തിരയുക

പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളിൽനിന്നുള്ള വൈദികരെയും സന്ന്യസ്തരെയും ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളിൽനിന്നുള്ള വൈദികരെയും സന്ന്യസ്തരെയും ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (ANSA)

സഭൈക്യം എന്നത് ഒരുമിച്ചുള്ള തീർത്ഥാടനമാണ്: ഫ്രാൻസിസ് പാപ്പാ

പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളിൽനിന്നുള്ള വൈദികരെയും സന്ന്യസ്തരെയും വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, എമ്മാവൂസിലേക്ക് നടന്ന ശിഷ്യരുടേത് സഭൈക്യപാതയുടെ പ്രതീകമാണെന്ന് ഉദ്‌ബോധിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നോമ്പുകാലതീർത്ഥാടനത്തിന്റെ ഭാഗമായി റോമിലെത്തിയ, പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളിൽനിന്നുള്ള വൈദികരെയും സന്ന്യസ്തരെയും ഫെബ്രുവരി 23 വ്യാഴാഴ്ച വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, എമ്മാവൂസിലേക്ക് പോയ ക്രിസ്തുശിഷ്യരെക്കുറിച്ചുള്ള സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട്, ക്രൈസ്തവസഭകളുടെ എക്യൂമെനിക്കൽ പാതകൾക്കും എമ്മാവൂസ് യാത്രയ്ക്കും പൊതുവായ സ്വഭാവങ്ങളുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു.

ഒരുമിച്ചുള്ള യാത്ര

എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യന്മാരെപ്പോലെ ക്രൈസ്തവരും ഒരുമിച്ച് നടക്കുമ്പോൾ ക്രിസ്തുവും അവർക്കൊപ്പമുണ്ടാകുമെന്നും, അവരുടെ യാത്രയ്ക്ക് ഉത്തേജനം നൽകുകയും അത് പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പാപ്പാ തന്റെ സന്ദേശത്തിലൂടെ ഉദ്‌ബോധിപ്പിച്ചു. യേശുവിനെ തിരിച്ചറിയാനാകാത്തവിധം ദുഃഖത്താലും, നിരാശയാലും നയിക്കപ്പെട്ട അവരെപ്പോലെ, തങ്ങളെത്തന്നെ അളവുകോലാക്കി കരുതുന്നതും, ധൈര്യമില്ലാത്തതും വിവിധ ക്രൈസ്തവസഭകളിലെ അംഗങ്ങളെയും, അവരെ ഒരുമിപ്പിച്ച് നിറുത്തുന്നവയെയും ഒരുമിപ്പിക്കുന്നവനെയും തിരിച്ചറിയാൻ കഴിവില്ലാത്തവരാക്കി മാറ്റുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിശ്വാസത്തിൽ കൂടുതൽ ഒരുമിച്ച് നടക്കുമ്പോൾ അത്രമാത്രം ക്രിസ്തുവും നമ്മെ അനുകരിക്കുമെന്നും, ഐക്യം എന്നത് ഒരുമിച്ചുള്ള ഒരു തീർത്ഥാടനമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

പരസ്പരസംവാദം

ക്രൈസ്തവർ തമ്മിലുള്ള സംവാദങ്ങൾ ദൈവവചനത്തിൽ അടിസ്ഥാനമിട്ടതാണെന്നും, അവ പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിൽ മനസ്സിലാക്കാൻ യേശു നമ്മെ സഹായിക്കുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഡിക്കസ്റ്ററി നിർദ്ദേശിക്കുന്ന, കാരുണ്യത്തിന്റെയും, സത്യത്തിന്റെയും, ജീവന്റെയും സംവാദങ്ങൾ പാപ്പാ പ്രത്യേകം പരാമർശിച്ചു. പരസ്പര സംവാദങ്ങളിലൂടെയാണ് യേശുവുമായുള്ള സംവാദത്തിലേക്ക് അവർ എത്തിയതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഐക്യത്തിനായി ആഗ്രഹിക്കുക

ഐക്യത്തിനായി ആഗ്രഹമില്ലാത്ത ഒരുമിച്ചുള്ള യാത്രയും സംവാദങ്ങളും നമ്മെ എങ്ങുമെത്തിക്കില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. "ഞങ്ങളോടൊത്തു വസിക്കുക" എന്ന ശിഷ്യന്മാരുടെ പ്രാർത്ഥനയാണ് യേശുവിന്റെ സാന്നിധ്യം അവർക്ക് നൽകിയത്. എല്ലാം ഉപേക്ഷിച്ചും, അനൈക്യത്തിലുമായിരിക്കുന്ന ശിഷ്യർക്കൊപ്പം യേശു അപ്പം പങ്കിടുന്നില്ല, എന്നാൽ അവർ അവനെ ക്ഷണിക്കുകയും, സ്വീകരിക്കുകയും ആഗ്രഹിക്കുകയും ചെയ്യുമ്പോഴാണ് അവൻ അപ്പം അവർക്കായി മുറിച്ചു നൽകുന്നത്. വിവിധ സഭകൾക്കിടയിൽ പലപ്പോഴും ഇല്ലാത്തതും, ശിഷ്യർക്കുണ്ടായിരുന്ന ഐക്യത്തിനായുള്ള തീവ്രമായ ഈ ആഗ്രഹമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഒരേ ബലി

എക്യൂമെനിക്കൽ യാത്രയിൽ ഒരുമിച്ചുള്ള തീർത്ഥാടനത്തിൽ, സംവാദങ്ങളും, ഐക്യവും, ഒരുമിച്ചു നിൽക്കുവാനുള്ള ആഗ്രഹവും ഉണ്ടെങ്കിൽ, എമ്മാവൂസിലെ ശിഷ്യരെപ്പോലെ, അപ്പം പങ്കിട്ടു നൽകുന്നതിൽ ക്രിസ്തുവിനെ തിരിച്ചറിയാനും, ഒരേ മേശയിൽനിന്ന് ഭക്ഷിക്കാനുമാകുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അങ്ങനെയുള്ള ക്രൈസ്തവർക്ക്, തിരികെ ജെറുസലേമിലേക്ക് പോയി സന്തോഷപൂർവ്വം യേശുവിനെക്കുറിച്ച് മറ്റു ശിഷ്യരോട് പറഞ്ഞ എമ്മാവൂസിലെ ശിഷ്യരെപ്പോലെ, ഉത്ഥിതനായ ക്രിസ്തുവിന്റെ വിശ്വസനീയമായ സാക്ഷ്യം നൽകാൻ സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ജലദോഷം മൂലം തന്റെ പ്രഭാഷണം വായിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ പാപ്പാ, അതിന്റെ പരിഭാഷ പാപ്പാ ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് കൈമാറുകയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 February 2023, 15:53