ആരോഗ്യപരിപാലനരംഗത്തുള്ളവർ നല്ല സമരിയക്കാരാവുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
1992 മെയ് മാസം 13-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഏർപ്പെടുത്തിയ ലോക രോഗീദിനത്തിന്റെ തുടർച്ചയായി എല്ലാ വർഷവും കത്തോലിക്കാസഭ ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്ന ആളുകളെയും രോഗികളായി കഴിയുന്നവരെയും അനുസ്മരിച്ച് പ്രാർത്ഥിക്കാനായി ഒരു ദിവസം മാറ്റിവയ്ക്കാറുണ്ട്. 1993 മുതൽ എല്ലാ വർഷവും ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനത്തിലാണ് ഈ ദിനം ആചരിച്ചുവരുന്നത്. 2023-ൽ 31-ആം ലോക രോഗീദിനമാണ് സഭ ആചരിച്ചത്. ഇതുമായി ബന്ധപ്പെട്ട്, റോമാ രൂപതയുടെ കിഴിൽ ആതുരസേവനമേഖലയിൽ അജപാലനസേവനം നടത്തുന്ന ആളുകൾക്കും ഏതാനും രോഗികൾക്കും ഫെബ്രുവരി 9 വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വച്ച് ഒരു കൂടിക്കാഴ്ച അനുവദിച്ചിരുന്നു. "അവനെ ശുശ്രൂഷിക്കുക" എന്ന വചനത്തെ ആസ്പദമാക്കിയായിരുന്നു ഈ വർഷത്തെ ലോക രോഗീദിനത്തിന് പാപ്പാ നൽകിയ വിചിന്തനം. വിശുദ്ധ ലൂക്കായുടെ സുവിശേഷം പത്താം അധ്യായം 25 മുതൽ 37 വരെയുള്ള തിരുവചങ്ങളിൽ യേശു വിവരിക്കുന്ന നല്ല സമരിയക്കാരന്റെ ഉപമയുമയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സഹനത്തിന്റെ പാതയിലായിരിക്കുന്ന മനുഷ്യർക്ക് സമീപസ്ഥരായിരിക്കാനും, അവർക്ക് സ്നേഹത്തോടെയും കരുതലോടെയും ശുശ്രൂഷ നൽകാനുമാണ് പാപ്പാ ആരോഗ്യപരിപാലനരംഗത്ത് അജപാലനസേവനം നൽകുന്ന ആളുകളോട് ആവശ്യപ്പെട്ടത്.
നല്ല സമരിയാക്കാരൻ
ആരാണ് എന്റെ അയൽക്കാരൻ എന്ന ചോദ്യം നിയമജ്ഞൻ ഉയർത്തുമ്പോഴാണ് യേശു സമരിയക്കാരന്റെ ഉപമ പറയുക. ജെറുസലേമിൽനിന്ന് ജെറീക്കോയിലേക്ക് പോകുന്ന ഒരു മനുഷ്യൻ. കവർച്ചക്കാർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത്, അവനെ മർദ്ദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിച്ചു കടന്നുകളയുന്നു. പിന്നീട് അതിലെ ഒരു പുരോഹിതനും, ലെവായനും അതിലെ കടന്നുപോയെങ്കിലും, അവരിരുവരും അവനെ ശുശ്രൂഷിക്കാതെയും സഹായിക്കാതെയും പോകുന്നു. പാപ്പായുടെ വാക്കുകളിൽ, "അവരിരുവരും അവരുടെ നിസ്സംഗതയും നിർവ്വികാരതയും കൊണ്ട് അവനെ അവഗണിക്കപ്പെട്ടവനാക്കുന്നു". എന്നാൽ പിന്നീട് അവിടേക്ക് കടന്നുവരുന്ന ഒരു സമരിയക്കാരൻ, അവനെക്കണ്ട് മനസ്സലിഞ്ഞ് അടുത്ത് ചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വച്ച് കെട്ടി, തന്റെ കഴുതയുടെ പുറത്തുകയറി ഒരു സത്രത്തിൽ കൊണ്ടുചെന്നു പരിചരിച്ചു. മാത്രവുമല്ല, സുവിശേഷം പറയുന്നത് ഇങ്ങനെയാണ്, അടുത്ത ദിവസം അവൻ സത്രം സൂക്ഷിപ്പുകാരന്റെ കൈയിൽ രണ്ടു ദനാറ കൊടുത്തിട്ട് പറഞ്ഞു; ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കിൽ ഞാൻ തിരിച്ചുവരുമ്പോൾ തന്നുകൊള്ളാം" (ലൂക്കാ 10, 35).
മുറിവുകളേറ്റ മനുഷ്യർ
ഈ ഉപമയുമായി ബന്ധപ്പെടുത്തി ഫ്രാൻസിസ് പാപ്പാ പറയുന്നത് ഈ രണ്ടു മനുഷ്യരുടെയും, സമരിയക്കാരന്റെയും വഴിയിൽ വീണുകിടന്ന മനുഷ്യന്റെയും ജീവിതത്തിൽ പൊതുവായുള്ള ഒരു കാര്യത്തെക്കുറിച്ചാണ്. അവരിരുവരും മുറിവേറ്റ മനുഷ്യരാണ്. വഴിയിൽ വീണു കിടന്ന മനുഷ്യൻ കൊള്ളക്കാരുടെ പ്രഹരത്താൽ ശരീരത്തിൽ മുറിവേറ്റവനാണ്. എന്നാൽ സമരിയക്കാരനാകട്ടെ, ആ പ്രദേശത്തുള്ളവാനല്ലാത്തതിനാൽത്തന്നെ, സമരിയക്കാരൻ, പരദേശി, എന്ന നിലയിൽ, ആളുകളാൽ സ്വാഗതം ചെയ്യപ്പെടാത്തവനും, അവരുടെ പുച്ഛഭാവത്തോടെയുള്ള നോട്ടത്താൽ ഉള്ളിൽ മുറിവേറ്റവനുമാണ്. ഇവിടെയാണ് മനോഹരമായ ഒരു തത്വം പുറത്തുവരിക. മുറിവേറ്റവന് മുറിവേറ്റവരെ മനസ്സിലാക്കാൻ എളുപ്പമാണ്. ഹൃദയത്തിൽ മുറിവേറ്റ സമരിയക്കാരന് ശരീരത്തിൽ പരിക്കേറ്റ് വഴിയിൽക്കിടന്ന്, തന്റെ മുറിവുകളുടെയും, വഴിപോക്കരുടെ അവഗണനയുടെയും വേദനയിൽ കഴിയുന്ന ആ മനുഷ്യനോട് ചേർന്ന് നിൽക്കാനും, അവന് ആശ്വാസമേകാനും കഴിയും. മുറിവിന്റെ വേദന മനസ്സിലാക്കാൻ കഴിയുന്ന മനുഷ്യരുടെ ഇടയിലാണ് ഐക്യദാർഢ്യത്തിന്റെയും ഭാവിയെക്കുറിച്ചുള്ള നല്ല പ്രതീക്ഷകളുടെയും ചരിത്രം ആരംഭിക്കുന്നത്; ഒറ്റപ്പെടുത്തലിന്റെ മതിലുകൾ തകർക്കപ്പെടുന്നത്.
ആരോഗ്യപരിപാലനവും ആദ്ധ്യാത്മികതയും
ആരോഗ്യപരിപാലനരംഗത്ത് അജപാലനസേവനമേകുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒരു പാഠമാണ് സമരിയക്കാരന്റെ ഉപമ നൽകുന്നത്. ശരീരത്തിലും മനസ്സിലും വേദനയനുഭവിക്കുന്ന ഒരുപാടു പേരുടെ സഹനങ്ങളുടെ മുന്നിൽ, തങ്ങളിലെ സ്വാർത്ഥതയുടെ മനോഭാവം വെടിഞ്ഞ്, ദുരിതമനുഭവിക്കുന്ന മനുഷ്യരോട് ചേർന്നിരിക്കാനും, തങ്ങളുടെ സാമീപ്യത്തിലൂടെയും ശുശ്രൂഷകളിലൂടെയും അവർക്ക് ആശ്വാസമേകാനും ഈ ഉപമ ഒരു പ്രേരണയായി നിൽക്കുന്നുണ്ട്. തങ്ങളിലേക്ക് തന്നെ നോക്കിയിരിക്കാതെ, തലയുയർത്തി വേദനയനുഭവിക്കുന്ന മനുഷ്യരുടെ മുഖങ്ങളിലേക്ക് നോക്കാൻ, പലപ്പോഴും സഹനത്തിന്റെ കാഠിന്യത്തിൽ വീണുപോയ അവരുടെ ജീവിതങ്ങൾക്ക് മുന്നിൽ മുട്ടുകൾ മടക്കി, അവർക്കൊപ്പമിരുന്ന്, അവരുടെ കരങ്ങൾ പിടിച്ചുയർത്തി, സമാശ്വാസത്തിന്റെ സാന്നിധ്യമാകാൻ അജപാലനരംഗത്ത് സേവനമനുഷ്ഠിക്കുന്നവർക്ക് സാധിക്കണം.
സമരിയക്കാരന്റെ ഉപമയിലൂടെ മൂന്ന് മനോഭാവങ്ങൾ നമുക്ക് പഠിച്ചെടുക്കുവാനുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട്. സഹനത്തിലായിരിക്കുന്നവർക്ക് ഒപ്പമായിരിക്കുക, നിശബ്ദമാക്കപ്പെട്ട സഹനത്തിന്റെ നിലവിളികൾക്ക് സ്വരമാകുക, സമൂഹത്തിൽ കാരുണ്യത്തിന്റെ പുളിമാവാകുക എന്നിവയാണവ.
സഹനത്തിൽ സാന്ത്വനസാന്നിദ്ധ്യം
വേദനയനുഭവിക്കുന്ന മനുഷ്യർക്ക്, ഇവിടെ രോഗികൾക്ക് അടുത്തായിരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അവരുടെ വേദനകളിലും, സഹനങ്ങളിലും, അവരെ ശ്രദ്ധിക്കാൻ, അവർക്ക് പറയാനുള്ളത് ക്ഷമയോടെ ശ്രവിക്കാൻ അജപാലനരംഗത്ത് സേവനമനുഷ്ഠിക്കുന്നവർക്ക് സാധിക്കണം. അവർക്ക് സ്നേഹത്തിന്റെ സാന്നിധ്യമാകാനും, സ്വീകാര്യതയുടെ സൗരഭ്യമേകാനും കഴിയുമ്പോഴാണ് നമ്മുടെ സാന്നിധ്യം അർത്ഥവത്താകുന്നത്. എന്നാൽ ഇത് സാധ്യമാകണമെങ്കിൽ സമരിയക്കാരന്റെ മനോഭാവം സ്വന്തമാക്കാൻ കഴിയണം. വേദനയനുഭവിക്കുന്ന സഹോദരനെ കണ്ടില്ലെന്ന് നടിച്ചു കടന്നുപോകാനും, അവഗണിക്കാനും തുടങ്ങിയാൽ ഒരിക്കലും ഒരു നല്ല സമരിയക്കാരനാകാൻ നമുക്ക് സാധിക്കില്ല. ഇവിടെയാണ് നമ്മുടെ മനോഭാവത്തിൽ വ്യത്യാസമുണ്ടാകേണ്ടത്. സഹിക്കുന്ന മനുഷ്യർക്ക് എന്നെക്കാൾ, എന്റെ കാര്യങ്ങളേക്കാൾ മുൻതൂക്കവും പ്രാധാന്യവും കൊടുക്കുമ്പോഴാണ്, അവരുടെ അടുത്ത് ചെല്ലാനും, അവർക്ക് സാന്ത്വനമേകാനും നമുക്ക് സാധിക്കുക. വേദനയനുഭവിക്കുന്നവരുടെ നേരെ കണ്ണുകൾ തുറന്നുപിടിക്കാൻ സാധിക്കുമ്പോഴും, കൂടുതലായി അവരുമായി ഇടപഴകാൻ ശ്രമിക്കുമ്പോഴുമാണ്, ഇത്തരുണത്തിലുള്ള നമ്മുടെ സംവേദനക്ഷമത വർദ്ധിക്കുക. അങ്ങനെ നാം ഒരുമിച്ച് സഞ്ചരിക്കുന്നത്തിലൂടെ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം, സ്നേഹം, കൂടുതൽ മനസ്സിലാക്കാൻ നമുക്ക് സാധിക്കും.
സ്വരമില്ലാത്തവരുടെ സ്വരമാവുക
രോഗത്താലും മറ്റു നിരവധി കാരണങ്ങളാലും ഒറ്റയ്ക്കാക്കപ്പെട്ട ഒരു പാട് മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. സാമ്പത്തികമോ, മാനസികമോ ആയ ഒരു കൈത്താങ്ങില്ലാതെ, ജീവിതത്തിൽ നിരാശയിലേക്കും, എന്തിന്, വിശ്വാസം ത്യജിക്കുന്നതിലേക്ക് വരെ അവർ വീണു പോകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ശരീരമാകെ നിരന്തരം വേദനയനുഭവിക്കേണ്ടിവരുന്ന, വിട്ടുമാറാത്ത അസുഖമുള്ള രോഗികൾ. അവരെ സംബന്ധിച്ചിടത്തോളം ഒറ്റയ്ക്കായിപ്പോവുക എന്നത് അംഗീകരിക്കാനാകാത്ത ഒരവസ്ഥയാണ്. നമ്മുടെ നഗരങ്ങൾ മാനവികതയില്ലാത്ത മരുഭൂമിയും, കാരുണ്യത്തിൽ ബധിരത ബാധിച്ചതുമാണെന്ന് പാപ്പാ പറയുന്നുണ്ട്. അങ്ങനെയുള്ള നഗരങ്ങളിലേക്ക് ഒരു വെല്ലുവിളിയുമായി കടന്നു ചെല്ലാൻ നമുക്ക് സാധിക്കണം. സഹനത്തിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ നിലവിളിയുടെ സ്വരം ശ്രവിക്കുകയും, അവരുടെ വിലാപം മറ്റുള്ളവരാൽ ശ്രവിക്കപ്പെടുന്നുവെന്ന് നമുക്ക് ഉറപ്പുവരുത്തുകയും ചെയ്യാൻ സാധിക്കണം. അവരുടെ വീടുകളിലോ, ആശുപത്രികളിലോ ഒരു മുറിയിൽ അടച്ചിടപ്പെടാൻ നമുക്ക് അവരെ വിട്ടുകൊടുക്കാതിരിക്കാം. മറ്റനേകം വാർത്തകൾക്കിടയിൽ ഒരു വാർത്തയായി ഒറ്റപ്പെട്ട മനുഷ്യരുടെ ചരിത്രം മാറാതിരിക്കണം. അതിനായി നമ്മുടെ ഹൃദയത്തിൽ അവർക്ക് സ്ഥാനം കൊടുക്കാൻ നമുക്ക് സാധിക്കണം. നമ്മുടെ വ്യക്തിപരമായ പ്രവർത്തങ്ങളും ഇടപെടലും കൊണ്ട് അവരുടെ ജീവിതങ്ങളെ മെച്ചപ്പെടുത്താം.
സമൂഹത്തിൽ കാരുണ്യത്തിന്റെ പുളിമാവാകുക
സമരിയക്കാരന്റെ ഉപമയുമായി ബന്ധപ്പെട്ട് മൂന്നാമതായി പാപ്പാ മറ്റുള്ളവരുമായി യോജിച്ചു പ്രവൃത്തിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചാണ് പറഞ്ഞത്. കാരുണ്യത്തിന്റെ ഒരു നെറ്റ്‌വർക്ക് തുടങ്ങാൻ നമ്മുടെ പ്രവൃത്തികൾക്കാകണം. പരസ്പര്യത്തിന്റെയും, നിബന്ധനകളില്ലാത്ത ഒരു പങ്കുവയ്ക്കലിന്റെയും ശൈലി പങ്കിട്ടുകൊണ്ട് മുൻപോട്ട് പോകാൻ നമുക്ക് സാധിക്കണം. കാരണം നാമെല്ലാവരും ഏതെങ്കിലും വിധത്തിൽ സഹായമേകാൻ കഴിവുള്ളവരാണ്, നമുക്ക് ഏതെങ്കിലുമൊക്കെ ഇടങ്ങളിൽ പരസഹായം ആവശ്യമുണ്ട്. ചിലപ്പോൾ അതൊരു വെറും പുഞ്ചിരിയായിരിക്കാം. എന്നാൽ അത് നൽകുക എന്നത് പ്രധാനപ്പെട്ടതാണ്. കാരണം അതുവഴിയാണ് നാം ഒരു നെറ്റ്‌വർക്ക്, ഒരു ചങ്ങല ആരംഭിക്കുന്നത്. അത് ബന്ധനത്തിന്റെയല്ല, സ്വാതന്ത്ര്യത്തിന്റെ, പരസ്പരം കൈകോർത്ത കരങ്ങളുടെ, ഒരുമിച്ച് അധ്വാനിക്കുന്ന കൈകളുടെ, പ്രാർത്ഥനയിലും കാരുണ്യത്തിലും ഒരുമിച്ച് ചേരുന്ന ഹൃദയങ്ങളുടെ ഒരു ചങ്ങലയാണ്. എത്ര വലിയ തിരമാലകൾ ആഞ്ഞടിച്ചാലും തകരാത്ത, എന്നാൽ ഏവരെയും ഉൾക്കൊള്ളുവാൻ വേണ്ടി വിശാലമാകുന്ന ഒരു വല പോലെയാണത്. ജീവിതത്തിൽ തകർച്ചകളിലും ബുദ്ധിമുട്ടുകളിലും ആഴ്ന്ന് മുങ്ങിപ്പോകാൻ സാധ്യതയുള്ളവരെ തീരത്തെത്തിക്കാൻ ഈയൊരു സ്നേഹത്തിന്റെ വലയ്ക്കാകും. ഇവിടെ വേദനയനുഭവിക്കുന്നവർക്ക് സഹായമേകാൻ മുൻകൈയ്യെടുക്കുന്നവർ, മറ്റുള്ളവർക്ക് അതുപോലെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനായി മാതൃകയാണ് നൽകുന്നതെന്ന് നാം മറക്കരുത്. ഏവരുടെയും നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിന്റെ പന്ത്രണ്ടാം അധ്യായം പന്ത്രണ്ടു മുതൽ ഇരുപത്തിയേഴു വരെയുള്ള വാക്യങ്ങളിൽ പറയുന്നത് പോലെ ഒരു ശരീരം പോലെ ചേർന്ന് പ്രവർത്തിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. അവിടെ ഒരുവന്റെ വേദനകളും സഹനങ്ങളും ഏവരുടെയും വേദനകളും സഹനങ്ങളുമായി മാറും, ഒരാളുടെ സേവനവും സംഭാവനയും ഏവരും ഒരു അനുഗ്രഹമായി സ്വീകരിക്കും.
ബുദ്ധിമുട്ടേറിയ സേവനരംഗം
വേദനയിൽ കഴിയുന്നവർക്കൊപ്പം ആയിരിക്കുക എന്നതും, അവർക്ക് സേവനമേകുക എന്നറ്റും എളുപ്പമുള്ള ഒരു ജോലിയല്ല എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ നാം നഷ്ടധൈര്യരാകരുത്. സേവനരംഗത്ത് ബുദ്ധിമുട്ടുകളും തടസ്സങ്ങളും, തെറ്റിദ്ധാരണകളും നേരിടേണ്ടിവരുമ്പോൾ സഹനത്തിലൂടെ കടന്നുപോകുന്ന സഹോദരങ്ങളുടെ കണ്ണുകളിലേക്ക് നോക്കുക. എന്നിട്ട് നല്ല സമരിയക്കാരൻ സത്രം സൂക്ഷിപ്പുകാരനോട് പറയുന്ന വാക്കുകൾ മനസ്സിൽ ഓർക്കുക "അവനെ ശുശ്രൂഷിക്കുക". അവരിൽ യേശുവിനെയാണ് നാം കാണുക. മരണത്തോളം നമ്മുടെ ബലഹീനതകൾ പങ്കിടുവാനായി കടന്നുവന്ന് മരണശേഷം ഉയർത്ത യേശു നമ്മെ ഒരിക്കലും കൈവിടില്ല. ജീവിതത്തിലെ ഏറ്റവും ശ്രമകരമായ നിമിഷങ്ങളിൽപോലും തളരാതിരിക്കാനുള്ള ശക്തി യേശുവിലാണ് നാം കണ്ടെത്തേണ്ടത്.
വേദനകളിൽ നാം ഒറ്റയ്ക്കല്ല
തന്റെ പ്രഭാഷണത്തിന്റെ അവസാനത്തിൽ രോഗികളോടായി ഫ്രാൻസിസ് പാപ്പാ ഏറെ മനോഹരമായ ഒരു കാര്യമാണ് പങ്കുവച്ചത്. വിശ്വാസത്തിന്റെ വെളിച്ചത്തിലാണ് സഹനം ജീവിക്കേണ്ടത്. നമ്മുടെ തകർച്ചകളിൽ നാം എപ്പോഴും ഓർക്കേണ്ട ഒരു വസ്തുത, നാം ദൈവത്തിന്റെ ഹൃദയത്തോട് ചേർന്നാണ് സഹനത്തിന്റെ പാതകളിലൂടെ കടന്നുപോകുന്നത് എന്ന ബോധ്യത്തിൽ ആയിരിക്കാൻ പരിശ്രമിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. സഹിക്കുന്ന മനുഷ്യരോട് സമീപസ്ഥരായിരിക്കാനുള്ള മനോഭാവം വളരുന്നതിനും, കാരുണ്യത്തിന്റെ മൂർത്തമായ പ്രവൃത്തികൾ കൂടുതലായി ഉണ്ടാകുന്നതിനും, വേദനയുടെ നിലവിളികൾ ശ്രവിക്കപ്പെടാതെ പോകാതിരിക്കാനും വേണ്ടി പ്രാർത്ഥിക്കാനും പാപ്പാ രോഗികളായവരോട് ആഹ്വാനം ചെയ്തു.
ഉപസംഹാരം
സമരിയക്കാരന്റെ ഉപമയിലൂടെ ഫ്രാൻസിസ് പാപ്പാ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട അജപാലനരംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് പറഞ്ഞ സന്ദേശങ്ങൾ ഏതൊരു സമൂഹത്തിനും, ഏതൊരു പ്രവൃത്തിയിടങ്ങളിലും സ്വീകരിക്കാവുന്ന ചില ചിന്തകളാണ് നമുക്ക് നൽകുന്നത്. മുറിവുകളേറ്റ എത്രയോ മനുഷ്യരാണ് നമ്മുടെ സഭാസമൂഹങ്ങളിലും പൊതുസമൂഹങ്ങളിലും, കുടുംബങ്ങളിലും ഒക്കെ ആരാലും ശ്രദ്ധിക്കപ്പെടാതെ, ദുരിതങ്ങളുടെ വഴിയോരങ്ങളിൽ കഴിയുന്നത്! ഒരുപാട് പ്രധാനപ്പെട്ടതെന്ന് നാം കരുതുന്ന നമ്മുടെ നിമിഷസുഖങ്ങൾക്കും ജീവിതസൗകര്യങ്ങൾക്കും വേണ്ടിയുള്ള പരക്കം പാച്ചിലിൽ എന്തുകൊണ്ടാണ് നമുക്ക് കണ്ണുകൾ തുറന്ന് നമ്മുടെ വേദനിക്കുന്ന സഹോദരങ്ങൾക്ക് ഒരു നല്ല സമരിയാക്കാരനോ സമരിയാക്കാരിയോ ആകാൻ സാധിക്കാത്തത് എന്ന ഒരു ചോദ്യം നമുക്ക് നമ്മോട് തന്നെ ചോദിക്കാം. ഇനിയും, ഒരു പടികൂടി കടന്ന്, നമ്മുടെ അശ്രദ്ധയോ, പരിഗണനക്കുറവോ, നിഷേധമനോഭാവങ്ങളോ എന്തിന്, ചിലപ്പോഴെങ്കിലും നമ്മുടെ അതിക്രമങ്ങൾ പോലുമോ മറ്റുള്ളവരുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കിയിട്ടുണ്ടോ, അവരുടെ ഹൃദയങ്ങളെ മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യം നമുക്ക് നമ്മുടെ മനഃസാക്ഷിയുടെ മുന്നിൽ ഉയർത്താൻ സാധിക്കണം.
വേദനയനുഭവിക്കുന്ന മനുഷ്യരുടെ നിലവിളികൾ അവഗണിക്കുകയോ, അവരെ നിശ്ശബ്ദരാക്കുകയോ ചെയ്യുന്നവരാണോ നാമെന്ന ഒരു ചിന്തയും നമ്മുടെ മനസ്സിലുണ്ടാകട്ടെ. കാരുണ്യത്തിന്റെ മുഖമാകാൻ നമുക്ക് സാധിക്കട്ടെ. വേദനകളിൽ പിടയുന്ന മനുഷ്യരിൽ ക്രിസ്തുവിനെ കാണാൻ, അവർക്കൊപ്പം ആയിരുന്നുകൊണ്ട്, മുറിവുകളിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തൈലം പകരാൻ നമുക്ക് സാധിക്കട്ടെ. എല്ലാ വേദനകളെയും രോഗങ്ങളെയും സൗഖ്യപ്പെടുത്തുന്ന യേശുവിനോട്, സഹനത്തിലൂടെ കടന്നുപോകുന്ന മനുഷ്യർക്കായി, സമരിയക്കാരനെപ്പോലെ നമുക്കും പ്രാർത്ഥിക്കാം. "അവരുടെ മേൽ കരുതലുണ്ടാകണമേ, അവരെ ശുശ്രൂഷിക്കാണമേ, സൗഖ്യം നൽകണമേ". ലോകത്തിന് കാരുണ്യത്തിന്റെ പുളിമാവാകാൻ ദൈവം നമ്മിലും പ്രവർത്തിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: