വജ്രത്തേക്കാൾ വിലയുള്ള മനുഷ്യരാണ് നിങ്ങൾ: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ പ്രെസിഡന്റും, സർക്കാർ, നയതന്ത്ര, മത രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയിൽ, കോംഗോയിലെ ജനതയിലുള്ള തന്റെ വിശ്വാസവും, മതിപ്പും ഏറ്റുപറഞ്ഞ ഫ്രാൻസിസ് പാപ്പാ, കോംഗോയിലെ ജനങ്ങൾ തങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് ജീവിക്കണമെന്നും, ആഫ്രിക്ക കൊള്ളയടിക്കപ്പെടാനുള്ള ഇടമല്ലെന്നും ഓർമ്മിപ്പിച്ചു.
മുറിവുകളേറ്റ ജനം
മധ്യ ആഫ്രിക്കയിലെ മനോഹരമായ ഈ രാജ്യത്തിന് അത്ര മനോഹരമായ ഒരു ചരിത്രമല്ല ഉള്ളതെന്ന് പാപ്പാ പറഞ്ഞു. യുദ്ധങ്ങളുടെയും, രാജ്യാതിർത്തികൾക്ക് അകത്തുനിന്നു തന്നെയുള്ള സംഘർഷങ്ങളുടെയും, നിർബന്ധിത കുടിയേറ്റങ്ങളുടെയും, ചൂഷണങ്ങളുടെയും, ചരിത്രം കൂടി അതിനുണ്ടെന്ന് പാപ്പാ വിശദീകരിച്ചു. തനിക്ക് മുൻപ് സംസാരിച്ച പ്രസിഡന്റ് തന്റെ പ്രഭാഷണത്തിൽ പറഞ്ഞ, പലരാലും മറന്ന വംശഹത്യയെക്കുറിച്ചും പാപ്പാ പരാമർശിച്ചു. കോംഗോയിലെ ജനങ്ങളുടെ ക്ഷമയിൽനിന്നും ധൈര്യത്തിൽനിന്നും പഠിക്കുവാൻ കൂടി, അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും തീർത്ഥാടകനായാണ് താൻ എത്തിയതെന്ന് പാപ്പാ പ്രസ്താവിച്ചു.
വജ്രത്തേക്കാൾ വിലയേറിയ മനുഷ്യർ
കോംഗോ റിപ്പബ്ലിക്കിന്റെ മണ്ണിൽ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന വിലയേറിയ വജ്ര, വൈരക്കല്ലുകളുടെ ഉദാഹരണമെടുത്തുകൊണ്ട്, നിങ്ങളുടെ രാജ്യം സൃഷ്ടിയുടെ ഒരു വജ്രക്കല്ലാണെന്നും, എന്നാൽ, ഫലഭൂയിഷ്ഠമായ ഈ മണ്ണിൽനിന്ന് ഉയർന്നുവരുന്ന ഏറ്റവും വിലയേറിയവർ നിങ്ങളാണെന്നും തന്റെ മുന്നിലുണ്ടായിരുന്ന ജനസമൂഹത്തോട് പാപ്പാ പറഞ്ഞു. ഉണർന്നെണീറ്റ്, നിങ്ങൾ വസിക്കുന്ന ഭവനത്തെ സമാധാനത്തിലും ഐക്യത്തിലും കാത്തുസൂക്ഷിക്കുവാനായുള്ള നിങ്ങളുടെ വിളി തിരിച്ചറിഞ്ഞ്, നിങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കൂ എന്ന് പാപ്പാ കോംഗോ നിവാസികളെ ആഹ്വാനം ചെയ്തു. ഓരോരുത്തരും തങ്ങളുടെ ഭാഗം ചെയ്യാൻ മറക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ചൂഷണം അനുവദിക്കരുത്
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇപ്പോഴും പല വിധത്തിലുള്ള ചൂഷണങ്ങൾ നിലനിൽക്കുന്നുവെന്നും, ആഫ്രിക്ക ചൂഷണം ചെയ്യപ്പെടാനുള്ള ഇടമാണെന്ന് പലരും ഇപ്പോഴും വിശ്വസിക്കുന്നു എന്നതും തികച്ചും മോശമാണെന്ന് പാപ്പാ അപലപിച്ചു. രാഷ്ട്രീയ കോളനിവൽക്കരണം അവസാനിച്ചപ്പോൾ സാമ്പത്തിക കോളനിവൽക്കരണം തുടരുന്നു. അങ്ങനെ ഈ രാജ്യത്തിന് തങ്ങളുടെ ധാരാളമായുള്ള പ്രകൃതി വിഭവങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാനാകുന്നില്ല. ആർത്തിയുടെ വിഷം ഇവിടുത്തെ വജ്രങ്ങളെ രക്തക്കറ പുരണ്ടതാക്കിയെന്ന് പാപ്പാ പറഞ്ഞു. എന്നാൽ ഈ ഭൂഖണ്ഡം, ബഹുമാനിക്കപ്പെടുകയും, ശ്രവിക്കപ്പെടുകയും, ഇതിന് ലോകത്തിൽ മതിയായ ഇടം നല്കപ്പെടുകയും വേണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. ആഫ്രിക്കയെയും കോംഗോയെയും സ്വാതന്ത്ര്യത്തിൽ വിടാൻ ആവശ്യപ്പെട്ട പാപ്പാ ഇതിനെ ശ്വാസം മുട്ടിക്കാനോ, കൊള്ളയടിക്കാനുള്ള ഒരു ഖനിയായി കരുതാനോ ആരും മുതിരരുതെന്ന് ഓർമ്മിപ്പിച്ചു. ലോകരാഷ്ട്രങ്ങൾക്കിടയിൽ ആഫ്രിക്കയ്ക്കും മൂല്യം ഉണ്ടെന്നും, അത് ബഹുമാനിക്കപ്പെടണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
അന്താരാഷ്ട്രസമൂഹത്തിന് ആഹ്വാനം
അതിക്രമങ്ങളും, സംഘർഷങ്ങളും മൂലം വർഷങ്ങളായി കോംഗോയിൽ രക്തമൊഴുകുന്നത് അന്താരാഷ്ട്രസമൂഹം മറക്കുകയോ അവഗണിക്കുകയോ ചെയ്യരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ കോംഗോയിലെ പ്രാദേശിക ജനതയ്ക്ക് സഹായമെത്തിക്കുന്ന പല പദ്ധതികളും നടപ്പിലാക്കുന്നതിന് സഹായിക്കുന്ന നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഉണ്ടെന്നും, അവർക്ക് നന്ദി പറയുന്നുവെന്നും പാപ്പാ പറഞ്ഞു. ദാരിദ്ര്യത്തിനും, രോഗങ്ങൾക്കും എതിരെയും, മാനവികാന്തസ് ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി അവർ ചെയ്യുന്ന ശ്രമങ്ങൾ തുടരട്ടെയെന് പാപ്പാ ആശംസിച്ചു.
വൈവിധ്യമാർന്ന സംസ്കാരവും വജ്രവും
വജ്രത്തിന്റെ പ്രത്യേകത പോലെ, ഈ രാജ്യത്തിനും വൈവിധ്യമാർന്ന ഒരു സംസ്കാരമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ തങ്ങളുടെ മാത്രം വർഗ്ഗ താല്പര്യങ്ങളെക്കാൾ പൊതുവായ നന്മയെ മുന്നിൽ കണ്ട് പ്രവർത്തിക്കുവാൻ ഏവരെയും പാപ്പാ ആഹ്വാനം ചെയ്തു.വർഗ്ഗമോ സാമൂഹ്യവിഭാഗങ്ങളോ അല്ല, എപ്രകാരമാണ് ഒരുമിച്ച് നിൽക്കാൻ തീരുമാനിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ടതെന്നും, അനുരഞ്ജനപ്പെട്ട് പുനഃരാരംഭിക്കാനുള്ള തീരുമാനമാണ് മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
അഴിമതി അവസാനിക്കണം
ഒരു വജ്രം എപ്രകാരം സുതാര്യമായി പ്രകാശം കടത്തിവിടുന്നോ അതുപോലെ, പൊതുവായ ഉത്തരവാദിത്വങ്ങളും, രാഷ്ട്രത്തിന്റെ ഭരണവും നിർവ്വഹിക്കുന്നവർ, സമൂഹത്തിന് സേവനം നൽകിക്കൊണ്ട് സുതാര്യതയോടെ പ്രവർത്തിക്കുവാനും ഉത്തരവാദിത്വപ്പെട്ടവരാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. രാജ്യത്തെ നിരന്തരം അക്രമത്തിന്റെ അന്തരീക്ഷത്തിൽ നിലനിറുത്തി, അതിനെ കൊള്ളയടിക്കാൻ ശ്രമിക്കുവാൻ വിട്ടുകൊടുക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഭരണം നടത്തുന്നവർ, കണക്കുബോധിപ്പിക്കാനോ, മേനി നടിക്കാനോ വേണ്ടി പ്രവർത്തിക്കാതെ, സേവനത്തിനായി ആണ് പ്രവർത്തിക്കുന്നത് എന്ന് ബോധ്യമാകുമ്പോഴേ ജനങ്ങൾ അവരെ വിശ്വസിക്കൂ എന്ന് പാപ്പാ കൂട്ടിച്ചേർത്തു. "നീതി മാനിക്കപ്പെടുന്നില്ലെങ്കിൽ, രാഷ്ട്രം കള്ളന്മാരുടെ ഒരു സംഘമല്ലാതെ മറ്റെന്താണ്" എന്ന, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽത്തന്നെ ജനിച്ച വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ പാപ്പാ ഉദ്ധരിച്ചു.
വജ്രം പോലെ തിളങ്ങുക
വജ്രം മൂല്യമുള്ളതാക്കാൻ, അതിനെ ശുദ്ധീകരിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ, അതുപോലെ തന്നെ, ജനങ്ങൾ തങ്ങൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസസൗകര്യങ്ങൾ ഉപയോഗിച്ച്, തങ്ങളിലെ തിളങ്ങുന്ന കഴിവുകൾ പൂർണ്ണമായ ഫലം തരുന്നതിനായി പരിശ്രമിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നിരവധി കുട്ടികളാണ് അടിമകളായി ഖനികളിൽ ജോലി ചെയ്ത് മരിക്കുന്നതെന്നും, നിരവധി പെൺകുട്ടികളുടെ മാനം പോലും ഇല്ലാതാക്കപ്പെടുന്നുവെന്നും പറഞ്ഞ പാപ്പാ, യുവജനങ്ങൾ പ്രത്യാശയുടെ അടയാളങ്ങളാണെന്നും, അവർ ഇല്ലാതാക്കപ്പെടുന്നത് ഒഴിവാക്കണമെന്നും ഓർമ്മിപ്പിച്ചു.
പ്രകൃതിയുടെ സംരക്ഷണം
വജ്രം പ്രകൃതിയുടെ സംരക്ഷണത്തെയാണ് നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, കോംഗോ റിപ്പബ്ലിക് ലോകത്തിലെ ഏറ്റവും വലിയ പച്ച ശ്വാസകോശമാണ് കാത്തു സൂക്ഷിക്കുന്നതെന്ന്, അവിടുത്തെ കാടുകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധിക്കും കൊറോണ വൈറസിനും എതിരെ സഹായമെത്തിക്കുക എന്നതിൽ മാത്രം ഒതുങ്ങാതെ, സാമൂഹികമായി നീണ്ടുനിൽക്കുന്ന വളർച്ചയിലേക്ക് നയിക്കുന്ന മാറ്റങ്ങളാണ് ആവശ്യമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഉറച്ച ചുവടുകൾ വയ്ക്കുക
വജ്രം കാഠിന്യമേറിയ ഒരു വസ്തുവായിരിക്കുന്നതുപോലെ, ഇവിടുത്തെ മനുഷ്യരും, ഏവരെയും ഉൾക്കൊള്ളുന്ന സാമൂഹികമായ ഒരു പുനഃരാരംഭത്തിന് തയ്യാറാകണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. തുടർച്ചയായ അക്രമങ്ങളും, തൃപ്തികരമല്ലാത്ത സാഹചര്യങ്ങളും കോംഗോയിലെ ജനത്തിന്റെ മനോവീര്യം കെടുത്തരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രത്യാശ നൽകുന്ന ക്രിസ്തുവിന്റെ നാമത്തിലും, വജ്രങ്ങളെക്കാൾ വിലയേറിയ ഇവിടുത്തെ മനുഷ്യരുടെ പേരിലും, വീണ്ടും പ്രവർത്തിപഥത്തിലേക്ക് ഇറങ്ങാൻ ഏവരും, പ്രത്യേകിച്ച് യുവജനവും കുട്ടികളും തയ്യാറാകണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, സമാധാനപൂർണ്ണവും, ഐക്യമുള്ളതും, മെച്ചപ്പെട്ടതുമായ ഒരു കോംഗോയ്‌ക്കായി പ്രാർത്ഥനയിലൂടെയും, സാന്നിധ്യത്തിലൂടെയും താൻ അവർക്കൊപ്പമുണ്ടെന്ന് ഉറപ്പു നൽകുകയും ദൈവാനുഗ്രഹങ്ങൾ നേരുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: