സമാധാനയത്നത്തിൽ നീതിക്കായുള്ള പ്രതിബദ്ധത അന്തർലീനം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകത്തിൽ ഇന്ന് അരങ്ങേറുന്ന ഒരുതരം സ്വയം വിനാശകരമായ സംഘർഷങ്ങൾക്കു മുന്നിൽ സമാധാനത്തിനും നീതിക്കുമായുള്ള നമ്മുടെ ദാഹം വർദ്ധമാനമാകുന്നുവെന്ന് മാർപ്പാപ്പാ.
വത്തിക്കാനിൽ ശനിയാഴ്‌ച (25/02/23) ഫ്രാൻസീസ് പാപ്പാ തൊണ്ണൂറ്റിനാലാം കോടതിവത്സരം ഉദ്ഘാടനം ചെയ്യവെയാണ് ഇതു പറഞ്ഞത്.
കോവിദ് 19 മഹാമാരിയുടെ ഭീകരമായ അഗ്നിപരീക്ഷയ്ക്കും പ്രതിസന്ധികൾക്കു ശേഷം എത്രയും വേഗം പുനരാരംഭിക്കാമെന്ന പ്രത്യാശയെ, വ്യാപകമായ ഐക്യദാർഢ്യാരൂപി ഊട്ടിവളർത്തിയതും എന്നാൽ ഇതിനിടയിൽ നർഭാഗ്യവശാൽ പൊട്ടിപ്പുറപ്പെട്ട ഉക്രയിൻ യുദ്ധം പ്രതിസന്ധിയെ അതിരൂക്ഷമാക്കിയിരിക്കുന്നതും പാപ്പാ അനുസ്മരിച്ചു. ഈ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, സമാധാനവും നീതിയും കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് സാക്ഷ്യമേകണ്ടതിൻറെ ആവശ്യകത അത്യന്താപേക്ഷിതമായിത്തീരും വിധം നമ്മുടെ മനസ്സാക്ഷിയിൽ ശക്തിപ്പെടുന്നുവെന്ന് പാപ്പാ പറഞ്ഞു.
സമാധാനത്തിനായുള്ള ഓരോ പരിശ്രമവും നീതിക്കായുള്ള യത്നത്തെ സൂചിപ്പിക്കുകയും നീതിക്കായുള്ള പ്രതിബദ്ധത ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും നീതിയില്ലാതെയുള്ള സമാധാനം യഥാർത്ഥ സമാധാനമല്ലയെന്നും അതിന് ഉറച്ച അടിത്തറയോ ഭാവി സാധ്യതയോ ഇല്ല എന്നും പാപ്പാ വിശദീകരിച്ചു. നീതി എന്നത് അമൂർത്തമോ കല്പനാസൃഷ്ടിയോ അല്ലയെന്നും ബൈബിളിൽ, അത് ദൈവത്തോടുള്ള എല്ലാ കടമകളുടെയും സത്യസന്ധവും വിശ്വസ്തവുമായ നിറവേറ്റലും ദൈവഹിത നിർവ്വഹകണവും ആണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
നീതി ഒരു പുണ്യവുമാണെന്ന് വ്യക്തമാക്കിയ പാപ്പാ അത് വൈക്തിക പരിവർത്തനത്തിനായുള്ള പരിശ്രമത്തിലൂടെ വളർത്തിയെടുക്കേണ്ടതും വിവേകം, ധൈര്യം, സംയമനം എന്നീ മൗലികപുണ്യങ്ങൾക്കൊപ്പം അഭ്യസിക്കേണ്ടതുമാണെന്ന് ഓർമ്മിപ്പിച്ചു. പരസ്പരം കലഹിക്കുന്ന സമൂഹാംഗങ്ങൾക്കു മദ്ധ്യേയും സമൂഹത്തിനകത്തും ധ്വംസിക്കപ്പെട്ട സമാധാനം പുനഃസ്ഥാപിക്കുന്നതിന് നീതിന്യായ മണ്ഡലത്തിലുള്ളവരുട ഉത്തരവാദിത്വത്തിന് ഈ പുണ്യം സവിശേഷമാംവിധം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
നീതിയുടെ പാത എല്ലാവരേയും, വിശിഷ്യ, ഏറ്റം ദുർബ്ബലരെ സംരക്ഷിക്കുന്ന സാഹോദര്യം സാദ്ധ്യമാക്കിത്തീർക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. തനിക്ക് സൗജന്യമായി ലഭിച്ച കാരുണ്യത്തിന് വാക്കിലും പ്രവൃത്തിയിലും സാക്ഷ്യം വഹിക്കുമ്പോഴാണ് സഭ സർവ്വോപരി അവളുടെ നിയോഗം നിറവേറ്റുന്നതെന്ന വസ്തുതയും പാപ്പാ എടുത്തുകാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: