തിരയുക

ഫ്രാൻസീസ് പാപ്പാ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൽ!

ഫ്രാൻസീസ് പാപ്പായുടെ നാല്പതാം വിദേശ അജപാലന സന്ദർശനം- കോംഗൊ റിപ്പബ്ലിക്കിലെ ആദ്യദിനത്തിലെയും രണ്ടാം ദിനം രാവിലത്തെയും പരിപാടികളുടെ സംക്ഷിപ്ത വിവരണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ തൻറെ നാല്പതാം വിദേശ അപ്പൊസ്തോലിക പര്യടനം ആരംഭിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ നീളുന്ന ഈ ഷഡ്ദിന സന്ദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന രണ്ടു ആഫ്രിക്കൻ നാടുകൾ കോംഗൊയും ദക്ഷിണ സുഡാനൂമാണ്.

ചൊവ്വാഴ്ച (31/01/23) രാവിലെയാണ് ഫ്രാൻസീസ് പാപ്പാ ആഫ്രിക്കൻ നാടുകളിലേക്കുള്ള തൻറെ ഈ ഇടയസന്ദർശനം ആരംഭിച്ചത്. വത്തിക്കാനിൽ നിന്ന് യാത്ര പുറപ്പെടുന്നതിനു മുമ്പ് പാപ്പാ കോംഗൊയിലും സുഡാനിലും നിന്നുള്ള കുടിയേറ്റക്കാരും അഭയാർത്ഥികളുമായി തൻറെ വാസയിടമായ ദോമൂസ് സാംക്തെ മാർത്തെ ഭവനത്തിൽ വച്ച് കൂടിക്കാഴ്ച നടത്തി. അതിനുശേഷമാണ് പാപ്പാ വത്തിക്കാനിൽ നിന്ന് 30 കിലോമീറ്ററോളം അകലെ ഫ്യുമിച്ചീനൊയിൽ സ്ഥിതിചെയ്യുന്ന “ലെയൊണാർദൊ ദ വിഞ്ചീ” രാജ്യാന്തര വിമാനത്താവളത്തിലേക്കു കാറിൽ പുറപ്പെട്ടത്. റോമിലെ ഈ അന്താരാഷ്ട്രവിമാനത്താവളം സ്ഥലപ്പേരു ചേർത്ത് ഫ്യുമിച്ചീനൊ വിമാനത്താവളം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. 

കോംഗൊയിലെ കിന്ദുവിൽ കൊലചെയ്യപ്പെട്ടവരുടെ റോമിലെ സമൃതി മണ്ഡപത്തിൽ

ഫ്യുമിച്ചീനൊ വിമാനത്താവളത്തിൽ പാപ്പാ, കോംഗൊ റിപ്പബ്ലിക്കിലെ കിന്ദു എന്ന സ്ഥലത്തു വച്ച് 1961 നവമ്പർ 11-ന് കഴുത്തറുത്തു കൊല്ലപ്പെട്ട ഇറ്റലിക്കാരായ 13 വൈമാനികരുടെ സ്മൃതിമണ്ഡപത്തിൽ ഇറങ്ങി പ്രാർത്ഥിച്ചു. കോംഗൊയിലെ രാഷ്ട്രീയാസ്ഥിരതയുടെയും പ്രക്ഷുബ്ധതയുടെയുമായ ഒരു വേളയിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അവിടേക്കയക്കപ്പെട്ട സമാധാനദൗത്യ സംഘത്തിലെ അംഗങ്ങളായിരുന്നു ഈ പതിമൂന്നു പേരും. ഫ്യുമിച്ചിനൊ വിമാനത്താവളം പോർത്തൊ സാന്ത റൂഫീന രൂപതാതിർത്തിക്കുള്ളിൽ വരുന്നതിനാൽ പ്രസ്തുത രൂപതയുടെ മെത്രാൻ ജ്യൻറീക്കൊ റൂത്സയും വിമാനത്താവളത്തിൽ പാപ്പായെ യാത്രയയ്ക്കാൻ എത്തിയിരുന്നവരിൽ ഉണ്ടായിരുന്നു. അവിടെ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തുകൊണ്ട് ചക്രക്കസേരയിൽ വ്യാമയാനത്തിനകത്തു പ്രവേശിച്ച പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ഇറ്റലിയുടെ “ഇത്താ എയർവേയ്സ്” (ITA Airways) വിമാനം റോമിലെയും കോംഗൊയിലെയും സമയം രാവിലെ 8.30-ന് പറന്നുയർന്നു. അപ്പോൾ ഇന്ത്യയിൽ സമയം ഉച്ചയ്ക്ക് 1 മണി ആയിരുന്നു. ഇറ്റലി, കോംഗൊ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ സമയത്തിൽ, ഇപ്പോൾ, 4 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്.

പാപ്പാ മാദ്ധ്യമ പ്രവർത്തകരോട്

വിമാനത്തിൽ വച്ച് പാപ്പാ ഈ യാത്രയിൽ തന്നെ അനുഗമിക്കുന്ന 12 രാജ്യക്കാരായ എഴുപത്തിയഞ്ചോളം മാദ്ധ്യമ പ്രവർത്തകരെ സംബോധന ചെയ്തു. ഒരു വർഷത്തോളമായി കാത്തിരിക്കുന്ന ഒരു യാത്രയാണിതെന്നും തനിക്ക് കോംഗൊയിലെ ഗോമയും സന്ദർശിക്കണമെന്നുണ്ടെന്നും എന്നാൽ പോരാട്ടം നടക്കുന്നതിനാൽ അതു സാദ്ധ്യമല്ലെന്നും അന്നാട്ടിൽ കിൻഷാസയിലും ദക്ഷിണ സുഡാനിൽ ജൂബയിലും മാത്രമായിരിക്കും ഈ സന്ദർശനമെന്നും പാപ്പാ പറഞ്ഞു. താൻ മാദ്ധ്യമ പ്രവർത്തകരെ സംബോധന ചെയ്യുന്ന സമയത്ത് വിമാനം സഹാറയുടെ മുകളിലൂടെ പറന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാപ്പാ അല്പം സുസ്ഥിതിയും സ്വതന്ത്ര്യവും തേടുകയും അതിനു കഴിയാതെപോകുകയും ചെയ്തവർക്കായി മൗനപ്രാർത്ഥന നടത്താൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

പാപ്പാ കിൻഷാസയിൽ

റോമിൽ നിന്ന് കോംഗൊയുടെ തലസ്ഥാനമായ കിൻഷാസയിലേക്കുള്ള വ്യോമദൂരം 5420 കിലോമീറ്ററാണ്. ഈ ദൂരം തരണം ചെയ്യുന്നതിന് നിശ്ചിത സമയം 6 മണിക്കൂറും 50 മിനിറ്റും ആയിരുന്നെങ്കിലും വിമാനം 50 മിനിറ്റു നേരത്തെ കിൻഷാസയിലെ ന്ത്ജിലി വിമാനത്താവളത്തിൽ താണിറങ്ങി. അപ്പോൾ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30 കഴിഞ്ഞിരുന്നു. കിൻഷാസ കോംഗൊയുടെ തലസ്ഥാനവും അന്നാട്ടിലെ ഏറ്റവും വലിയ നഗരവുമാണ്. കോംഗൊ നദിയുടെ തെക്കെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ നഗരത്തിലെ നിവാസികളുടെ സംഖ്യ 1 കോടി 56 ലക്ഷത്തി 28000 ആണ്.

കിൻഷാസ അതിരൂപത

1888 മുതൽ അപ്പോസ്തോലിക് വകാരിയാത്ത് ആയിരുന്ന കിൻഷാസ 1966 മെയ് 30-നാണ് അതിരൂപതയായി ഉയർത്തപ്പെട്ടത്. 8500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ അതിരൂപതയുടെ അതിർത്തിക്കുള്ളിൽ വസിക്കുന്ന 1 കോടി 22 ലക്ഷത്തി 56830 ആളുകളിൽ കത്തോലിക്കർ 72 ലക്ഷത്തി 53000ത്തിലേറെ വരും. ഈ അതിരുപതയിൽ 160 ഇടവകകളുണ്ടെങ്കിലും ദേവാലയങ്ങൾ 94 എണ്ണം മത്രമാണ്. ഇരുനൂറ്റിയെഴുപതോളം രൂപതാവൈദികരും രൂപതയ്ക്കുവേണ്ടി സേവനം ചെയ്യുന്ന നാന്നൂറിലേറെ സന്ന്യസ്ത വൈദികരും ഈ അതിരൂപതയിൽ ഉണ്ട്. സന്ന്യാസിനികളുടെ സംഖ്യ 540-ൽപ്പരമാണ്. 816 വിദ്യഭ്യാസ സ്ഥാപനങ്ങളും 86 ഉപവിപ്രവർത്തന സ്ഥാപനങ്ങളും ഇവിടെയുണ്ട്. കപ്പുച്ചിൻ സഭാംഗമായ കർദ്ദിനാൾ ഫ്രിദോളിൻ അംബോങ്കൊ ബെസുങ്കു ആണ് (Card. Fridolin Ambongo Besungu, O.F.M. Cap) അതിരൂപതാദ്ധ്യക്ഷൻ. അദ്ദേഹത്തിന് 63 വയസ്സു പ്രായമുണ്ട്.

വിമാനത്താവളത്തിൽ സ്വീകരണം

വ്യോമയാനം കിൻഷാസയിലെ വിമാനത്താവളത്തിൽ നിശ്ചലമായപ്പോൾ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് എത്തോരെ ബലെസ്ത്രേരൊയും പാപ്പായുടെ യാത്രയുടെ സന്ദർശനപരിപാടികളുടെ മുഖ്യ ചുമതലയുള്ള വ്യക്തിയും വിമാനത്തിനകത്തു കയറി പാപ്പായെ പുറത്തേക്കാനയിച്ചു. ചക്രക്കസേരയിൽ ആനീതനായ പാപ്പായെ  പ്രധാനമന്ത്രി ഷാൻ മിഷേൽ സാമ ലുക്കോന്തെ (Jean-Michel Sama Lukonde) ഹസ്തദാനമേകി സ്വാഗതം ചെയ്തു. തുടർന്ന് ചക്രക്കസേരയിൽ നീങ്ങിയ പാപ്പായ്ക്ക് ഒരു ബാലനും ബാലികയും പൂച്ചെണ്ടു നല്കി. പാപ്പാ അവരോടു തൻറെ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്തു. മെത്രാന്മാരുൾപ്പടെ നിരവധിപ്പേർ വിമാനത്താവളത്തിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു. പാപ്പാ വിമാനത്താവളത്തിൽ വിശിഷ്ടവ്യക്തികൾക്കായുള്ള ശാലയിലേക്ക് ആനയിക്കപ്പെട്ടു. അവിടെ പാപ്പായ്ക്ക് കോംഗൊയുടെയും പ്രധാനമന്ത്രിക്ക് വത്തിക്കാൻറെയും പ്രതിനിധികളെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. അതിനു ശേഷം പാപ്പാ വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള രാഷ്ട്രപതി മന്ദിരത്തിലേക്ക് കാറിൽ യാത്രയായി. പാതയോരങ്ങളിൽ പാപ്പായെയും കാത്ത് ജനങ്ങൾ ആടിയും പാടിയും നിലയുറപ്പിച്ചിരുന്നു. പാപ്പാ കടന്നു പോകവെ, പാപ്പായെ ഒരു നിമിഷം കണ്ടതിൻറെ ആനന്ദം അവർ കൈകൾ ഉയർത്തി വീശിയും പാട്ടുപാടിയും നൃത്തച്ചുവടുവച്ചും പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.

രാഷ്ട്രപതി മന്ദിരത്തിൽ

പ്രസിഡൻറിൻറെ ഔദ്യോഗിക വസതിയായ “പലെ ദെ ല നസിയോൺ” (Palais de la Nation) കോംഗൊ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. 1956-ൽ നിർമ്മാണം ആരംഭിച്ച ഈ മന്ദിരത്തിൻറെ പണി പൂർത്തിയായത് 1961-ലാണ്.  ഫ്രാൻസീസ് പാപ്പാ കാറിൽ രാഷ്ട്രപതിയുടെ മന്ദിരത്തിലേക്കു നീങ്ങവെ സൈനികബാൻറ് വാദ്യഗീതം മുഴക്കുന്നുണ്ടായിരുന്നു. മന്ദരിത്തിന് മുന്നിൽ എത്തി കാറിൽ നിന്ന് ഇറങ്ങിയ പാപ്പായെ പ്രസിഡൻറ് ഫെലിക്സ് ത്സിസെക്കേദി (Félix Tshisekedi) സ്വീകരിച്ചു. അവിടെ വിരിച്ചിരുന്ന ചുവന്ന പരവതാനിയിൽ ഇരുവരും നിന്നപ്പോൾ ആദ്യം വത്തിക്കാൻറെയും തുടർന്ന് കോംഗൊയുടെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻറ് വാദനം ചെയ്തു. സൈനികോപചാരം സ്വീകരിച്ചതിനു ശേഷം പാപ്പായും പ്രസിഡൻറും അവിടെത്തന്നെ കസേരയിൽ ആസനസ്ഥരാകുകയും പാപ്പാ കോംഗൊയുടെയും പ്രസിഡൻറ് വത്തിക്കാൻറെയും പ്രതിനിധിസംഘങ്ങളെ പരിചയപ്പെടുകയും ചെയ്തു. ഈ ചടങ്ങിനു ശേഷം പാപ്പായും പ്രസിഡൻറും മന്ദിരത്തിനകത്തുള്ള “സാൽ പ്രസിദേൻസ്യൽ” (Salle Présidentielle) എന്നറിയപ്പെടുന്ന ശാലയിലേക്കു പോകുകയും സ്വകാര്യ സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. തദ്ദനന്തരം പാപ്പായുടെ പ്രസിഡൻറും സമ്മാനങ്ങൾ കൈമാറി. 

തൻറെ ഇടയസന്ദർശനത്തിൻറെ ഒരു സ്മാരക മുദ്രയാണ് പാപ്പാ പ്രസിഡൻറിന് സമ്മാനിച്ചത്. തദ്ദനന്തരം പാപ്പാ പ്രസിഡൻറിൻറെ കുടുംബത്തെ പരിചയപ്പെടുകയും ഇരുവരും രാഷ്ട്രപതിഭവനത്തിൻറെ ഉദ്യാനത്തിലേക്കു പോകുകയും ചെയ്തു. അവിടെ വച്ചായിരുന്നു രാഷ്ട്രാധികാരികളും പൗര-മത-നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. അന്തരീക്ഷം ഗാനസാന്ദ്രമായിരുന്നു. കൂടിക്കാഴ്ചാ വേദിയിലെത്തി ആസനസ്ഥനായ പാപ്പായെ പ്രസിഡൻറ് ഫെലിക്സ് ത്സിസെക്കേദി സ്വാഗതം ചെയ്തു.

“എല്ലാവരും യേശുക്രിസ്തുവിൽ അനുരഞ്ജിതരായി” എന്ന പ്രമേയത്തോടുകൂടിയ ഈ ഇടയസന്ദർശനം നടത്താൻ സമ്മതിക്കുക വഴി പാപ്പാ കോംഗൊനാടിനേകിയ ആദരവ് താനും ജനങ്ങളും വലിയ ആനന്ദത്തോടെ സ്വീകരിക്കുന്നുവെന്ന് പ്രസിഡൻറ് വെളിപ്പെടുത്തി.

450 ഗോത്രങ്ങളുടെ വാസസ്ഥാനവും 26 പ്രവിശ്യകളുള്ളതുമായ വലിയൊരു നാടാണ് കോംഗൊയെന്നും എന്നാൽ അന്നാടിൻറെ സവിശേഷതായ ആഥിത്യഭാവം 30 വർഷമായി ആക്രമിക്കപ്പെടുകയാണെന്നും അതുപോലെതന്നെ സാമ്പത്തിക പ്രതിസന്ധി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വെല്ലുവിളികളും അന്നാടിനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പ്രസിഡൻറിൻറെ വാക്കുകളെ തുടർന്ന് പാപ്പായുടെ കോംഗൊയിലെ കന്നി പ്രഭാഷണമായിരുന്നു.

ഈ കൂടിക്കാഴ്ചാനന്തരം പാപ്പാ 750 മീറ്റർ അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു പോകുകയും അത്താഴം കഴിച്ച് രാത്രി വിശ്രമിക്കുകയും ചെയ്തു.

കോംഗൊയിലെ രണ്ടാം ദിനം

കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലെ രണ്ടാം ദിവസം ആയിരുന്ന ബുധനാഴ്ച (01/02/23) പാപ്പായുടെ സന്ദർശന പരിപാടികൾ ൻന്തോളൊ (N’dolo) വിമാനത്താവളത്തിൽ ദിവ്യബലിയർപ്പണം, കോംഗൊയുടെ കിഴക്കുഭാഗത്ത് ആക്രമിക്കപ്പെടുന്നവരുമായുള്ള കൂടിക്കാഴ്ച, ഉപവിപ്രവർത്തകരുമായുള്ള നേർക്കാഴ്ച എന്നിവയായിരുന്നു.

കോംഗൊയിൽ ബുധനാഴ്ച പാപ്പായുടെ പ്രഥമ ഔദ്യോഗിക പരിപാടി, അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 8 കിലോമീറ്ററിലേറെ അകലെയുള്ള ൻന്തോളൊ വിമാനത്താവളത്തിൽ വച്ചുള്ള ദിവ്യപൂജാർപ്പണമായിരുന്നു. ബറുമ്പു പ്രവിശ്യയിൽ ഫൂന നദിയുടെ തീരത്തായിട്ടാണ് ചെറു വിമാനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. 15 ലക്ഷത്തോളം പേരെ ഉൾക്കൊള്ളാനുള്ള സൗകര്യം വിമാനത്താവള വളപ്പിനുണ്ട്. കോംഗൊയുടെ പ്രസിഡൻറ് ഉൾപ്പടെയുള്ള രാഷ്ട്രാധികാരികളും ദിവ്യപൂജയിൽ പങ്കെടുത്തു.

അപ്പൊസ്തോലിക്ക് നൺഷിയേച്ചറിൽ നിന്ന്  കാറിൽ വിമാനത്താവളത്തിലേക്കു പുറപ്പെട്ട പാപ്പായെ ഒരു നോക്കു കാണുന്നതിനായി വഴിയുടെ ഇരു വശങ്ങളിലും ജനങ്ങൾ ആഹ്ലാദാവേശങ്ങളോടെ നിലയുറപ്പിച്ചിരുന്നു. വിമാനത്തവളത്തിലെ ബലിവേദിയിലേക്കു പാപ്പാ കടന്നു പോകേണ്ടിയിരുന്ന പാതയിൽ ഒരു വശത്ത് ശുഭ്രവസ്തധാരികളായ കുട്ടികൾ സംഗീതത്തിനൊപ്പം താളത്തിലാടുന്നത് നയനാന്ദകരമായി. ദിവ്യബലിയിൽ സംബന്ധിക്കാനെത്തിയിരുന്ന പ്രസിഡൻറും പത്നിയും ഉൾപ്പടെയുള്ള എല്ലാവരും തന്നെ പാട്ടിനൊപ്പം താളത്തിൽ കൈയ്യടിക്കുകയും ആടുകയും ചെയ്യുന്നുണ്ടായിരുന്നു.   വിമാനത്താവളത്തിനടുത്തെത്തിയപ്പോൾ പാപ്പാ പേപ്പൽ വാഹനത്തിലേക്കു മാറി കയറുകയും ആ വാഹനത്തിൽ ഇരുന്നുകൊണ്ട് വിശ്വാസികളെ വലം വയ്ക്കുകയും ചെയ്തു. പാപ്പായോടൊപ്പം കിൻഷാസ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫ്രിദോളിൻ അംബോങ്കൊ ബെസുങ്കുവും ഉണ്ടായിരുന്നു. പൂജാവസ്ത്രങ്ങളണിഞ്ഞ് പാപ്പാ സങ്കീർത്തിയിലേക്കു പോയി. അപ്പോൾ ഗായക സംഘം പ്രവേശന ഗീതം ആലപിച്ചു.

ബലിവേദി

വളരെ ലളിതവും വെള്ള നിറമണിഞ്ഞതുമായിരുന്ന ബലിവേദിയുടെ മേൽക്കൂരയുടെ മുൻഭാഗത്ത് മുകളിൽ കമാനാകൃതിയിലുള്ള ഭാഗത്ത് മദ്ധ്യത്തിലായി കുരിശും ഇരുവശത്തും സമാധാനത്തിൻറെ പ്രതീകമായി ഒലുവുശാഖയേന്തിയ പ്രാവുകളുടെ ചിത്രവും കാണാമായിരുന്നു. ബലിവേദിയിൽ അൾത്താരയ്ക്കു പിന്നിലായി ഭൂഗോളത്തിൽ കോംഗൊയെ വെള്ളനിറത്തിൽ അടയാളപ്പെടുത്തിയ പടവും അതിൽ വലിയൊരും കുരിശും  കാണാമായിരുന്നു.  സമാധാനവും നീതിയും ആയിരുന്നു വിശുദ്ധകുർബ്ബനായുടെ പ്രത്യേക നിയോഗം. സഹകാർമ്മികർ പ്രദക്ഷിണമായി ബലിവേദിയിലെത്തിയതിനു ശേഷം പാപ്പായും അൾത്താരയിലെത്തി വിശുദ്ധ കുർബ്ബാന ആരംഭിച്ചു.

ആദ്യ വായന എശയ്യാ പ്രവാചകൻറെ പുസ്തകം 57:15-19 വരെയും സുവിശേഷം യോഹന്നാൻ 20:19-23 വരെയും ഉള്ള വാക്യങ്ങൾ ആയിരുന്നു. ഫ്രഞ്ചു ഭാഷയിലായിരുന്ന ഈ വായനകൾക്കു ശേഷം പാപ്പാ സുവിശേഷ സന്ദേശം നല്കി.  വിശേഷ പ്രഭാഷണാന്തരം വിശ്വാസികളുടെ പ്രാർത്ഥനയോടെ ദിവ്യബലി തുടർന്നു. വിശ്വാസികളുടെ പ്രാർത്ഥന ഫ്രഞ്ച്,ത്സിഹിലുബ, ലിംഗാല, സ്വഹീലി, കിക്കോംഗൊ എന്നീ ഭാഷകളിലായിരുന്നു. ദിവ്യകാരുണ്യ സ്വീകരണാനന്തരം കിൻഷാസ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫ്രിദോളിൻ അമ്പോങ്കൊ ബെസുങ്കു പാപ്പായ്ക്ക് നന്ദി പ്രകാശിപ്പിച്ചു.

കർദ്ദിനാൾ ഫ്രിദോളിൻറെ  വാക്കുകൾ

കിൻഷാസയിൽ പാപ്പായുടെ സാന്നിദ്ധ്യത്തിനും ദിവ്യപൂജാർപ്പണത്തിനും കർദ്ദിനാൾ ഫ്രിദോളിൻ നന്ദി പറഞ്ഞു.

കോംഗൊയിലെ ജനങ്ങളുടെ ചരിത്രത്തിലെ സവിശേഷവും അതുല്യവുമായ ഒരു വേളയിലാണ് പാപ്പായുടെ ഈ സന്ദർശനം എന്ന് അനുസ്മരിച്ച അദ്ദേഹം ഈ അപ്പസ്തോലിക സന്ദർശനം ജനങ്ങളോടുള്ള പരിഗണനയുടെയും ഈ നാടിനോടും സംസ്‌കാരത്തോടുമുള്ള സ്‌നേഹത്തിൻറെ അടയാളവുമാണെന്ന് പറഞ്ഞു. തങ്ങളെ ഓരോരുത്തരെയും പാപ്പാ വ്യക്തിപരമായി സന്ദർശിക്കുകയും വിശ്വാസത്തിൽ സ്ഥിരീകരിക്കുകയും ചെയ്ത ഒരു പ്രതീതിയാണ് തങ്ങൾക്കുള്ളതെന്ന് കർദ്ദിനാൾ ഫ്രിദോളിൻ വെളിപ്പെടുത്തി.

കിൻഷാസയിലും കോംഗോയിലെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്ക്, പാപ്പായുടെ സാന്നിദ്ധ്യം, പ്രോത്സാഹനത്തിൻറെയും ആശ്വാസത്തിൻറെയും അടയാളമാണെന്നും, അതേ സമയം,  പാപ്പായ്ക്കു ചുറ്റും വലിയ കൂട്ടായ്മയുടെയും  കൂടിക്കാഴ്ചയുടെയുമായ ഒരു നിമിഷവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർദ്ദിനാൾ ഫ്രിദോളിൻറെ വാക്കുകളെ തുടർന്ന് പാപ്പാ സമാപന പ്രാർത്ഥന ചൊല്ലുകയും സമാപനാശീർവ്വാദം നല്കുകയും ചെയ്തു. ദിവ്യബലി അവസാനിച്ചതിനെ തുടർന്ന് പാപ്പാ  അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കും പോകുകയും ഉച്ചഭക്ഷണം കഴിച്ച് അല്പം വിശ്രമിക്കുകയും ചെയതു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2023, 12:13