സഭാമക്കൾ എല്ലാവരും ഐക്യത്തിൽ സംഘാതാത്മകം ചരിക്കണം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അല്മായവിശ്വാസികളും ഇടയന്മാരും തമ്മിലുള്ള കൂട്ടുത്തരവാദിത്വ ജീവിതം വേർതിരിവ്, ഭയം, പരസ്പര വിശ്വാസമില്ലായ്മ എന്നിവയെ മറികടക്കാൻ സഹായിക്കുമെന്ന് മാർപ്പാപ്പാ.
അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻ കൂരിയാ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിൽ സംബന്ധിക്കുന്ന ഇരുനൂറോളം പേരെ ശനിയാഴ്‌ച (18/02/23) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ നടത്തിയ പ്രഭാഷണത്തിലാണ് ഫ്രാൻസീസ് പാപ്പാ, ഒരുമിച്ചു ചരിക്കാനുള്ള വിളി എന്ന ഈ സമ്മേളനത്തിൻറെ പ്രമേയത്തെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ട് ഇതു പറഞ്ഞത്.
സഭയുടെ സിനാഡാത്മകതയുമായി ഈ വിചിന്തന പ്രമേയം ചേർന്നു പോകുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. സഭാജീവിതത്തിൻറെ എല്ലാ മേഖലകളിലും ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും ഇടയന്മാരും അൽമായരും ഒരുമിച്ച് നിങ്ങേണ്ട സമയമാണിതെന്ന് പാപ്പാ പറഞ്ഞു. അൽമായ വിശ്വാസികൾ സഭയിൽ "അതിഥികൾ" അല്ല, അവർ അവരുടെ സ്വന്തം വീട്ടിലാണ് എന്ന് വ്യക്തമാക്കിയ പാപ്പാ ആകയാൽ സ്വഭവനങ്ങൾ പരിപാലിക്കാൻ അവർ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ചു.
വാസ്‌തവത്തിൽ, ദൈവം സഭയ്‌ക്ക് കാണിച്ചുതരുന്ന പാത, കൂട്ടായ്മ കൂടുതൽ തീവ്രമായും കൂടുതൽ മൂർത്തമായും ജീവിക്കുകയും ഒരുമിച്ച് നടക്കുകയും ചെയ്യുക എന്നതാണെന്ന് പാപ്പാ പറഞ്ഞു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന രീതികളെയും ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര പാതകളെയും മറികടക്കാൻ സഭ നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.
വൈദികഗണം അൽമായരിൽ നിന്നും സമർപ്പിതർ പുരോഹിതന്മാരിലും അൽമായ വിശ്വാസികളിൽ നിന്നും വേറിട്ടു നില്ക്കുന്നതും വരേണ്യരായ ഒരു വിഭാഗത്തിൻറെ ബൗദ്ധിക വിശ്വാസം സാമാന്യജന വിശ്വാസത്തിൽ നിന്നും റോമൻ കൂരിയ പ്രാദേശിക സഭകളിൽനിന്നും മെത്രാന്മാർ വൈദികരിൽ നിന്നും യുവജനം വൃദ്ധജനത്തിൽ നിന്നും വേർതിരിഞ്ഞു നില്ക്കുന്നതും സമൂഹ ജീവിതത്തിൽ കാര്യമായ ഇടപെടാതിരിക്കുന്ന ദമ്പതികളും കുടുംബങ്ങളും ഇടവകകളിൽ നിന്ന് വേർതിരഞ്ഞു നല്ക്കുന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങളും മറ്റും പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
പവിത്രീകരിക്കുന്ന ഏക ആത്മാവിനാൽ ചൈതന്യവത്കരിക്കപ്പെട്ടവരും ദൈവപിതാവിൻറെ കരുണാർദ്ര സ്നേഹം പ്രഘോഷിക്കുക എന്ന ഏക ദൗത്യോന്മുഖരുമായി രക്ഷകനായ ക്രിസ്തുവിലുള്ള ഏക വിശ്വാസത്തിൽ ഐക്യപ്പെട്ടവരുമായ ഒരു യഥാർത്ഥ ജനതയായി, ഏക ശരീരം എന്ന പോലെ ജീവിക്കാൻ സഭയ്ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: