തുർക്കി ഭൂകമ്പബാധിതരായ ജനങ്ങളോടു പാപ്പയുടെ പ്രാർത്ഥനയും സാമീപ്യവും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ദുഃഖത്തിന്റെ ഈ സമയത്ത് തന്റെ ചിന്തകളും പ്രാർത്ഥനകളും തുർക്കി ജനതയിലേക്കെത്തുന്നു എന്ന് സൂചിപ്പിച്ച പാപ്പാ താൻ അവർക്ക് സമീപത്താണെന്നും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും വാത്സല്യപൂർവ്വം പറഞ്ഞു.
ഫെബ്രുവരി 6 ആം തിയതി, 41,000-ലധികം പേരുടെ മരണത്തിനും വിനാശകരമായ മാനുഷിക അടിയന്തരാവസ്ഥയ്ക്കും കാരണമായ ഭൂകമ്പത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് വ്യക്തിപരമായി എഴുതിയ കുറിപ്പോടെ ഒരു പുസ്തകം ഫ്രാൻസിസ് പാപ്പാ പുതിയ അംബാസഡർക്ക് നൽകി.
നയതന്ത്ര ചുമതലയുടെ തുടക്കത്തിൽ തന്റെ യോഗ്യതാപത്രങ്ങൾ സമർപ്പിക്കുന്നതിനായി എത്തിയ അംബാസഡർ ഉഫുക്ക് ഉലുത്താസിനെ വ്യാഴാഴ്ച രാവിലെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
ഭൂകമ്പങ്ങൾ
തെക്കുകിഴക്കൻ തുർക്കിയിലും അതിന്റെ അയൽരാജ്യമായ വടക്കൻ സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങൾ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തമായി കണക്കാക്കപ്പെടുന്നു.
രാജ്യത്ത് 36,187 പേർ കൊല്ലപ്പെട്ടതായി തുർക്കി അധികൃതർ അറിയിച്ചു. ഭൂകമ്പം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷവും, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ തിരച്ചിൽ, രക്ഷാപ്രവർത്തനം തുടരുന്നു. അതിജീവിച്ചവരെ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുന്നുണ്ട്. ഹതേ പ്രവിശ്യയിലെ അന്റാക്യയിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ 228 മണിക്കൂർ ചെലവഴിച്ചതിന് ശേഷം രക്ഷപ്പെടുത്തിയ13 കാരനായ മുസ്തഫയെപ്പോലെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരെ ഇപ്പോഴും പുറത്തെടുക്കുന്നത് തുടരുകയാണ്.
പാപ്പാപ്പയുടെ അഭ്യർത്ഥനകൾ
ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും പ്രാർത്ഥനകളും മൂർത്തമായ ഐക്യദാർഢ്യവും പ്രഖ്യാപിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ആവർത്തിച്ച് അഭ്യർത്ഥിച്ചു. ബുധനാഴ്ച വത്തിക്കാൻ ദാനധർമ്മകാര്യദർശി കർദിനാൾ കോൺറാഡ് ക്രായോവ്സ്കി, തുർക്കിയിലേക്ക് താപ വസ്ത്രങ്ങളുടെ പെട്ടികൾ എത്തിച്ചു. കൂടാതെ നിരവധി വർഷത്തെ യുദ്ധത്താലും, വിനാശകരമായ ഭൂകമ്പത്താലും തളർന്നിരിക്കുന്ന സിറിയൻ ജനതയെ സഹായിക്കാൻ സിറിയയിലെ അപ്പോസ്തോലിക് ന്യൂൺഷിയേച്ചറിന് സാമ്പത്തിക സഹായവും നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: