ഫ്രാൻസീസ് പാപ്പാ ദക്ഷിണ സുഡാനിൽ രാഷ്ട്രരപൗരാധികാരികളുമായുള്ള കൂടിക്കാഴ്ചാ വേളയിൽ, 03/02/23  ഫ്രാൻസീസ് പാപ്പാ ദക്ഷിണ സുഡാനിൽ രാഷ്ട്രരപൗരാധികാരികളുമായുള്ള കൂടിക്കാഴ്ചാ വേളയിൽ, 03/02/23   (ANSA)

പാപ്പാ: രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കൂ, സംഘർഷങ്ങൾ മതിയാക്കൂ!

ഫ്രാൻസീസ് പാപ്പാ ദക്ഷിണ സുഡാനിൽ, രാഷ്ട്ര പൗരാധികാരികളുമായി കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി.

മൂന്നാം തീയതി വെള്ളിയാഴ്ച (03/02/23) ഫ്രാൻസീസ് പാപ്പാ ദക്ഷിണ സുഡാനിൽ, ജൂബയിൽ അന്നാടിൻറെ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയുടെ ഉദ്യാനത്തിൽ വച്ച് രാഷ്ട്ര-പൗരാധികാരികൾ, നയതന്ത്രരപ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തദ്ദവസരത്തിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ:

ദക്ഷിണ സുഡാനെ ഫലഭൂയിഷ്ഠമാക്കുന്ന അന്നാട്ടിലൂടെ കടന്നു പോകുന്ന നൈൽ നദിയെ പ്രതീകമായി എടുത്തുകൊണ്ട് പാപ്പാ, സമാധാന സംസ്ഥാപനം, രക്തച്ചൊരിച്ചിലുകളുടെ അന്ത്യം, ജനാധിപത്യത്തിൻറെ വളർച്ച, രാഷ്ട്രീയ തീരുമാന പ്രക്രിയകളിൽ മഹിളകൾക്ക് പ്രാതിനിധ്യം ഏകേണ്ടതിൻറെ പ്രാധാന്യം തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിച്ചു തൻറെ പ്രഭാഷണത്തിൽ.

തൻറെ ഹൃദയത്തിൽ താൻ സംവഹിക്കുന്ന ഈ നാട്ടിൽ എത്താൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് പാപ്പാ ദക്ഷിണ സുഡാനിലെ തൻറെ കന്നി പ്രഭാഷണം ആരംഭിച്ചത്.

സ്വാഗത വചസ്സുകൾക്ക് പ്രസിഡൻറിന് നന്ദി പ്രകാശിപ്പിച്ച പാപ്പാ, അവിടെ സന്നിഹിതരായിരുന്നവരെയും അവരിലൂടെ ആ യുവ രാജ്യത്തെ  സകല സ്ത്രീപുരുഷന്മാരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് പറഞ്ഞു. ദുർഘടമെങ്കിലും ഇനി മാറ്റി വയ്ക്കാൻ പറ്റാത്തതായ സമാധാന പ്രയാണത്തിൽ അവർക്ക് തുണയാകുക എന്ന സ്വപ്നവുമായി, അനുരഞ്ജനത്തിൻറെ തീർത്ഥാടകനായിട്ടാണ് താൻ വരുന്നതെന്നും താൻ ഏകനായിട്ടല്ല ഇവിടെ എത്തിയിരിക്കുന്നതെന്നും, കാരണം ജീവിതത്തിലെന്നപോലെ സമാധാനത്തിലും നാം ഒരുമിച്ചാണ് ചരിക്കുകയെന്നും പറഞ്ഞ  പാപ്പാ ഇപ്രകാരം തുടർന്നു: അതിനാൽ, ഇതാ, കാൻറ്റർബറി ആർച്ച് ബിഷപ്പും സ്കോട്ട്ലൻറിലെ സഭയുടെ ജനറൽ അസംബ്ലിയുടെ മോഡറേറ്ററും ഉൾപ്പെടെ രണ്ട് സഹോദരന്മാരോടൊപ്പമാണ് ഞാൻ നിങ്ങളുടെയടുത്ത് എത്തിയിരിക്കുന്നത്. അവർ ഇപ്പോൾ നമ്മോടു പറഞ്ഞ കാര്യങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഒരുമിച്ച്, നിങ്ങളുടെ നേർക്ക് കൈകൾ നീട്ടിക്കൊണ്ട് ഞങ്ങൾ, സമാധാനത്തിൻറെ രാജകുമാരനായ യേശുക്രിസ്തുവിൻറെ നാമത്തിൽ നിങ്ങൾക്കും ഈ ജനത്തിനും മുന്നിൽ നില്ക്കുന്നു.

വാസ്‌തവത്തിൽ, തങ്ങൾ അനുഭവിക്കുന്ന അക്രമങ്ങൾ, അനന്തമായ സുരക്ഷിതത്വമില്ലായ്മ, തങ്ങളെ അലട്ടുന്ന ദാരിദ്ര്യം, രൗദ്രഭാവമേറിയ പ്രകൃതിദുരന്തങ്ങൾ എന്നിവ മൂലം വിലപിക്കുന്ന ഔന്നത്യമാർന്ന ഒരു ജനതയുടെ മുഴുവൻ നിലവിളി ശ്രവിച്ചുകൊണ്ടാണ് ഞങ്ങൾ ഈ സമാധാന എക്യുമെനിക്കൽ തീർത്ഥാടനം ആരംഭിച്ചത്. വർഷങ്ങളായുള്ള യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിക്കുന്നതായി തോന്നുന്നില്ല, അടുത്തയിടെ പോലും കനത്ത ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്, അതേസമയം അനുരഞ്ജന പ്രക്രിയകൾ മരവിച്ചതായ പ്രതീതിയാണുള്ളത്, സമാധാന വാഗ്ദാനങ്ങൾ പൂർത്തീകരിക്കപ്പെടാതെയും ഇരിക്കുന്നു. തളർത്തുന്നതായ ഈ കഷ്ടപ്പാടുകൾ നിഷ്ഫലമാകാതിരിക്കട്ടെ; ദക്ഷിണ സുഡാനിലെ വിനീതരും ധീരരുമായ ഈ യുവ ജനതയുടെ ക്ഷമയും ത്യാഗവും എല്ലാവർക്കും ചോദ്യചിഹ്നമാകട്ടെ, ഭൂമിയിൽ ചെടിയെ മുളപ്പിക്കുന്ന വിത്തുകൾ പോലെ, അവർ ഫലദായകമായ സമാധാനം തളിരിടുന്നത് കാണട്ടെ.

ഒരു മഹാനദി ഒഴുകുന്നതിനാൽ ഈ നാട് ഫങ്ങളാലും സസ്യജാലങ്ങളാലും സമൃദ്ധമാണ്. പുരാതന ചരിത്രകാരനായ ഹെറോഡോട്ടസ് ഈജിപ്തിനെക്കുറിച്ച് പറഞ്ഞത്, അത് "നൈൽ നദിയുടെ സമ്മാനം" ആണെന്നാണ്,  ഇത് ദക്ഷിണ സുഡാനെ സംബന്ധിച്ചും പ്രസക്തമാണ്. തീർച്ചയായും, ഇവിടെ പറയപ്പെടുന്നതുപോലെ, ഇത് "മഹാ സമൃദ്ധിയുടെ നാട്" ആണ്. പൊതുജീവിതത്തിൻറെ ഉറവിടങ്ങൾക്കായുള്ള അന്വേഷണത്തിൽ നിന്നാണ് ഞാൻ നിങ്ങളോടൊപ്പം എൻറെ യാത്ര ആരംഭിക്കാൻ ആഗ്രഹിക്കുന്നത്. കാരണം, ഭൂഗർഭത്തിൽ, എന്നാൽ എല്ലാറ്റിനുമുപരിയായി,  അവിടത്തെ നിവാസികളുടെ ഹൃദയങ്ങളിലും മനസ്സുകളിലും നിരവധി നന്മകൾ നിറഞ്ഞുനിൽക്കുന്ന ഈ ഭൂമിയുടെ ദാഹം, പുതുമയുള്ളതും ജീവസുറ്റതുമായ നീരുറവകളാൽ വീണ്ടും ശമിപ്പിക്കപ്പെടേണ്ടതുണ്ട്.

ആദരണീയരായ അധികാരികളേ, നിങ്ങളാണ് ഈ നീരുറവകൾ, പൊതുജീവിതത്തെ നനയ്ക്കുന്ന നീരുറവകൾ, ശിശുവായ ഈ നാടിൻറെ മാതാപിതാക്കൾ. സമൃദ്ധിയുടെയും സമാധാനത്തിൻറെയും സുവ്യക്ത സ്രോതസ്സുകളായി സാമൂഹ്യ ജീവിതം പുനരുജ്ജീവിപ്പിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു, കാരണം ദക്ഷിണ സുഡാൻറെ തനയർക്ക് ഇത് ആവശ്യമാണ്: പിതാക്കന്മാരെയാണ്, യജമാനന്മാരെയല്ല; തുടർച്ചയായ വീഴ്ചകളല്ല, സുസ്ഥിര വികസനത്തിൻറെ പടികൾ ആണ് ആവശ്യം. മുറിവേറ്റ ബാല്യകാലത്താൽ മുദ്രിതമായ നാടിൻറെ ജന്മാനന്തര വർഷങ്ങൾ സമാധാനപരമായ വളർച്ചയ്ക്ക് വഴിമാറട്ടെ. വിശിഷ്ട അധികാരികളേ, സേവിക്കാൻ നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഈ ജനവിഭാഗത്തിന് നിങ്ങൾ നന്മ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ "മക്കളും" ചരിത്രവും നിങ്ങളെ ഓർമ്മിപ്പിക്കും. നിങ്ങൾ ഇപ്പോൾ ചെയ്യുന്നതിൻറെ അടിസ്ഥാനത്തിലായിരിക്കും ഭാവി തലമുറകൾ നിങ്ങളുടെ പേരുകളുടെ ഓർമ്മയെ ആദരിക്കുകയോ മായ്ക്കുകയോ ചെയ്യുക, കാരണം നദി അതിൻറെ ഉറവിടം ഉപേക്ഷിച്ചു ഗതി ആരംഭിക്കുന്നതുപോലെ ചരിത്രത്തിൻറെ പ്രയാണം ശാന്തിയുടെ ശത്രുക്കളെ പന്നിലേക്കു തള്ളുകയും സമാധാന പ്രവർത്തകർക്ക് ആദരവർപ്പിക്കുകയും ചെയ്യും. വാസ്തവത്തിൽ, തിരുലിഖിതം പഠിപ്പിക്കുന്നതു പോലെ, “സമാധാനകാംക്ഷിക്കു സന്തതിപരമ്പരയുണ്ടാകും” ( സങ്കീർത്തനം 37,37) നേരെമറിച്ച്, അക്രമം ചരിത്രഗതിയെ പിന്നോട്ടടിക്കുന്നു.

 

മറുവശത്ത് അക്രമം ചരിത്രത്തിന്റെ ഗതി തിരിച്ചുവിടുന്നു. ഹെറോഡൊട്ടസ് തന്നെ തലമുറകളുടെ പ്രക്ഷുബ്ധാവസഥയെ അവതരിപ്പിച്ചുകൊണ്ട് കുറിച്ചിട്ടത്, യുദ്ധത്തിൽ മക്കൾ പിതാക്കന്മാരെയല്ല പിതാക്കന്മാർ മക്കളെയാണ് അടക്കം ചെയ്യുന്നത് എന്നാണ്. (ചരിത്രങ്ങൾ, I, 87 കാണുക). അതിനാൽ ഈ ഭൂമി ഒരു ശ്മശാന ഭൂമിയായി ചുരുങ്ങാതെ, വീണ്ടും ഒരു പൂന്തോട്ടമായി മാറുന്നതിന്, ദയവു ചെയ്ത് നിങ്ങൾ വളരെ ലളിതമായ ഒരു വാക്ക് സ്വീകരിക്കണമെന്ന് ഞാൻ ഹൃദയംഗമമായി അപേക്ഷിക്കുകയാണ്: ആ വാക്ക് എൻറേതല്ല, ക്രിസ്തുവിൻറേതാണ്. ഗെത്സേമനിലെ ഉദ്യാനത്തിൽ വെച്ച്,  തൻറെ ഒരു ശിഷ്യൻ വാൾ ഉറയിൽ നിന്ന് ഊരിയപ്പോൾ അവിടന്ന് പറഞ്ഞു: "നിർത്തൂ!" (ലൂക്കാ 22:51). ആദരണീയനായ രാഷ്ട്രപതീ, ആദരണീയനായ ഉപരാഷ്ട്രപതികളേ, റോമിൽ വച്ച് നമ്മൾ, ഈ രാജ്യത്തെ അനേകം ജനങ്ങൾ വിശ്വസിക്കുന്ന ദൈവത്തിൻറെ, സൗമ്യനും വിനീതഹൃദയനുമായ ഹൃദയദൈവത്തിൻറെ (മത്തായി 11:29 കാണുക) നാമത്തിൽ ഒരുമിച്ചു പ്രാർത്ഥിച്ചു. “നിർത്തൂ” എന്ന് നിരുപാധികം പറയുന്നതിനുള്ള സമയമാണിപ്പോൾ. രക്തച്ചൊരിച്ചിൽ നിർത്തൂ, സംഘർഷങ്ങൾ മതിയാക്കൂ, അക്രമം നിർത്തൂ, അവ ചെയ്യുന്നവർക്കെതിരായ പരസ്പര ആരോപണങ്ങൾ മതിയാക്കൂ, സമാധാനത്തിനായി ദാഹിക്കുന്ന ജനങ്ങളെ ഉപേക്ഷിക്കുന്നത് നിർത്തൂ. നശിപ്പിക്കുന്നത് അവസാനിപ്പിക്കൂ, ഇനി  പണിതുയർത്തനുള്ള സമയമാണ്! യുദ്ധകാലം പന്നിലേക്ക് വലിച്ചെറിയൂ, സമാധാനത്തിൻറെ കാലം ഉദയം ചെയ്യട്ടെ!

2011 ജൂലൈ 9-ന് ദക്ഷിണ സുഡാൻ ജനത ആരംഭിച്ച പ്രയാണത്തെ സൂചിപ്പിക്കുന്ന മറ്റൊരു വാക്കായ റിപ്പബ്ലിക്കിൻറെ പൊരുളിനെക്കുറിച്ചും പാപ്പാ വിശദീകരിച്ചു:

അതിനർത്ഥം, ഒരു പൊതു യാഥാർത്ഥ്യമായി സ്വയം തിരിച്ചറിയുക, അതായത്, നാട് എല്ലാവരുടെയും ആണെന്ന് പ്രഖ്യാപിക്കുക എന്നാണ്; അതിനാൽ, അതിനുള്ളിൽ, അതിൻറെ അദ്ധ്യക്ഷത വഹിക്കുകയും ഭരിക്കുകയും ചെയ്തുകൊണ്ട് വലിയ ചുമതലകൾ വഹിക്കുന്നവർ പൊതുനന്മയ്ക്കായുള്ള സേവനത്തിന് സ്വയം സമർപ്പിക്കാതിരിക്കാനാകില്ല. അധികാരത്തിൻറെ ലക്ഷ്യം ഇതാണ്: സമൂഹത്തെ സേവിക്കുക. എന്നാൽ മറിച്ച്, എപ്പോഴും പതിയിരിക്കുന്ന പ്രലോഭനം സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി അത് ഉപയോഗിക്കുക എന്നതാണ്. അതിനാൽ, റിപ്പബ്ലിക് എന്ന് വിളിച്ചാൽ മാത്രം പോരാ, അങ്ങനെ ആയിരിക്കണം. അത് പ്രാഥമിക വസ്തുക്കളിൽ നിന്ന് തുടങ്ങണം: ദൈവം ഈ ഭൂമിയെ അനുഗ്രഹിച്ച സമൃദ്ധമായ വിഭവങ്ങൾ ചുരുക്കം ചിലർക്ക് മാത്രമായി സംവരണം ചെയ്യപ്പെടരുത്, മറിച്ച് എല്ലാവരുടെയും സവിശേഷാവകാശവും സാമ്പത്തിക വീണ്ടെടുപ്പിൻറെ പദ്ധതികളും സമ്പത്തിൻറെ ന്യായമായ വിതരണത്തിനുള്ള പദ്ധതികളുമായി ചേർന്നു പോകുന്നതുമാകണം.

ഒരു റിപ്പബ്ലിക്കിൻറെ ജീവിതത്തിന് മൗലികമാണ് ജനാധിപത്യ വികസനം. അധികാരങ്ങളുടെ പ്രയോജനകരമായ വ്യതിരിക്തതെയ ഇത് സംരക്ഷിക്കുന്നു, അങ്ങനെ, ഉദാഹരണത്തിന്, നീതി നിർവ്വാകന് അത് നിയമനിർമ്മാതാവിനറെയോ ഭരണാധികാരികളുടെയോ ഇടപെടലുകളില്ലാതെ നിരുപാധികം പ്രവർത്തിക്കാൻ കഴിയും. അതിനും പുറമെ, നിയമത്താലും അതിൻരകെ പ്രയോഗത്താലും സംരക്ഷിതമായിരിക്കുന്ന മനുഷ്യാവകാശങ്ങളോടുള്ള ആദരവും, പ്രത്യേകിച്ച് ഒരാളുടെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ജനാധിപത്യത്തിൽ അടങ്ങിയിരിക്കുന്നു. തീർച്ചയായും, നീതിയില്ലാതെ സമാധാനമില്ലയെന്നും (വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പാ, 2002 ജനുവരി 1 XXXV ലോക സമാധാന ദിന സന്ദേശം കാണുക), അതു പോലെ തന്നെ സ്വാതന്ത്ര്യമില്ലാതെ നീതിയില്ലെന്നും ഓർമ്മിക്കേണ്ടതാണ്.

 

നൈൽ നദി, അതിനറെ സ്രോതസ്സുകൾ വിട്ട്, വെള്ളച്ചാട്ടങ്ങളും ശക്തമായ നീരൊഴുക്കുകളും സൃഷ്ടിക്കുന്ന കുത്തനെയുള്ള ചില പ്രദേശങ്ങൾ കടന്ന്, തെക്കൻ സുഡാൻറെ സമതല പ്രദേശത്ത് ജൂബയ്ക്ക് സമീപം പ്രവേശിച്ചുകഴിഞ്ഞാൽ, സഞ്ചാരയോഗ്യമായിത്തീരുന്നു, തുടർന്ന് കൂടുതൽ ചതുപ്പുനിലങ്ങളിലേക്കൊഴുകുന്നു.  അതുപോലെ, സമാധാനത്തിലേക്കുള്ള റിപ്പബ്ലിക്കിൻറെ പാത നിമ്നോന്നതികളിലൂടെ കടന്നുപോകാതിരിക്കട്ടെയെന്നും ഈ തലസ്ഥാന നഗരിയിൽ നിന്നു തുടങ്ങി അത് നിഷ്ക്രിയതത്വത്തിൽ കുടുങ്ങിപ്പോകാതെ, സഞ്ചാരയോഗ്യമായിത്തീരുകയും ചെയ്യട്ടെയെന്നും ഞാൻ ആശംസിക്കുന്നു. സുഹൃത്തുക്കളേ, വാക്കുകളിൽ നിന്ന് പ്രവൃത്തികളിലേക്ക് മാറേണ്ട സമയമാണിത്. ഇത് മുന്നോട്ട് പോകേണ്ട സമയമാണ്, അടിയന്തിരവും ആവശ്യമായതുമായ ഒരു പരിവർത്തനത്തിന് പ്രതിജ്ഞാബദ്ധരാകേണ്ട സമയമാണിത്. സമാധാനവും അനുരഞ്ജന പ്രക്രിയയും ഒരു പുതിയ കുതിച്ചുചാട്ടം ആവശ്യപ്പെടുന്നു. വിഭജനങ്ങളും സംഘർഷങ്ങളും അടയാളപ്പെടുത്തിയ ഒരു ലോകത്ത്, ദക്ഷിണ സുഡാൻ സമാധാനത്തിൻറെ ഒരു എക്യുമെനിക്കൽ തീർത്ഥാടനത്തിന് ആതിഥ്യമരുളുന്നു, അത് അപൂർവ്വമാണ്; അത് ദക്ഷിണ സുഡാനെ സംബന്ധിച്ച്, ഇരട്ടത്താപ്പും അവസരവാദവും ഇല്ലാതെ സംഭാഷണം പുനരരാരംഭിച്ചുകൊണ്ടുള്ള ഒരു ചുവടു മാറ്റത്തെ, ഒരു അവസരത്തെ, പ്രശാന്തമായ ജലത്തിൽ തുഴയുന്നത് വീണ്ടും ആരംഭിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. അത് എല്ലാവർക്കും പ്രത്യാശ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാകട്ടെ: വിദ്വേഷത്തിൻറെയും ഗോത്രവാദത്തിൻറെയും പ്രാദേശികവാദത്തിൻറെയും വംശീയ വ്യത്യാസങ്ങളുടെയും മലിന ജലത്താൽ സംവഹിക്കപ്പെടാൻ അനവദിക്കാനുള്ള സമയമില്ല ഇതെന്ന് ഓരോ പൗരനും മനസ്സിലാക്കട്ടെ; ഭാവിയോന്മുഖമായി ഒരുമിച്ച് സഞ്ചരിക്കാനുള്ള സമയമാണിത്!....

ഇതാണ് വഴി: പരസ്പരം ബഹുമാനിക്കുക, പരസ്പരം അറിയുക, സംഭാഷണം നടത്തുക. കാരണം, ഓരോ അക്രമത്തിനും പിന്നിൽ കോപവും നീരസവുമുണ്ടെങ്കിൽ, എല്ലാ രോഷത്തിനും നീരസത്തിനും പിന്നിൽ മുറിവുകളുടെയും അപമാനങ്ങളുടെയും തെറ്റുകളുടെയും ഉണങ്ങാത്ത ഓർമ്മയുണ്ടെങ്കിൽ, ഇതിൽ നിന്ന് കരകയറാനുള്ള ഏക മാർഗ്ഗം മറ്റുള്ളവരെ സഹോദരന്മാരായി സ്വാഗതം ചെയ്യുകയും, ഒരു ചവടു പിന്നിലേക്ക് വയ്ക്കണമെന്ന അവബോധത്തോടുകൂടിയും, അവർക്ക് ഇടം നൽകുകയും ചെയ്യുക. സമാധാന പ്രക്രിയകൾക്ക് അനിവാര്യമായ ഈ മനോഭാവം സമൂഹത്തിന് അനുയോജ്യമായ വികസനത്തിനും അത്യന്താപേക്ഷിതമാണ്.

മഹിളകളുടെ പ്രാധാന്യവും പാപ്പാ എടുത്തുകാട്ടി. ജീവിതം എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നും സംരക്ഷിക്കപ്പെടുന്നുവെന്നും അറിയാവുന്ന അമ്മമാർ, രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളിലും കൂടുതൽ പങ്കാളികളാകട്ടെയെന്ന് പാപ്പാ പറഞ്ഞു. അവരോട് ബഹുമാനം ഉണ്ടാകണം, കാരണം ഒരു സ്ത്രീയോട് അക്രമം കാട്ടുന്നവൻ അത് ചെയ്യുന്നത് ഒരു സ്ത്രീയിൽ നിന്ന് മാംസം എടുത്ത ദൈവത്തിനെതിരെയാണ്, പാപ്പാ പറഞ്ഞു. ജീവൻ വിതയ്ക്കുന്ന വേളയിൽ ദൗർഭാഗ്യവശാൽ മരണത്തിൻറെ പിടിയിലമരുന്ന പ്രേഷതിരെയും പാപ്പാ അനുസ്മരിക്കുകയും അവർക്ക് വേണ്ട പിന്തുണ ഏകേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്തു.

വെള്ളപ്പൊക്ക ദുരന്തത്തിനിരകളായവരെയും പാപ്പാ അനുസ്മരിച്ചു. ദ്രവ്യാസക്തി മൂലം നടത്തുന്ന വനനശീകരണ പ്രക്രിയയെ ചെറുക്കേണ്ടിതൻറെയും അഴിമതിക്കെതിരെയും ദാരിദ്ര്യത്തിനെതിരെയും അക്രമങ്ങൾക്കും ഭിന്നതയ്ക്കും എതിരെയും പോരാടേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു. സംഘർഷങ്ങൾ മൂലവും മറ്റു കാരണങ്ങളാലും പാർപ്പിടം വിട്ടുപോകാനും മറ്റിടങ്ങളിലേക്ക് മാറാനും നർബന്ധിതരകുകയും ജീവിതത്തിൻറെ അരികുകളിൽ ആയിപ്പോകുകയും ചെയ്തവരെയും പാപ്പാ അനുസ്മരിച്ചു. ഈ നാടിനെ സ്നേഹിക്കുന്ന സ്വർഗ്ഗത്തിൻറെ നാഥൻ, സമാധാനത്തിൻറെയും സമൃദ്ധിയുടെയും ഒരു പുതിയ കാലം നൽകട്ടെ: ദക്ഷിണ സുഡാൻ റിപ്പബ്ലിക്കിനെ ദൈവം അനുഗ്രഹിക്കട്ടെ! എന്ന പ്രാർത്ഥനയോടെയാണ് പാപ്പാ തൻറെ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 February 2023, 12:17