പനാമ ബസ് അപകടത്തിൽ മരിച്ച കുടിയേറ്റക്കാരെ അനുസ്മരിച്ച് പാപ്പാ അനുശോചനം രേഖപ്പെടുത്തി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പനാമയിലുണ്ടായ മാരകമായ ബസ് അപകടത്തിൽ 40 ഓളം കുടിയേറ്റക്കാരുടെ ദാരുണമായ മരണത്തിൽ ഫ്രാൻസിസ് പാപ്പാ അതിയായ ദുഃഖം രേഖപ്പെടുത്തിയ സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ വഴി വ്യാഴാഴ്ച അയച്ചു.
സ്പാനിഷ് ഭാഷയിൽ എഴുതിയ ടെലഗ്രാമിൽ, മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്ന പാപ്പാ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്തു. ഉത്ഥിതനായ കർത്താവിലുള്ള പ്രത്യാശയുടെ അടയാളമായി അവർക്ക് ഹൃദയംഗമമായ അപ്പോസ്തോലിക ആശീർവാദം നൽകിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
ദാരുണമായ അപകടം
ബുധനാഴ്ച പുലർച്ചെ പടിഞ്ഞാറൻ പനാമയിൽ കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബസ് ഒരു മലഞ്ചെരിവിൽ നിന്ന് മറിഞ്ഞ് 39 കുടിയേറ്റക്കാർ കൊല്ലപ്പെടുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കുടിയേറ്റക്കാർ കൊളംബിയയിൽ നിന്ന് ഡാരിയൻ ഗ്യാപ്പ് കടന്നെത്തിയവരായിരുന്നു. ഈ വാർത്ത പനാമയ്ക്കും പ്രദേശത്തിനും ഖേദകരമാണെന്ന് പനാമ പ്രസിഡന്റ് ലോറന്റീനോ കോർട്ടിസോ ട്വിറ്ററിലൂടെ പങ്കുവച്ചു.
കുറഞ്ഞത് ഒരു ദശാബ്ദത്തിനിടെ പനാമയിൽ കുടിയേറ്റക്കാർ ഉൾപ്പെട്ട ഏറ്റവും വലിയ അപകടമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സമീപ വർഷങ്ങളിൽ, പനാമയിലൂടെയുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് വർദ്ധിച്ചു. അവർ അമേരിക്കയിലേക്ക് വടക്കോട്ട് പോകാൻ ശ്രമിക്കുന്ന ക്രോസിംഗ് വളരെ അപകടസാധ്യതയുള്ളതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: