കഷ്ടതയനുഭവിക്കുന്നവർക്ക് ആശ്വാസമേകുക: ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നവരോട് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
രോഗികൾക്കായുള്ള ആഗോളദിനവുമായി ബന്ധപ്പെട്ട്, റോം രൂപതയുടെ കീഴിൽ ആരോഗ്യപരിപാലനരംഗത്തെ അജപാലനപ്രവർത്തനത്ത് പ്രവർത്തിക്കുന്നവരെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിച്ച പാപ്പാ, അവരോട് നല്ല സമരിയക്കാരനെപ്പോലെ, കഷ്ടത അനുഭവയ്ക്കുന്നവരോട് ചേർന്ന് നിൽക്കാനും, ആരാലും കേൾക്കപ്പെടാത്ത അവരുടെ നിലവിളികൾക്ക് ശബ്ദം നൽകാനും, മറ്റുള്ളവർക്ക് കാരുണ്യപ്രവർത്തനങ്ങളിൽ പ്രേരണയായി മാറാനും ആഹ്വാനം ചെയ്തു.
സമരിയക്കാരന്റെ ഉപമയിൽ, പരിക്കേറ്റ് വഴിയിൽ കിടക്കുന്ന മനുഷ്യനും, സമരിയക്കാരനും മുറിവുകൾ പേറുന്നവരാണെന്ന് പറഞ്ഞ പാപ്പാ, ആദ്യത്തെയാൾ മറ്റുള്ളവരാൽ കൊള്ളയടിക്കപ്പെട്ടതിനിടയിൽ ഉണ്ടായ മുറിവുകൾ പേറുമ്പോൾ, സ്വീകാര്യനല്ലാത്ത ഒരു വിദേശിയായ വ്യക്തി എന്ന നിലയിൽ മറ്റുള്ളവരുടെ നിന്ദ്യതയോടെയുള്ള നോട്ടത്തിന്റെ മുറിവുകൾ പേറുന്നവനാണ് സമരിയക്കാരൻ എന്ന് ഓർമ്മിപ്പിച്ചു. സഹിക്കുന്ന ആൾക്കുവേണ്ടി കഷ്ടപ്പെടുന്ന ഈ ഒരു മനോഭാവത്തിൽനിന്ന് ഐക്യത്തിന്റെയും പ്രത്യാശയുടെയും ഒരു ചരിത്രം ഉണ്ടാവുകയാണ്.
ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടേത് മറ്റുള്ളവരുടെ വേദനകളിൽ സമീപസ്ഥരായിരിക്കാനുള്ള മനോഭാവത്തിൽനിന്നാണ് ഉളവാകുന്നതെന്ന് പാപ്പാ പറഞ്ഞു. അടഞ്ഞുകൂടിയിരിക്കാനുള്ള മനോഭാവത്തിൽനിന്ന് മാറി, മറ്റുള്ളവർക്ക് അടുത്തെത്തി അവരുടെ കരം പിടിക്കാനുള്ള ഒരു ധൈര്യത്തിൽനിന്നാണ് ഇത് ജനിക്കുന്നത്.
നല്ല സമരിയക്കാരന്റെ ഉപമയുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, സഹിക്കുന്നവരോട് സമീപസ്ഥരായിരിക്കാനും, അവഗണിക്കപ്പെടുന്ന ഒരുപാട് നിലവിളികൾക്ക് സ്വരമാകാനും, സമൂഹത്തിൽ കാരുണ്യത്തിന്റെ പുളിമാവായി മാറാനും ഏവരെയും ആഹ്വാനം ചെയ്തു.
ഫെബ്രുവരി 11 ശനിയാഴ്ചയാണ് രോഗികളുടെ ആഗോളദിനമായി ഈ വർഷം സഭ ആചരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: