തിരയുക

ഫ്രാൻസിസ് പാപ്പായയും കർദ്ദിനാൾ സെനാറിയും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായയും കർദ്ദിനാൾ സെനാറിയും - ഫയൽ ചിത്രം  (Vatican Media)

പ്രകൃതിദുരന്തങ്ങളിൽപ്പെട്ട മനുഷ്യർക്കുവേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

തുർക്കിയിലും സിറിയയിലും ഭൂമികുലുക്കത്തിന്റെയും, ചിലിയിൽ അഗ്നിബാധയുടെയും ഇരകളായവർക്ക് വേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനകൾ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതിദുരന്തങ്ങളുടെ ഇരകളായവർക്ക് രണ്ടു വ്യത്യസ്ത ട്വിറ്റർ സന്ദേശങ്ങളിലൂടെ സാമീപ്യമറിയിച്ച് ഫ്രാൻസിസ് പാപ്പാ.

തുർക്കിയിലെയും സിറിയയിലെയും ഭൂമികുലുക്കം

കഴിഞ്ഞ ദിവസം തുർക്കിയിലും സിറിയയിലും ആയിരക്കണക്കിന് പേരുടെ ജീവനെടുക്കുകയും, നിരവധി ആളുകൾക്ക് പരിക്കുകൾക്ക് കാരണമാവുകയും ചെയ്ത  ശക്തമായ ഭൂമികുലുക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാമെന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. സഹായസഹകരണങ്ങളുമായി എത്തിയ ആളുകൾക്ക് പാപ്പാ നന്ദി പറയുകയും ചെയ്തു. ഫെബ്രുവരി 8 ബുധനാഴ്ച ട്വിറ്ററിൽ നൽകിയ സന്ദേശത്തിലൂടെയാണ് ഈ പ്രദേശങ്ങളിൽ കഴിഞ്ഞ നൂറു വർഷങ്ങളിൽ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂമികുലുക്കത്തിന്റെ ഇരകൾക്കുവേണ്ടി പ്രാർത്ഥനയുമായി പാപ്പാ എത്തിയത്.

"ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും പരിക്കുകൾക്കും കാരണമായ ശക്തമായ ഭൂമികുലുക്കം ബാധിച്ച തുർക്കിയിലെയും സിറിയയിലെയും ആളുകൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അവർക്ക് സഹായമെത്തിക്കുവാനായി പ്രവർത്തിക്കുന്നവർക്ക് നന്ദി പറയുകയും, ഏവരെയും ഐക്യദാർഢ്യത്തിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

EN: Let’s #PrayTogether for the peoples of Türkiye and Syria hard hit by the earthquakes that have caused thousands of deaths and injuries. I thank those who are working to provide relief, and I encourage everyone to offer their solidarity.

IT: #PreghiamoInsieme per le popolazioni della Turchia e della Siria duramente colpite dal terremoto, che ha causato migliaia di morti e di feriti. Ringrazio quanti si stanno impegnando per portare soccorso e incoraggio tutti alla solidarietà.

ചിലിയിലെ അഗ്നിബാധ

തെക്കൻ ചിലിയിൽ നിരവധി ആളുകളുടെ മരണത്തിനു കാരണമാവുകയും ഏതാണ്ട് മൂന്നുലക്ഷത്തോളം ഹെക്ടർ ഭൂമി കത്തിനശിക്കുവാൻ കാരണമാവുകയും ചെയ്ത അഗ്നിബാധയാൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയും പാപ്പാ പ്രാർത്ഥനയാഭ്യർത്ഥിച്ചു. "പ്രിയപ്പെട്ട ചിലിയിൽ അഗ്നിബാധയുടെ ഇരകളായവരെയും ദുരിതബാധിതരെയും ദൈവത്തിന് സമർപ്പിച്ചുകൊണ്ട് നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം" എന്നായിരുന്നു പാപ്പായുടെ സന്ദേശം.

#OremosJuntos encomendando al Señor a las víctimas y a los afectados por los incendios en la querida nación chilena.

ഫെബ്രുവരി 8-ന് സ്പാനിഷ് ഭാഷയിലാണ് പാപ്പാ ഈ ട്വിറ്റർ സന്ദേശം നൽകിയത്.

ചിലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അഗ്നിബാധകളിൽ ഏറ്റവും മാരകമായവയിൽ ഒന്നാണ് ഏതാനും ദിവസങ്ങളായി അവിടെ തുടരുന്ന ഈ അഗ്നിബാധ. കഴിഞ്ഞ പത്തുവർഷങ്ങളായി തെക്കൻ ചിലിയിൽ ശക്തിയേറിയ വരൾച്ചയാണ് ഉണ്ടായിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 February 2023, 16:26