തിരയുക

ഫ്രാ൯സിസ് പാപ്പാ. ഫ്രാ൯സിസ് പാപ്പാ. 

നോമ്പിന്റെ തപസ്സും സിനഡൽയാത്രയും

നോമ്പിന്റെ തപസ്സും സിനഡൽയാത്രയും

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വി. പൗലോസിന്റെ മാനസാന്തര തിരുനാളിന് ഒപ്പുവച്ച സന്ദേശം ഇന്നാണ് പുറത്തിറക്കിയത്. "നോമ്പുകാലതപസ്സും സിനഡൽ യാത്രയും " എന്ന ശീർഷകത്തിലാണ് സന്ദേശം.

യേശുവിന്റെ രൂപാന്തരീകരണം വിവരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഈ വർഷത്തെ നോമ്പുകാല സന്ദേശം നൽകിയത്. 3 സമാന്തര സുവിശേഷങ്ങളും വിവരിക്കുന്ന ഈ സംഭവം തന്നെ മനസ്സിലാക്കാൻ കഴിയാതിരുന്ന ശിഷ്യർക്കു മറുപടിയാണ് എന്ന് പാപ്പാ പറഞ്ഞു. ക്രിസ്തുവും ദൈവപുത്രനുമെന്ന് പ്രഖ്യാപിച്ച ശിമയോൻ പത്രോസ് സഹനത്തെയും കുരിശിനേയും തള്ളിപ്പറഞ്ഞപ്പോൾ ശിഷ്യനും ഗുരുവുമായുണ്ടായ സംഘർഷത്തിന് 6 ദിവസങ്ങൾക്ക് ശേഷം  യേശു അവരെ ഉയർന്ന മലയിലേക്ക് നയിച്ച  (മത്താ17, 1) സംഭവമെടുത്താണ് പാപ്പാ സന്ദേശത്തിന്റെ ആമുഖം തയ്യാറാക്കിയത്.

നോമ്പുകാലത്തെ രണ്ടാം ഞായറാഴ്ചയാണ് രൂപാന്തരീകരണത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നത്. നോമ്പു കാലം " ഉയർന്ന മലയിലേക്ക് കർത്താവിനോടൊപ്പം കയറാനും ആത്മീയ അച്ചടക്കത്തിന്റെ ഒരു പ്രത്യേക അനുഭവം ജീവിക്കാനുമുള്ള ക്ഷണമാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കുരിശിന്റെ വഴിയിൽ യേശുവിനെ അനുഗമിക്കുന്നതിനുള്ള നമ്മുടെ വിശ്വാസമില്ലായ്മയെയും ചെറുത്തുനിൽപ്പിനേയും മറികടക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് നോമ്പുകാല തപസ്സ്.  ഇതാണ് പ്രത്രോസും മറ്റു ശിഷ്യരും ചെയ്യേണ്ടിയിരുന്നത്. ഗുരുവിനെക്കുറിച്ചുള്ള നമ്മുടെ അറിവ് ആഴപ്പെടുത്താനും അവന്റെ രക്ഷയുടെ രഹസ്യം പൂർണ്ണമായി മനസ്സിലാക്കാനും സ്നേഹത്താൽ പ്രചോദിതമായ സമ്പൂർണ്ണ ആത്മദാനത്തിലൂടെ അത് കൈവരിക്കാനും നമ്മുടെ നിസ്സാരതയിലും ദുരഭിമാനത്തിലും നിന്നും വേർപ്പെടുത്താൻ  അവന്റെ കൂടെ മാറി നിൽക്കാൻ നമ്മെത്തന്നെ അനുവദിക്കണം. ഈ മലകയറ്റം ശ്രമകരവും ത്യാഗവും ഏകാഗ്രതയും ആവശ്യമുള്ളതുമാണ്. ഇക്കാര്യങ്ങൾ സഭ ചെയ്യാൻ ഉദ്ദേശിക്കുന്ന സിനഡൽ യാത്രയ്ക്കും ആവശ്യമാണെന്നു പറഞ്ഞ പാപ്പാ  നോമ്പുകാലതപസ്സും സിനഡൽ അനുഭവവുമായുള്ള ബന്ധത്തെക്കുറിച്ചാണ് ധ്യാനിച്ചത്.

തനിമയാർന്ന ഒരു അനുഭവത്തിന് സാക്ഷികളാകാൻ 3 ശിഷ്യരെ യേശു താബോർ മലയിലെ "ധ്യാന"ത്തിന് കൂട്ടിക്കൊണ്ടു പോയത് കൃപയുടെ  ആ അനുഭവം ഒറ്റയ്ക്കുള്ളതല്ല മറിച്ച് പങ്കുവയ്ക്കലിന്റെ അനുഭവമാകാൻ വേണ്ടിയാണ്. നമ്മുടെ മുഴുവൻ വിശ്വാസ ജീവിതവും ഒരനുഭവത്തിന്റെ പങ്കുവയ്ക്കലാണ്. കാരണം ഒരുമയിലാന്ന് നാം യേശുവിനെ അനുഗമിക്കുന്നത്. തപസ്സിന്റെ യാത്ര ഒരു സിനഡൽ യാത്രയാണ് കാരണം അത് ഗുരുവിന്റെ ശിഷ്യരെന്ന നിലയിൽ ഒരുമിച്ച് ഒരേ വഴിയിൽ നടത്തുന്ന യാത്രയാണ്.  യേശുവാണ് വഴി അതിനാൽ ഈ ആരാധനയാത്രയിലും  സിനഡിന്റെ ഒരുമിച്ച് ഒരേ വഴിയിലൂടെയുള്ള യാത്രയിലും സഭ ചെയ്യുന്നത് രക്ഷകനായ ക്രിസ്തുവിന്റെ രഹസ്യത്തിലേക്ക് കൂടുതൽ ആഴത്തിലും പൂർണ്ണമായും പ്രവേശിക്കുകയല്ലാതെ മറ്റൊന്നുമല്ല.

അവസാനം അവർ സൂര്യനെ പോലെ തിളങ്ങുന്ന മുഖവും വെളിച്ചം പോലെ വെള്ളവസ്ത്രവുമാർന്നു നിൽക്കുന്ന യേശുവിന്റെ രൂപാന്തരം കണ്ടു (മത്താ17.2). ഇതാണ് യാത്രയുടെ ലക്ഷ്യം അമാനുഷിക വെളിച്ചത്തിൽ തിളങ്ങുന്ന അവന്റെ മഹത്വത്തിൽ അവനെ കാണാനുള്ള കൃപ.

"തപസ്സു കാലത്തെ നോമ്പു കൃപയാൽ പിന്തുണയ്ക്കപ്പെട്ട് നമ്മുടെ വിശ്വാസത്തിന്റെയും കുരിശിന്റെ വഴിയിൽ യേശുവിനെ പിന്തുടരാനുള്ളതിന്റെയും കുറവുകളെ മറികടക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് " പാപ്പാ എഴുതി.

ദൈവഹിതമറിയാൻ സഹായിക്കുന്നു

താബോർ മലയിലേക്ക് ശിഷ്യർ നടത്തിയ യാത്ര പോലെ സിനഡൽ പ്രക്രിയയും വിഷമം പിടിച്ചതും നിരാശാജനകവുമാവാമെന്ന് പാപ്പാ സമ്മതിക്കുന്നു. എങ്കിലും, നമ്മെ അവസാനം കാത്തിരിക്കുന്നത് ദൈവത്തിന്റെ ഹിതവും ലോകത്തിലെ നമ്മുടെ ദൗത്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കിത്തരുന്ന അത്ഭുതമാണ്. നിയമത്തെയും പ്രവാചകരേയും പ്രതിനിധീകരിച്ച് മോശയും ഏലിയാ പ്രവാചകനും രൂപാന്തരീകരണ സമയത്ത് പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പറയുന്നത് " ഇത്തരത്തിൽ, സിനഡൽ യാത്ര സഭയുടെ പാരമ്പര്യത്തിൽ അധിഷ്ഠിതവും അതേ സമയം പുതുമയിലേക്ക് തുറവുള്ളതുമാണ് എന്നാണ്. " പാരമ്പര്യം പുതിയ വഴികൾ തേടാനും വിപരീതമായ നിശ്ചലതയുടെയും  ഒരുക്കം കൂടാതെയുള്ള പരീക്ഷണങ്ങളുടേയും പ്രലോഭനങ്ങൾ ഒഴിവാക്കാനുള്ള പ്രചോദനത്തിന്റെ ഉറവിടമാണ് " പാപ്പാ പങ്കുവച്ചു.

ശ്രവണവും അനുദിന പരിശ്രമവും

വ്യക്തിപരവും സഭാപരവുമായ രൂപാന്തരീകരണത്തിന് അഥവാ മനസാന്തരത്തിന് യേശുവിന്റെ രൂപാന്തരീകരണത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട്  ഫ്രാൻസിസ് പാപ്പാ രണ്ട് വഴികൾ നിർദ്ദേശിക്കുന്നു. ആദ്യത്തേത് ദൈവ വചനത്തേയും നമ്മുടെ സഹോദരീ സഹോദരരേയും ശ്രവിക്കുക എന്നതാണ്. ക്രിസ്തുവിനെ പലപ്പോഴും ശ്രവിക്കുന്നത് സഭയിൽ നമ്മുടെ സഹോദരീ സഹോദരരെ കേൾക്കുന്നതിലാണ് എന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. രണ്ടാമത്തെ മാർഗ്ഗം അനുദിന ജീവിതത്തിന്റെ കഷ്ട  യാഥാർത്ഥ്യങ്ങളെ അത്യസാധരണ സംഭവങ്ങളിലും അനുഭവങ്ങളിലും മുറുകെ പിടിക്കാതെ അഭിമുഖീകരിക്കുന്നതിലാണ്. നോയമ്പുകാലമോ സിനഡൽ പ്രക്രിയയോ അതിൽ തന്നെ അവസാനിക്കുന്നില്ല മറിച്ച് അത് നമ്മെ ഈസ്റ്ററനുഭവത്തിലേക്കാണ് നയിക്കുന്നതെന്ന് പാപ്പാ നമ്മെ അനുസ്മരിപ്പിച്ചു.

"അങ്ങനെ നമുക്ക് താഴേക്കിറങ്ങി വരാം. നമ്മുടെ സമൂഹത്തിന്റെ സാധാരണ ജീവിതത്തിൽ സിനഡാലിറ്റിയുടെ കരവേലക്കാരാകാൻ നമ്മളനുഭവിച്ച കൃപ നമ്മെ ശക്തിപ്പെടുത്തട്ടെ!"  സന്ദേശമവസാനിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 February 2023, 15:07