ഉക്രൈൻ കാരിത്താസ് സംഘടനയുടെ സെക്രെട്ടറി ജനറലിനെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഉക്രൈൻ കാരിത്താസ് - സ്‌പെസ് സംഘടനയുടെ സെക്രെട്ടറി ജനറൽ ഫാ. വ്യഹേസ്ലാവിന് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചു. റഷ്യ ഉക്രൈൻ യുദ്ധം ആരംഭിച്ചതിന്റെ വാർഷികത്തിന് മൂന്ന് ദിനങ്ങൾ മുൻപ്, ഫെബ്രുവരി 21 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പാപ്പായെ കാണാനെത്തിയ ഫാ. വ്യഹേസ്ലാവ്, റഷ്യ ഉക്രൈൻ യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളിലെ ചില്ലുകൾ കൊണ്ട് തീർത്ത ഒരു കുരിശ് ഫ്രാൻസിസ് പാപ്പായ്ക്ക് സമ്മാനിച്ചു.
ഉക്രൈനിലെ കാരിത്താസ് - സ്പെസ് സംഘടന യുദ്ധത്തിന്റെ ഇരകൾക്കുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ പാപ്പായോട് പങ്കുവയ്ക്കുവാൻ കിട്ടിയ ഒരു അവസരമായിരുന്നു തങ്ങളുടെ കൂടിക്കാഴ്ചയെന്ന് ഫാ. വ്യഹേസ്ലാവ് പറഞ്ഞു. സഭയുടെ പ്രവർത്തകർ എന്ന നിലയിൽ, ഉക്രൈനിൽ ആളുകളുടെ ജീവനുവേണ്ടി മാത്രമല്ല, അവരുടെ ആധ്യാത്മിക കാര്യങ്ങൾക്കുവേണ്ടിയും തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. യുദ്ധക്കെടുതിയാൽ ബുദ്ധിമുട്ടുന്ന ഉക്രൈൻ ജനതയ്‌ക്കൊപ്പം പാപ്പായുണ്ടെന്ന് പറഞ്ഞ കാരിത്താസ് സെക്രട്ടറി ജനറൽ, തങ്ങളുടെ പ്രവർത്തനം തടസം കൂടാതെ മുന്നോട്ട് പോകുവാൻ പാപ്പാ ആവശ്യപ്പെട്ടുവെന്നും, തന്നാലാകുന്നതെല്ലാം ഈ യുദ്ധത്തിന്റെ പര്യവസാനത്തിനായി പ്രവർത്തിക്കുമെന്ന് പരിശുദ്ധപിതാവ് ഉറപ്പ് നൽകിയെന്നും അറിയിച്ചു.
റഷ്യൻ ആക്രമണത്തിൽ തകർന്ന, പ്രത്യേകിച്ച് കിയെവ് പ്രദേശത്തെ കെട്ടിടങ്ങളിൽനിന്നുള്ള ചില്ലുകഷണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു കുരിശ് താൻ പാപ്പായ്ക്ക് സമ്മാനിച്ചുവെന്ന് പറഞ്ഞ ഫാ. വ്യഹേസ്ലാവ്, അത് തകർക്കപ്പെട്ട കെട്ടിടങ്ങളുടെ മാത്രമല്ല, തങ്ങളുടെ ഹൃദയങ്ങൾ കൂടിയാണ് പ്രതീകം കൂടിയാണെന്ന് വ്യക്തമാക്കി. തങ്ങളുടെ യുദ്ധാനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു കുരിശിന്റെ വഴിയുടെ പുസ്തകം കൂടി അദ്ദേഹം പാപ്പായ്ക്ക് സമ്മാനിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: