പാപ്പാ: പരിശുദ്ധ മറിയത്തിന്റെ ജീവിതത്തെ അനുഗമിക്കുക
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ദൈവമാതാവായ മറിയത്തിന്റെ സുവിശേഷജീവിതം പിന്തുടരാനും മറിയത്തോടുള്ള സ്നേഹം, മരിച്ചവർക്കായി പ്രാർത്ഥന, പാവപ്പെട്ടവർക്ക് മുൻഗണന നൽകൽ എന്നീ മൂന്ന് ആശയങ്ങളിലൂടെ സന്യാസവും ഊർജസ്വലമായ അജപാലന പ്രവർത്തനവും ജീവിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ഫെബ്രുവരി 17-ന് വെള്ളിയാഴ്ച വത്തിക്കാനിൽ Marian Fathers of the Immaculate എന്ന സന്യാസസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഫ്രാൻസിസ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
അമ്മ മേരിയോടു സ്നേഹം
മാതാവിനെ വണങ്ങുകയെന്നാൽ പ്രധാനമായും അവളുടെ സുവിശേഷ ജീവിതത്തെ പിന്തുടരുക എന്നും ദൈവവചനം ശ്രവിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് ദൈവമാതാവായ മറിയത്തോടുള്ള ഭക്തി പരിപോഷിപ്പിക്കപ്പെടുകയും വളർത്തപ്പെടുകയും ചെയ്യുമെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
മരിച്ചവർക്കായി പ്രാർത്ഥന
സഭയുടെ സ്ഥാപകനായ വിശുദ്ധ സ്റ്റാനിസ്ലാവുസ് ജീവിച്ചിരുന്ന കാലത്തെ രണ്ട് വലിയ പ്രശ്‌നങ്ങളായിരുന്ന യുദ്ധം, പ്ലേഗ് രോഗം എന്നിവയാൽ മരിച്ചവർക്ക് വേണ്ടി തന്റെ പ്രാർത്ഥനകൾ സമർപ്പിച്ചതുപോലെ, ദുരിതമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിയും അവരുടെ കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ അവരോടു ആഹ്വാനം ചെയ്തു.
ദരിദ്രരിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
സഭയിലെ അജപാലകരെ സഹായിച്ച് കൊണ്ട് അക്കാലത്തെ ഏറ്റവും ഗുരുതരമായ ചില പ്രശ്‌നങ്ങളോടു പ്രതികരിക്കാൻ ഈ സഭാംഗംങ്ങൾ സഹായിച്ചതുപോലെ, വിശ്വാസം ദുർബലമായവർക്ക്, പ്രത്യേകിച്ച് താഴ്ന്ന വിഭാഗങ്ങൾക്കിടയിൽ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചു.
വൈദികരുടെ അഭാവം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയാൽ കഷ്ടപ്പെടുന്നുവെങ്കിലും സഭയുടെ ആദ്യ കാലത്തെ അവസ്ഥയെ പരിഗണിച്ച്, സാധാരണക്കാരോടു തുറവും ഗർഭധാരണം മുതൽ മരണം വരെ ജനങ്ങളുടെ ജീവിതത്തെ സംരക്ഷിക്കുകയും, നിസ്സാരരോടു ശ്രദ്ധ പുലർത്തുകയും, പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുകയും ചെയ്യുന്ന സഭാംഗങ്ങളുടെ പ്രവർത്തനങ്ങളെ പാപ്പാ പ്രശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: