തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

എല്ലാവരുടെയും സേവനത്തിനുതകുന്ന സമ്പദ്‌വ്യവസ്ഥ സ്വപ്നം കാണണം: പാപ്പാ

ഫ്രാൻസിസ് പാപ്പാ, ബെൽജിയൻ കത്തോലിക്കാ ആഴ്ച്ചപ്പതിപ്പായ ‘തേർസിയോ’യ്ക്ക് അനുവദിച്ച അഭിമുഖസംഭാഷണം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ബെൽജിയൻ കത്തോലിക്കാ ആഴ്ച്ചപ്പതിപ്പായ ‘തേർസിയോ’യ്ക്ക് അനുവദിച്ച അഭിമുഖസംഭാഷണത്തിൽ ഇന്നത്തെ സമൂഹത്തിലും, സഭയിലും കാത്തുപരിപാലിക്കേണ്ട ആരോഗ്യപരമായ സമ്പദ്‌വ്യവസ്ഥയെ ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.

പത്രോസിനടുത്ത തന്റെ അജപാലശുശ്രൂഷയുടെ പത്താം വാർഷികം വരുന്ന മാർച്ച് പതിമൂന്നിന് ആഘോഷിക്കുന്ന ഫ്രാൻസിസ് പാപ്പാ, ബെൽജിയൻ ആഴ്ചപ്പതിപ്പായ തേർസിയോയുടെ ലേഖകനുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ ഇന്നത്തെ ലോകത്തിൽ നടമാടുന്ന അനീതിയുടെയും, അരാജകത്വത്തിന്റെയും തിന്മയെ എടുത്തു പറയുകയും, നന്മ നിറഞ്ഞ ഒരു പുതിയ  സമ്പദ്‌വ്യവസ്ഥയ്ക്കായി എല്ലാവരും ചേർന്ന് പ്രവർത്തിക്കണമെന്ന ആഹ്വാനം നൽകുകയും ചെയ്തു.

രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ മാഹാത്മ്യം എടുത്തു പറഞ്ഞ പാപ്പാ,ജീവനുള്ള ഒരു സഭയ്ക്ക് രൂപം നൽകുവാൻ ഇന്നും സൂനഹദോസിന്റെ സ്ഫുരണങ്ങൾ സഭാജീവിതത്തിൽ ദർശിക്കുവാൻ സാധിക്കുന്നുവെന്നത്, എല്ലാം മുൻകൂട്ടി കാണുന്ന അമ്മയുടെ ഹൃദയം സഭയ്ക്കുള്ളതുകൊണ്ടാണെന്ന് അടിവരയിട്ടു പറയുന്നു.

പരമ്പരാഗതമായ സഭയുടെ രൂപകല്പനകളെ പരാമർശിക്കുന്ന വിശ്വാസ സത്യങ്ങളുടെ  ഭരണഘടനയായ ജനതകളുടെ പ്രകാശം അഥവാ ലുമെൻ ജെൻസിയും ഇന്നും സഭയ്ക്ക് ശരിയായ ദിശാബോധം നൽകുന്നതിൽ വഹിക്കുന്ന പങ്കും പാപ്പാ പറഞ്ഞു. തുടർന്ന് ഓരോ കാലഘട്ടത്തിലും, സഭയുടെ പ്രവർത്തനങ്ങൾക്ക് പുതിയ മാനങ്ങൾ കൊണ്ടുവരുവാനും, അവയെ കാലോചിതമായ പരിവർത്തനങ്ങൾക്ക് വിധേയമാക്കുവാനുമുള്ള സിനഡുകളെപ്പറ്റിയും പാപ്പാ പരാമർശിച്ചു. ഓരോ സിനഡിലും കാലത്തിനനുസൃതമായ സഭയുടെ പക്വതയാണ് വെളിവാക്കപ്പെടുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

തുടർന്ന് സഭയുടെ അടിസ്ഥാനമായ പ്രാർത്ഥനാജീവിതവും, കൗദാശികസ്വീകരണവും,ആരാധനയുമൊക്കെ ഇന്നത്തെ സമൂഹത്തിൽ പ്രദാനം ചെയ്യുന്ന അനുഗ്രഹങ്ങളെയും പാപ്പാ അടിവരയിട്ടുപറഞ്ഞു. ഇവയെല്ലാം ആവശ്യമെന്നു ലഘുവാക്കി കാണാതെ സമൂഹത്തിൽ നാം അനുഷ്ഠിക്കേണ്ടുന്ന കടമകളാണെന്നു നാം മറന്നു പോകരുത്. വിശുദ്ധ കുർബാനയിൽ മുറിക്കപ്പെടുന്ന തിരുശരീരം  നമ്മുടെ സഹോദരങ്ങളെ  ശുശ്രൂഷിക്കേണ്ടതിന്റെ മഹത്വം നമുക്ക് വെളിപ്പെടുത്തുന്നു, പാപ്പാ എടുത്തു പറഞ്ഞു.

ലോകത്തിൽ നടമാടുന്ന അസമത്വങ്ങൾക്കെതിരെ നീതിയുടെ നല്ല ഒരു സമ്പദ് വ്യവസ്ഥയും പാപ്പാ ചൂണ്ടിക്കാട്ടി. സമ്പദ്‌വ്യവസ്ഥ ഒരു സാമൂഹിക സമ്പദ്‌വ്യവസ്ഥയായിരിക്കണമെന്ന് എടുത്തുപറഞ്ഞ പാപ്പാ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ തിരുത്തിക്കുറിച്ച മാർക്കറ്റ് ഇക്കണോമി എന്ന ആശയത്തിന്  പകരമുള്ള സോഷ്യൽ മാർക്കറ്റ് ഇക്കോണമി എന്ന നന്മയുടെ ആശയം ഇന്നത്തെ ലോകത്തിൽ പിന്തുടരണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. ഭയാനകവും, ഗുരുതരവുമായ സാമ്പത്തിക പ്രതിസന്ധി മറികടക്കണമെങ്കിൽ സാമൂഹ്യപരവും, വിപ്ലവകരവുമായ ഒരു സമ്പദ് വ്യവസ്ഥ രൂപം കൊള്ളണമെന്നും അതിനായി എല്ലാവരും സ്വപ്നം കാണണമെന്നും പാപ്പാ എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഫെബ്രുവരി 2023, 18:03