തിരയുക

ഫ്രാൻസീസ് പാപ്പാ ഉക്രൈയിൻ യുദ്ധവാർഷിക ദിനത്തിൽ വത്തിക്കാനിൽ പ്രദർശിപ്പിക്കപ്പെട്ട ഹ്രസ്വ രേഖാ ചലച്ചിത്രം കണ്ടതിനു ശേഷം ഉക്രൈയിനിൻറെ പതാകയെ ചുംബിക്കുന്നു,24/02/22 ഫ്രാൻസീസ് പാപ്പാ ഉക്രൈയിൻ യുദ്ധവാർഷിക ദിനത്തിൽ വത്തിക്കാനിൽ പ്രദർശിപ്പിക്കപ്പെട്ട ഹ്രസ്വ രേഖാ ചലച്ചിത്രം കണ്ടതിനു ശേഷം ഉക്രൈയിനിൻറെ പതാകയെ ചുംബിക്കുന്നു,24/02/22  (Vatican Media)

പാപ്പാ പ്രാർത്ഥിക്കുന്നു:ഹൃദയങ്ങളിൽ സമാധാനത്തിൻറെ വിത്തു വിതയ്ക്കേണമേ!

“സ്വാതന്ത്ര്യം തീച്ചൂളയിൽ: സ്വാതന്ത്ര്യത്തിനായുള്ള ഉക്രൈയിനിൻറെ പോരാട്ടം” (Freedom on Fire: Ukraine’s Fight for Freedom) എന്ന ശീർഷകത്തിൽ ഒരു ഹ്രസ്വ രേഖാ ചലച്ചിത്രം (ഡോക്യുമെൻററി) ഉക്രൈയിൻ യുദ്ധവാർഷികദിനത്തിൽ വത്തിക്കാനിൽ പ്രദർശിപ്പിക്കപ്പെട്ടു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവസൃഷ്ടിയായ സൗന്ദര്യത്തെ സ്വാർത്ഥതയിൽ മുങ്ങി നശിപ്പിച്ചു കളയുന്നതിനല്ല, പ്രത്യുത, അത് ആസ്വദിക്കുന്നതിന് നരകുലത്തിൻറെ നയനങ്ങളെയും ഹൃദയമനസ്സുകളെയും സൗഖ്യപ്പെടുത്താനും നമ്മുടെ ഹൃദയങ്ങളിൽ സമാധാനത്തിൻറെ വിത്തു വിതയ്ക്കാനും മാർപ്പാപ്പാ സ്വർഗ്ഗീയ പിതാവിനോട് പ്രാർത്ഥിക്കുന്നു.

റഷ്യ ഉക്രയിനെതിരെ നിഷ്ഠൂര യുദ്ധം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായ ഫെബ്രുവരി 24-ന് വൈകുന്നേരം, വത്തിക്കാനിൽ “സ്വാതന്ത്ര്യം തീച്ചൂളയിൽ: സ്വാതന്ത്ര്യത്തിനായുള്ള ഉക്രൈയിനിൻറെ പോരാട്ടം” (Freedom on Fire: Ukraine’s Fight for Freedom) എന്ന ശീർഷകത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഹ്രസ്വ രേഖാ ചലച്ചിത്രം (ഡോക്യുമെൻററി) കണ്ടതിനു ശേഷം ശാലയിൽ സന്നിഹിതരായിരുന്നവരോട് സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

താൻ സൃഷ്ടിച്ച മനുഷ്യനോട് ദൈവം പറഞ്ഞത് ഭൂമിയെ ഏറ്റെടുത്ത് പരിപാലിക്കാനും മനോഹരമാക്കിത്തീർക്കാനുമാണെന്ന് അനുസ്മരിച്ച പാപ്പാ, എന്നാൽ യുദ്ധത്തിൻറെ അരൂപിയാകട്ടെ നേരെ വിപരിതമാണെന്നും അത് നാശം വിതയ്ക്കുകയാണ്, വളരാൻ അനുവദിക്കാതിരിക്കുകയാണ്, ആബാലവൃദ്ധം ജനങ്ങളെ, സകലരെയും നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പ്രസ്താവിച്ചു.

ഉക്രൈയിൻ യുദ്ധം ഒരു വഷം പിന്നിടുന്ന വേളയിൽ അന്നാടിനു വേണ്ടി പ്രാർത്ഥിക്കാനും ആ ജനതയുടെ വേദന മനസ്സിലാക്കാനും എല്ലാവരെയും ക്ഷണിച്ചു.

യുദ്ധം എല്ലായ്പ്പോഴും വിനാശകരവും നമ്മെ ചെറുതാക്കുന്നതുമാണെന്നും ആകയാൽ കഷ്ടപ്പെടാനും കരയാനും നാം ലജ്ജിക്കേണ്ടതില്ലെന്നും പാപ്പാ പറഞ്ഞു.

ഇസ്രായേൽ-അമേരിക്കൻ സിനിമാസംവിധായകനായ എവ്ജെനി അഫിനീവ്സ്കി നിർമ്മിച്ച ഈ ഹ്രസ്വ രേഖാചലച്ചിത്രം കാണുന്നതിന് അദ്ദേഹം ഉൾപ്പടെ ഇരുന്നൂറ്റി നാല്പതോളം പേർ ശാലയിൽ ഉണ്ടായിരുന്നു. ഇവരിൽ പാവപ്പെട്ടവരും അഭയാർത്ഥികളും റോമിൽ വസ്ക്കുന്ന ഉക്രൈയിൻകാരിൽ ചിലരും ഉണ്ടായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 February 2023, 09:23