തിരയുക

അർജെന്റീനയിൽ പ്രസിദ്ധീകരിച്ച  എൽ പസ്തോർ എന്ന ഗ്രന്ഥം. അർജെന്റീനയിൽ പ്രസിദ്ധീകരിച്ച എൽ പസ്തോർ എന്ന ഗ്രന്ഥം. 

പാപ്പാ : പൊതുനന്മയ്ക്കായി നാമെല്ലാവരും രാഷ്ട്രിയത്തിൽ ഏർപ്പെടണം

സഭ, രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, റോമൻ കൂരിയ നവീകരണം, "പൊതുഭവന" ത്തിനു നേരെയുള്ള ഭീഷണി തുടങ്ങി വളരെ പ്രധാനപ്പെട്ടതും അടിയന്തിരവുമായ വിഷയങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പായുമായി മാധ്യമ പ്രവർത്തകരായ ഫ്രാൻചെസ്ക അംബ്രോജെത്തിയും, സെർജ്ജോ റൂബിനും ചേർന്ന് നടത്തിയ അഭിമുഖങ്ങളുടെ ഫലമാണ് അർജന്റീയിൽ പ്രസിദ്ധീകരിച്ച എൽ പസ്തോർ എന്ന ഗ്രന്ഥം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

2010ൽ എഴുതിയ എൽ ജെസ്വിത്ത  (The Jesuit) എന്ന പുസ്തകത്തിനു ശേഷം ദേശീയ മാധ്യമ സംഘടനയുടെ മുൻ അദ്ധ്യക്ഷയായിരുന്ന ഫ്രാൻചെസ്കാ അംബ്രോജെത്തിയും എൽ ക്ലാരിൻ ദിനപത്രത്തിന്റെ ലേഖകൻ സെർജോ റൂബിനും ജോർജ്ജ് മരിയോ ബെർഗോളിയോയുടെ ചിത്രത്തിലേക്ക് തിരിച്ചുവരികയാണ്. ആദ്യ ഗ്രന്ഥത്തിൽ അവർ ബോനോസ് എയേഴ്സിലെ ആർച്ചുബിഷപ്പായിരുന്ന കർദ്ദിനാളിന്റെ ചിന്തകൾ ശേഖരിച്ച അവർ രണ്ടാമത്തെ ഗ്രന്ഥത്തിൽ ഫ്രാൻസിസ് പാപ്പായുടെ മജിസ്തേരിയുമിനെയും അദ്ദേഹം ഈ 10 വർഷത്തെ പാപ്പായുടെ പദവിയിൽ അഭിമുഖീകരിച്ച വെല്ലുവിളികളെയും സുവിശേഷ പ്രഘോഷണത്തിന്റെ പുനരുജ്ജീവനം, വത്തിക്കാൻ കേന്ദ്രീകരണം കുറയ്ക്കൽ, പെദോഫീലിയ നിയമവിരുദ്ധമാക്കുക, സാമ്പത്തിക അഴിമതിക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ ഭാവിലക്ഷ്യങ്ങളെയുമാണ് ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.

19 അദ്ധ്യായങ്ങളുള്ള പുസ്തകത്തിന്റെ ആമുഖത്തിൽ ഫ്രാൻചെസ്കായുടേയും സെർജോയുടേയും സ്ഥിരോൽസാഹത്തെ താൻ സമ്മതിക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ എഴുതുന്നു. 10 വർഷത്തോളം നടത്തിയ അഭിമുഖങ്ങളിൽ നിന്നാണ് ഫ്രാൻസിസ് പാപ്പായുടെ മജിസ്തേരിയത്തെ ഈ ലേഖകർ വിശകലനം ചെയ്യുന്നത്.

കുടിയേറ്റം, ജീവന്റെ സംരക്ഷണം, റോമൻ കൂരിയാ നവീകരണത്തിന്റെ പ്രത്യാഘാതം, കുട്ടികളുടെ ചൂഷണം മുതലായ വിഷയങ്ങളാണ് ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടള്ളത്. എങ്ങനെയാണ് കുട്ടികളുടെ ചൂഷണം എന്ന വിപത്ത്  കൈകാര്യം ചെയ്തത് എന്നതാശ്രയിച്ചാവും തന്റെ ഭരണകാലത്തെ പ്രധാനമായും വിലയിരുത്തപ്പെടുക എന്ന് ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞു.

കുടുംബത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും, ഭീഷണി നേരിടുന്ന " പൊതു ഭവനം", സ്ത്രീ പ്രതിഭ, സഭയിലെ ഔദ്യോഗിക സ്ഥാനത്തിനായുള്ള നെട്ടോട്ടം (കരിയറിസം ) മുതലായവയെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ സംസാരിക്കുന്നുണ്ട്. സ്വവർഗ്ഗ രതിയെക്കുറിച്ച് പറയുമ്പോൾ "സഭയിലെ തിരസ്കരണം അനുഭവിച്ചവരോടു, അവരും സഭയിലെ ആളുകളാണെന്ന് അറിയാക്കാൻ താൻ ആഗ്രഹിക്കുന്നു" എന്നാണ് പാപ്പാ പറയുന്നത്.

ഒരു മാനസീകാവസ്ഥയെ പരിവർത്തനം ചെയ്യുന്ന സുവിശേഷം

രാഷ്ട്രീയമാണ് ഗ്രന്ഥത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്. " ശരിയാണ് ഞാൻ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നു, എല്ലാവരും രാഷ്ട്രീയത്തിൽ ഏർപ്പെടണം" പാപ്പാ പറയുന്നു. രാഷ്ട്രീയമെന്നത് നഗരത്തിനു വേണ്ടിയുള്ള ഒരു ജീവിതരീതിയാണ്. താൻ ചെയ്യാത്തതും സഭ ചെയ്യാൻ പാടില്ലാത്തതും പാർട്ടി രാഷ്ട്രീയമാണ്. എന്നാൽ സുവിശേഷത്തിന് ഒരു രാഷ്ട്രീയ തലമുണ്ട്. ജനങ്ങളുടെ സാമൂഹികമായ മാനസികാവസ്ഥയെ (മതപരമായതു പോലും) പൊതുനന്മയിലേക്ക് നയിക്കുന്ന ഒരു പരിവർത്തനം നടത്തുന്നതാണ് അതെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

ഗ്രന്ഥത്തിലെ മറ്റൊരു പ്രധാന പ്രമേയം സാമ്പത്തിക വ്യവസ്ഥയാണ്. ഇക്കാര്യത്തിൽ സഭയുടെ സാമൂഹിക അനുശാസനങ്ങളാണ് അനുഗമിക്കേണ്ട വെളിച്ചമെന്നും താൻ മുതലാളിത്തത്തെ അപലപിക്കുന്നില്ല എന്നും  എന്നാൽ വി. ജോൺ പോൾ രണ്ടാമൻ ചൂണ്ടിക്കാട്ടിയ ഒരു സാമൂഹിക കമ്പോള സമ്പദ് വ്യവസ്ഥ (Social Market Economy) പിൻചെല്ലേണ്ടത് ആവശ്യമാണെന്നും ഫ്രാൻസിസ് പാപ്പാ സൂചിപ്പിക്കുന്നു. ഇന്ന് ധനം നിലനിൽക്കുകയും സമ്പത്തിലുള്ള പങ്കാളിത്തം കുറഞ്ഞു കുറഞ്ഞുവരികയുമാണ്. ഇന്ന് സമ്പത്തിന്റെ കേന്ദ്രീകരണവും അസമത്വവും വർദ്ധിച്ചുവെന്നും അനേകം ആളുകൾ പട്ടിണിയിലാണെന്നും നാം സമ്മതിക്കേണ്ടിയിരിക്കുന്നു, പാപ്പാ കൂട്ടിച്ചേർത്തു.

വത്തിക്കാൻ സാമ്പത്തിക കാര്യങ്ങളിലെ സുതാര്യത

വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു കൊണ്ട് സഭയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടേയും നല്ല വിശ്വാസം സംരക്ഷിക്കുകയാണ് പാപ്പാ ചെയ്തത്. എന്നാൽ ചില വൈദീകരും സഭയുടെ പല 'വ്യാജ സുഹൃത്തുക്കളും' വത്തിക്കാന്റെതല്ല, മറിച്ച്, വിശ്വാസികളുടെ പിതൃസമ്പത്തായ സ്ഥാവരജംഗമ വസ്തുക്കൾ ദുരുപയോഗം ചെയ്യാൻ സഹായം നൽകിയിട്ടുണ്ടു എന്ന് നിഷേധിക്കാനാവില്ല എന്നും ഫ്രാൻസിസ് പാപ്പാ സമ്മതിക്കുന്നു.

ലണ്ടനിലെ വസ്തുവകകളുടെ വിൽപ്പന സംബന്ധിച്ച് ശരിക്കും വത്തിക്കാനിലാണ് സംശയകരമായ അതിന്റെ വിൽപ്പന കണ്ടെത്തിയതെന്നും അതിനാൽ താൻ സന്തോഷിച്ചുവെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. കാരണം, ഇന്ന് വത്തിക്കാന്റെ ഭരണ സംവിധാനത്തിൽ അതിനുള്ളിൽ നടക്കുന്ന വൃത്തികേടുകളിലേക്ക് വെളിച്ചം പകരാനുള്ള മാർഗ്ഗങ്ങൾ ഉണ്ടെന്നതിന്റെ സൂചനയാണത്.

ചൈനയിലേക്ക് പോകാൻ തയ്യാർ

തനിക്ക് അർജെന്റീനയ്ക്ക് ചെല്ലാൻ ഇഷ്ടമില്ല എന്ന് പറയുന്നത് ശരിയല്ലയെന്നും അങ്ങോട്ട് പോകാനുള്ള ആഗ്രഹം നിലനിൽക്കുന്നുവെന്നും പറഞ്ഞ പാപ്പാ പരിശുദ്ധ സിംഹാസനവും ചൈനയുമായുള്ള കരാറിനെക്കുറിച്ചും സംസാരിച്ചു. അവിടത്തെ പ്രശ്നങ്ങളെയും ദുരിതങ്ങളെയും കുറിച്ച് താൻ ബോധവാനാണെന്നും പോകാൻ സാധിക്കുമെങ്കിൽ നാളെ തന്നെ താൻ പോകാൻ താൻ തയ്യാറാണെന്നും പാപ്പാ പറഞ്ഞു.

സഭ തപാൽ വഴിയുള്ള അമ്മയല്ല

വിശ്വാസത്തിന്റെ പ്രതിസന്ധി ദൈവസഹായത്താൽ അതിജീവിച്ച കാര്യവും അവസാനം പാപ്പാ ഏറ്റുപറഞ്ഞു. എന്തു തന്നെയായാലും, നമ്മെ വളർത്താത്ത വിശ്വാസം വളരേണ്ട ഒരു വിശ്വാസമാണ് എന്നതുപോലെ പ്രതിസന്ധിയിലാക്കാത്ത ഒരു വിശ്വാസം പ്രതിസന്ധിയിലായ വിശ്വാസമാണ് എന്ന് ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചു. സഭ ഒരമ്മയാണ്, എന്നാൽ, കത്തു കൊണ്ട് ആരും അമ്മമാരാകുന്നില്ല. തലോടലുകൾ, ചുംബനങ്ങൾ എന്നിവ വഴിയാണ് അമ്മ സ്നേഹം നൽകുന്നത്. ഒരു നൂറായിരം കാരണങ്ങളുടെ തിരക്കിനാലും, പ്രമാണങ്ങൾ വഴിമാത്രം അവരോടു സംസാരിക്കുകയും ചെയ്തുകൊണ്ട്   സഭ തന്റെ മക്കളോടു സമീപത്താകാതിരുന്നാൽ, അത് ഒരമ്മ തന്റെ മക്കളോടു കത്തിലൂടെ മാത്രം ബന്ധപ്പെടുന്നതുപോലായിരിക്കും എന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഫെബ്രുവരി 2023, 13:40