ്ഥാനം നൽകാനുള്ള ഒരു സമയമാണിത്.
ദൈവമാണ് സൃഷ്ടാവെന്നും നാം സൃഷ്ടിയാണെന്നുമുള്ള തിരിച്ചറിവും ഏറ്റുപറച്ചിലും നമ്മെ ചെറുതാക്കുന്നില്ല. അത്യുന്നതനായ ദൈവത്തിന്റെ കരവേലയെന്ന നിലയിൽ നമ്മുടെ മഹത്വവും പ്രാധാന്യവും തിരിച്ചയറിയാനും അതനുസരിച്ച് ജീവിക്കാനുമുള്ള ഒരു അവസരമാണ് നമുക്ക് ഈ തിരിച്ചറിയൽ നൽകുന്നത്. നമുക്ക് നാം മതിയെന്ന ചിന്ത മാറ്റി നമ്മുടെ സൃഷ്ടാവായ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാനുള്ള ഒരു തിരിച്ചറിവിലേക്ക് വളരാനുള്ള സമയമാണിത്. നമ്മെ അറിയുന്ന, നമ്മുടെ പാപങ്ങളും ബലഹീനതകളും അറിയുന്ന ദൈവത്തിന് മുന്നിൽ നമ്മുടെ അഹം തീർത്ത മുഖമൂടികൾ അഴിച്ചുമാറ്റാനുള്ള സമയം. അനുതാപത്തിന്റെ കാലം. നമ്മെയും, ദൈവത്തെയും ലോകത്തെയുമൊക്കെ നോക്കിക്കാണുന്ന നമ്മുടെ ചിന്താരീതികളെ ശരിയാക്കിയെടുക്കാനുള്ള സമയം കൂടിയാണ് നോമ്പുകാലത്ത് നാം ജീവിക്കുന്നത്.
നോമ്പും സാഹോദര്യവും
നോമ്പുകാലം, നമ്മെയും, നമ്മുടെ സൃഷ്ടാവായ ദൈവത്തെയും ഈ പ്രപഞ്ചത്തെയും ഒക്കെ കൂടുതലായി തിരിച്ചറിയാനും ശരിയായ രീതിയിൽ അംഗീകരിക്കാനുമുള്ള ഒരു സമയമാണെങ്കിൽ, അത്, മറ്റുള്ളവരിൽ നമ്മുടെ സഹോദരങ്ങളെ കണ്ടെത്താനുള്ള സമയം കൂടിയാണ്. സൃഷ്ടാവായ ദൈവവുമായും നമ്മെപ്പോലെ തന്നെ അവന്റെ സൃഷ്ടികളായ മറ്റു മനുഷ്യരുമായും നമുക്ക് ഉണ്ടാകേണ്ട ഒരു ബന്ധത്തിലേക്ക് ഈ ദിനങ്ങൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. മുൻപ് ചിന്തിച്ചതുപോലെ, നമുക്ക് നാം മതിയെന്ന മിഥ്യാ ധാരണകൾ ഒക്കെ അവസാനിപ്പിക്കാനുള്ള സമയമായെന്ന് നോമ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇത് ഉപവാസത്തിന്റെ കാലമാണ്. ദൈവത്തോടൊത്ത് വസിക്കേണ്ട കാലം. എന്നാൽ ദൈവത്തോടൊത്തായിരിക്കുന്ന മനുഷ്യന് ദൈവത്തിന്റെ സൃഷ്ടികളായ മറ്റു മനുഷ്യരെ മറന്നു ജീവിക്കാനാകില്ല. ദൈവവുമായും മറ്റു മനുഷ്യരുമായുള്ള ബന്ധം വഴി ഈ പ്രപഞ്ചത്തിൽ നമുക്കുള്ള സ്ഥാനം കൂടുതൽ മനോഹരമാക്കാൻ നമുക്ക് സാധിക്കും. സ്വാർത്ഥതയുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്, ഒറ്റയ്ക്കാക്കുന്ന അഹത്തിൽനിന്ന് പുറത്തിറങ്ങി, ദൈവത്തെയും സഹോദരങ്ങളെയും വീണ്ടും കണ്ടെത്താൻ നമുക്ക് സാധിക്കേണ്ട ഒരു അനുഗ്രഹീതസമയമാണ് നോമ്പുകാലം. ലോകത്തിൽനിന്നും സഹോദരങ്ങളിൽനിന്നും ഓടിയകലാനല്ല, ശരിയായ ബോധ്യങ്ങളോടെ ചേർന്ന് നിൽക്കാനും, അങ്ങനെ സൃഷ്ടാവിനോട് കൂടുതൽ അടുത്തു നിൽക്കുവാനും നമുക്ക് സാധിക്കണം. സാഹോദര്യം പുനരുജ്ജീവിപ്പിക്കാനുള്ള സമയം. ദൈവവും മനുഷ്യരുമായുള്ള നമ്മുടെ ബന്ധങ്ങൾക്ക് കൂടുതൽ കരുത്തുപകരേണ്ട സമയമാണ് നോമ്പിന്റെത്.
നോമ്പുകാല പുണ്യങ്ങളും പരിഹാരങ്ങളും
സാധാരണ എല്ലാ നോമ്പുകളും നമ്മുടെ മുന്നിൽ വയ്ക്കുന്ന ചില പുണ്യ, പരിഹാര പ്രവർത്തികളുണ്ട്: ഉപവി-ദാനധർമ്മം, പ്രാർത്ഥന, ഉപവാസം എന്നിവയാണവ. എന്നാൽ പലപ്പോഴും ഇവയൊക്കെ നമ്മുടെ ജീവിതത്തെ ശരിയായ രീതിയിൽ സ്പർശിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യാതെ പോകാറുണ്ട്. ഇതിനൊരു പരിഹാരമുണ്ടാകണമെങ്കിൽ ഈ പ്രവൃത്തികളെല്ലാം നമ്മുടെ ഹൃദയത്തിന്റെ പരിവർത്തനത്തിലൂടെ, നവീകരണത്തിലുണ്ടാകുന്നതാകണം എന്ന ഒരു നിബന്ധനയുണ്ട്. ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിൽ പറയുമ്പോൾ, നാം നടത്തുന്ന ദാനധർമ്മങ്ങൾ മനസാക്ഷിയെ ബോധിപ്പിക്കാൻവേണ്ടിയോ, നാം ഉള്ളിൽ അനുഭവിക്കുന്ന അസന്തുലിതാവസ്ഥയെ ഒന്ന് ശരിയാക്കിയെടുക്കാൻവേണ്ടിയോ ആകരുത്, മറിച്ച്, പാവപ്പെട്ടവരുടെ സഹനങ്ങൾ സ്വന്തം കരങ്ങൾകൊണ്ടും കണ്ണീരുകൊണ്ടും സ്പർശിക്കുന്നതാകണം. പ്രാർത്ഥന എന്തെങ്കിലുമൊക്കെ ചൊല്ലിക്കൂട്ടുക എന്നതിനേക്കാൾ പിതാവുമായുള്ള സത്യത്തിന്റെയും സ്നേഹത്തിന്റെയും സംഭാഷണമായി മാറണം. ഉപവാസം ഒരു പുണ്യം എന്നതിനേക്കാൾ, യഥാർത്ഥത്തിൽ പ്രധാനപ്പെട്ടത് എന്ത്, കടന്നുപോകുന്നവ എന്ത് എന്ന് നമ്മുടെ ഹൃദയത്തെ ഓർമ്മിപ്പിക്കാനുള്ള ഒരു പ്രവൃത്തിയായി മാറണം. പുറമെ ചെയ്യുന്ന പ്രവൃത്തികൾക്ക് ഉള്ളിലെ, ഹൃദയത്തിലെ ചിന്തകളോടും തീരുമാനങ്ങളോടും ഒരു ശരിയായ ബന്ധമുണ്ടായിരിക്കണം. മറ്റുള്ളവരാൽ കാണപ്പെടാനോ, അംഗീകരിക്കപ്പെടാനോ, അഭിനന്ദിക്കപ്പെടാനോ വേണ്ടി മാത്രമാകരുത് നമ്മുടെ പ്രവൃത്തികൾ. പാപ്പാ 2023-ല വിഭൂതി ബുധനാഴ്ച വിശുദ്ധബലിമധ്യേ ആവർത്തിച്ച ഒരു കാര്യമുണ്ട്. ബാഹ്യമായ, മാനുഷികമായ വിധികളോ, ലോകത്തിന്റെ പ്രീതിയോ അല്ല പ്രധാനപ്പെട്ടത്, മറിച്ച് സ്നേഹവും സത്യവും കണ്ടറിയുന്ന ദൈവത്തിന്റെ കണ്ണുകളിൽ സ്വീകാര്യരാവുക എന്നതാണ് പ്രധാനം. നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും സഭയുടെ ജീവിതത്തിലും ഓർക്കേണ്ടത് ഇതാണ്.
ദൈവമക്കളെന്ന നിലയിലും, ആ രീതിയിൽ തമ്മിൽ സഹോദരങ്ങൾ എന്ന നിലയിലും നാം ആയിരിക്കുന്നതെന്തോ അതിന്റെ പ്രതിഫലനമായിരിക്കണം നമ്മുടെ പ്രാർത്ഥനയും ഉപവാസവും. ഇതിനായി നാം ദൈവതിരുമുൻപിൽ നമ്മെത്തന്നെ സമർപ്പിക്കേണ്ടതുണ്ട്. നമ്മുടെ ഉള്ളിൽ മറ്റുളളവരോടുള്ള സ്നേഹത്തിന്റെയും കരുണയുടെയും ബാഹ്യമായ പ്രകടനമായിരിക്കണം നമ്മുടെ ദാനധർമ്മവും കാരുണ്യപ്രവൃത്തികളും. ജീവിതത്തെ ഭാരപ്പെടുത്തുവാൻ മാത്രം ഉപകരിക്കുന്നവയെ ഒഴിവാക്കി, കൂടുതൽ സ്വാതന്ത്ര്യത്തിലേക്കും സത്യത്തിലേക്കും നമ്മെ നയിക്കുന്നതായിരിക്കണം നമ്മുടെ ഉപവാസം
പ്രലോഭനങ്ങളും ദൈവാനുഭവവും
വിശുദ്ധ മത്തായിയുടെ സുവിശേഷം നാലാം അധ്യായത്തിൽ യേശു മരുഭൂമിയിൽ നേരിടേണ്ടിവരുന്ന പ്രലോഭനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പിതാവിന്റെ ഹിതം ജീവിതത്തിൽ കൂടുതൽ ആഴത്തിൽ സ്വീകരിക്കാൻ, അത് തീക്ഷ്ണതയോടെ, ഹൃദയത്തോട് ചേർത്തു വയ്ക്കാൻ, ജീവൻ നൽകിയും അത് പ്രാവർത്തികമാക്കാനുള്ള ഒരുക്കത്തിന്റെ ദിനങ്ങൾ കൂടിയായി മരുഭൂമിയിലെ ദിനങ്ങളെ ദൈവപുത്രൻ മാറ്റിയെടുക്കുന്നു. മാനവരക്ഷയ്ക്കായി ഭൂമിയിലവതരിച്ച മനുഷ്യപുത്രൻ തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന് മുൻപ് മരുഭൂമിയിൽ കടന്നുപോയ പരീക്ഷണങ്ങളുടെ ദിനങ്ങളുടെ ഒരു അനുസ്മരണവും അനുഭവവും കൂടിയാണ് നമ്മുടെ നോമ്പുദിനങ്ങൾ. നമ്മുടെ മുന്നിലും സ്വയം ഉയർത്താനും, ദൈവത്തെപ്പോലെയോ, ദൈവത്തേക്കാളുമോ നമ്മെത്തന്നെ കാണാനുമുള്ള പ്രലോഭനങ്ങൾ ഉണ്ടായേക്കാം. എന്നാൽ ക്രിസ്തു എപ്രകാരം തന്നെത്തന്നെ ദൈവഹിതത്തിനു സമർപ്പിച്ചുവോ, എപ്രകാരം ദൈവത്തെ ഏറ്റു പറഞ്ഞുവോ അതുപോലെ ദൈവത്തെ ഏക കർത്താവും ഏക ദൈവവുമായി ഏറ്റുപറയുവാൻ, നമ്മുടെ അഹത്തെ ദൈവത്തിന് മുന്നിൽ സമർപ്പിക്കാൻ, ലോകമോഹങ്ങളും സ്വാർത്ഥചിന്തകളും കൈവെടിയാൻ നമുക്ക് ഈ നോമ്പുകാലജീവിതത്തിലൂടെ സാധിക്കണം.
മത്തായിയുടെ തന്നെ സുവിശേഷത്തിൽ പതിനേഴാം അധ്യായത്തിന്റെ ആദ്യഭാഗത്ത് യേശുവിന്റെ രൂപാന്തരീകരണത്തിന്റെ സംഭവം വിവരിക്കുന്നുണ്ട്. പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് യേശു ഒരു ഉയർന്ന മലയിലേക്ക് പോയി, അവിടെ അവൻ അവരുടെ മുൻപിൽവച്ച് രൂപാന്തരപ്പെട്ടു എന്ന് സുവിശേഷം സാക്ഷിക്കുന്നു. ജീവിതത്തിൽ ദൈവാനുഭവം ഉണ്ടാകുവാൻ ക്രിസ്തുവിനൊപ്പം ആയിരിക്കുന്നത് പ്രധാനപ്പെട്ടതാണ്. സഹനത്തെയും കുരിശിനെയും തള്ളിപ്പറയുന്ന ശിമയോൻ പത്രോസുപോലും ദൈവാനുഭവത്തിന്റെ സുന്ദരനിമിഷങ്ങളിലൂടെ കടന്നുപോകുന്നത്, ക്രിസ്തുവിനൊപ്പം ഉയർന്ന മലയിലായിരിക്കുമ്പോഴാണ്. ക്രിസ്തുവിന്റെ, ദൈവപുത്രന്റെ രൂപാന്തരീകരണത്തിനും, നിയമത്തെയും പ്രവാചകന്മാരെയും പ്രതിനിധീകരിക്കുന്ന മോശയും എലിയെയും പ്രത്യക്ഷപ്പെടുന്നതിനും സാക്ഷികളാകാൻ സാധിക്കുന്നതും ക്രിസ്തുവിനൊപ്പം ഉപ-വസിക്കുന്നതുകൊണ്ട്, കൂടെ വസിക്കുന്നതുകൊണ്ടാണ്. നമ്മുടെ ജീവിതത്തിലും നോമ്പിന്റെ ദിനങ്ങൾ ദൈവം പ്രത്യേകമായി നമുക്കായി ഒരുക്കുന്ന ദിനങ്ങളാണ്. അവനോടൊപ്പം ആയിരിക്കാനായി ആധ്യാത്മികതയുടെ ഒരു ഉയർന്ന മലയിലേക്കാണ് ഈ ദിനങ്ങളിൽ യേശു നമ്മെ നയിക്കുന്നത്. പ്രലോഭനങ്ങളുടെയും സഹനങ്ങളുടെയും ഒക്കെ ഇടയിലും ദൈവത്തോടൊപ്പമാകാൻ, മരുഭൂമിയിലെ യേശുവിനെപ്പോലെ എല്ലാത്തിനെയും ദൈവഹിതമനുസരിച്ച് അതിജീവിക്കുവാൻ നോമ്പുകാലം തീക്ഷ്ണതയോടെ ജീവിക്കേണ്ടതുണ്ട്. അങ്ങനെ യേശുവിനൊപ്പം ആയിരിക്കുവാൻ നാം പരിശ്രമിക്കുമ്പോഴാണ്, അവന്റെ ശക്തിയോടെ പ്രലോഭനങ്ങളെ അതിജീവിക്കാൻ, അവന്റെ മഹത്വം ദർശിക്കാൻ നമുക്ക് സാധിക്കുക.
ഉപസംഹാരം
എളിമയോടെ ജീവിക്കാൻ ഈ വലിയനോമ്പിന്റെ ദിനങ്ങൾ നമ്മെ സഹായിക്കട്ടെ. ലോകത്ത് നാം ഒറ്റയ്ക്കല്ലെന്ന പ്രതീക്ഷയുടെയും ഉത്തരവാദിത്വത്തിന്റെയും ചിന്ത കൂടുതൽ നമ്മിൽ വളരട്ടെ. നമ്മെക്കുറിച്ചെന്നപോലെ നമ്മുടെ സഹോദരങ്ങളെക്കുറിച്ച് കൂടി നമുക്ക് കരുതലുള്ളവരാകാം. പ്രാർത്ഥനയിൽ വളരാം. ദൈവത്തിന് ജീവിതത്തിൽ പ്രഥമവും പ്രധാനപ്പെട്ടതുമായ സ്ഥാനം അംഗീകരിച്ചു തിരികെ നൽകാൻ, ഹൃദയം അവനുമായുള്ള സംഭാഷണത്തിനായി തുറന്നു കൊടുക്കാം. കുറച്ചുകൂടി ദൈവികമായ സ്വാതന്ത്ര്യമുള്ള മനുഷ്യരായി വളരാം. അഹംഭാവത്തിന്റെ ഭാരമിറക്കി ഉപവസിക്കാം. ക്രൂശിതന്റെ പിന്നാലെയുള്ള വിശ്വാസയാത്രയിൽ ധൈര്യപൂർവ്വം നമ്മുടെ കാൽപ്പാടുകൾ വയ്ക്കാം. പരീക്ഷണങ്ങളുടെ മരുഭൂമിയിൽ ക്രിസ്തുവിനൊപ്പം, ക്രിസ്തുവിനെപോലെ ദൈവത്തിൽ ആശ്രയം വച്ച്, ജീവിതം സമർപ്പിച്ച് മുന്നോട്ടു നീങ്ങാം. രൂപാന്തരീകരിക്കപ്പെട്ട മനുഷ്യരായി മാറാം. ദൈവസൃഷ്ടികളെന്ന നിലയിൽ ദൈവികമായ പ്രഭപരത്തുന്ന ദൈവമക്കളായി മാറാം. യേശു എപ്രകാരം പിതാവിന്റെ ഹിതത്തെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചോ, അതെ തീവ്രതയോടെ, സ്നേഹത്തോടെ നമുക്കും ദൈവപിതാവിന്റെ ഹിതമറിഞ്ഞ്, അവന്റെ മക്കളെന്ന നിലയിൽ പുത്രതുല്യമായ സ്നേഹത്തോടെയും അനുസരണത്തോടെയും ശരണത്തോടെയും ജീവിതത്തിൽ മുന്നേറാം. ആത്മീയതയുടെ പർവ്വതശ്രിംഗങ്ങളിൽ ദൈവത്തോടൊപ്പമായിരിക്കാനും, എന്നാൽ ആ വിശുദ്ധിയോടെ ലോകത്തിൽ ദൈവാനുഭവത്തിന്റെ ഭംഗി പകരുന്ന ദൈവമക്കളാകാനും ഈ നോമ്പുകാലം നമുക്ക് പ്രേരണയും അനുഗ്രഹവുമായി മാറട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: