തിരയുക

 ജോർജിയയിലെ ടിബിലിസിയിലെ "സുൽഖാൻ-സബ ഓർബെലിയാനി" സർവ്വകലാശാലയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘവുമായി ഫ്രാൻസിസ് പാപ്പാ. ജോർജിയയിലെ ടിബിലിസിയിലെ "സുൽഖാൻ-സബ ഓർബെലിയാനി" സർവ്വകലാശാലയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘവുമായി ഫ്രാൻസിസ് പാപ്പാ.  (Vatican Media)

പാപ്പാ: നിസ്സംഗതയുടെ സംസ്കാരത്തിനെതിരെ പോരാടാൻ വിദ്യാഭ്യാസം ഉപയോഗിക്കുക

നിസ്സംഗതയുടെയും വിദ്വേഷത്തിന്റെയും അന്ധകാരം അകറ്റാൻ അറിവും വിശ്വാസവും ഉപയോഗിക്കാൻ ജോർജിയയിലെ ടിബിലിസിയിലെ "സുൽഖാൻ-സബ ഓർബെലിയാനി" സർവ്വകലാശാലയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘത്തോടു ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജോർജിയയിലെ "സുൽഖാൻ-സബ ഓർബെലിയാനി" സർവ്വകലാശാലയുടെ 20-ആം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.

സർവ്വകലാശാലയിലെ പ്രൊഫസർമാരെയും, വിദ്യാർത്ഥികളെയും സുഹൃത്തുക്കളെയും അഭിവാദ്യം ചെയ്ത പാപ്പാ, വിദ്യാഭ്യാസത്തിന്റെയും സാംസ്കാരിക ഗവേഷണത്തിന്റെയും പ്രാധാന്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അവരുടെ സന്ദർശനത്തിന് നന്ദി പറഞ്ഞു. യുവജനളുടെ വിദ്യാഭ്യാസം, സ്വയം വളരാനും സ്വയം പഠിക്കാനും പുതിയ അവസരങ്ങൾ പ്രദാനം ചെയ്യുന്നുവെന്നും പാപ്പാ  തുടർന്ന് പറഞ്ഞു.

"യുവതലമുറ വളരാനും ഏറ്റവും ഫലവത്തായ വേരുകൾ കണ്ടെത്താനും നട്ടുവളർത്താനും വിദ്യാഭ്യാസം സഹായിക്കുന്നു.  അങ്ങനെ അവർ ഫലം നൽകുന്നവരാകും" പാപ്പാ പറഞ്ഞു. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ കത്തോലിക്കരും ഓർത്തഡോക്സ് വിശ്വാസികളും തമ്മിലുള്ള ദീർഘവും ഫലപ്രദവുമായ സഹകരണത്തെ അവരുടെ സർവ്വകലാശാല പ്രതിനിധീകരിക്കുന്നുവെന്ന് പാപ്പാ കൂട്ടിചേർത്തു.

വെറുപ്പിന്റെ അന്ധകാരത്തിനെതിരെ പോരാടാനുള്ള വെളിച്ചമാണ് വിദ്യാഭ്യാസം

ജോർജിയൻ ഭാഷയിലെ "വിദ്യാഭ്യാസം" എന്ന വാക്ക് വെളിച്ചം എന്ന  അർത്ഥമുള്ള "ഗാനറ്റ്ലെബ" എന്ന വാക്കിൽ നിന്നാണ് വന്നത് എന്ന് ഫ്രാൻസിസ് പാപ്പാ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഒരു  ഇരുട്ടുമുറിയിൽ വച്ചിരിക്കുന്ന വിളക്ക് പോലെ, എല്ലാറ്റിന്റെയും രൂപഭാവം മാറ്റാനുള്ള കഴിവ് വിദ്യഭ്യാസത്തിനുണ്ടെന്ന് പറഞ്ഞ പാപ്പാ വിദ്വേഷത്തിന്റെ അന്ധകാരം നിറഞ്ഞ ഒരു ലോകത്ത്, ഭൂതകാലത്തിന്റെ ഓർമ്മ പുനഃസ്ഥാപിക്കുകയും വർത്തമാനകാലത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്ന "അറിവിന്റെ പ്രകാശം" ശക്തമായ ആവശ്യമാണെന്ന്  ഓർമ്മപ്പെടുത്തി. സ്വയം അറിയുന്നതിനും, വിശ്വാസത്തെയും ദൈവത്തെയും കണ്ടെത്തുന്നതിനും അറിവ് പ്രധാനമാണ്. കൂടാതെ, സംസ്കാരത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നമുക്ക് “ഭൂതകാലത്തിന്റെ ഓർമ്മ പുനഃസ്ഥാപിക്കാനും വർത്തമാനകാലത്തിലേക്ക്  പ്രകാശം വീശാനും കഴിയും, അത് "ഒരു ചെറുപ്പക്കാരന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.”

വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പോഷകരായി യുവാക്കൾ

വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പരിപോഷകർ എന്ന നിലയിൽ യുവജനങ്ങൾ  അത്യന്താപേക്ഷിതമാണ് എന്ന്  ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അവരുടെ സന്തോഷവും ജീവിതത്തോടുള്ള സ്നേഹവും വിശ്വാസവും സന്തോഷവും വളർത്തിയെടുക്കാൻ അനുവദിക്കുന്നു. പാപ്പാ കൂട്ടിചേർത്തു. ജോർജിയയുടെ ചരിത്രവും അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കുള്ള ഈ പരിവർത്തനത്തെ ഉൾക്കൊള്ളുന്നു. വിദേശ അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ഫലമായുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ നിമിഷങ്ങളിൽ രാജ്യത്തിന് തിളങ്ങാൻ കഴിഞ്ഞ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു. ജോർജിയൻ ജനതയ്ക്ക് ഈ പ്രയാസകരമായ നിമിഷങ്ങളെ ചെറുക്കാൻ കഴിഞ്ഞത് അവരുടെ വിശ്വാസവും സംസ്കാരവും കാരണമാണെന്ന് പറഞ്ഞ പാപ്പാ പ്രതിസന്ധിയുടെ നിമിഷങ്ങളിൽ, ജോർജിയൻ ജനതയുടെ വിശ്വാസം പരിപോഷിപ്പിക്കുന്നതിനും ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും കത്തോലിക്കാ സഭയുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് വിശദീകരിച്ചു. ഇത് അവരുടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസ്തിത്വത്തിൽ ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞ പാപ്പാ  മനോഹരവും അതുല്യവുമായ "ജോർജിയൻ മാനവികത" ലോകത്തിന് പ്രചരിപ്പിക്കാനുള്ള സാധ്യത ഇത്  നൽകുന്നു എന്നും ഓർമ്മപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഫെബ്രുവരി 2023, 16:34