കാരുണ്യം അല്പനേരത്തേക്കു മാത്രമുള്ള പ്രവർത്തിയല്ല: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നമ്മുടെ പാപപരിഹാരപ്രവർത്തനങ്ങളും, കാരുണ്യപ്രവർത്തനങ്ങളും, നമ്മുടെ ജീവിതവിശുദ്ധീകരണത്തിന്റെ ശില്പിയായ പരിശുദ്ധാത്മാവിനോട് ചേർന്നുപ്രവർത്തിക്കാൻ നമ്മെ സഹായിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ ആശംസിച്ചു. ബ്രസീലിയൻ മെത്രാൻ സംഘടനയുടെ താല്പര്യപ്രകാരം ആരംഭിച്ച സഹോദര്യത്തിന്റെ കാമ്പയിനിലേക്കായി ഫെബ്രുവരി 22 ബുധനാഴ്ച നൽകിയ സന്ദേശത്തിലാണ് അനുതാപ, കാരുണ്യപ്രവർത്തികൾ തുടരുന്നതുമായി ബന്ധപ്പെട്ട് പാപ്പാ എഴുതിയത്.
പട്ടിണിയുടെ കീഴിൽ കഴിയേണ്ടിവരുന്ന ആളുകളുടെ സഹനത്തിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ആവശ്യപ്പെട്ടു. ഒരുവശത്ത് ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയനുഭവിക്കുമ്പോൾ, മറുവശത്ത് ടൺ കണക്കിന് ഭക്ഷണം വലിച്ചെറിയപ്പെടുന്നുവെന്നത് തീർച്ചയായും നിന്ദ്യമായ ഒരു കാര്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പട്ടിണി എന്നത് കുറ്റകരമാണെന്നും, ഭക്ഷണം ഒരിക്കലും നിഷേധിക്കാനാകാത്ത അവകാശമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
"നിങ്ങൾ തന്നെ അവർക്ക് ഭക്ഷണം കൊടുക്കുക" (Mt 14, 16) എന്ന യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ, അവ നമ്മോടും യേശു ഇന്ന് പറയുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. പാവപ്പെട്ടവരോടും പട്ടിണിയനുഭവിക്കുന്നവരോടും തന്നെത്തന്നെ തുലനം ചെയ്ത യേശുവിനെയായിരിക്കും നാം നമ്മുടെ കാരുണ്യപ്രവർത്തികളിലൂടെ സേവിക്കുക എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ബ്രസീലിൽ പട്ടിണിയനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അവരുടെ പട്ടിണിയകറ്റാൻ മാത്രമല്ല, മറിച്ച്, ദൈവം നമുക്ക് നൽകിയിട്ടുള്ള വിഭവങ്ങളും കഴിവുകളും മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടതുണ്ട് എന്ന ഒരു മനോഭാവം വളർത്തിയെടുക്കുന്നതിനായിക്കൂടി സഹായിക്കട്ടെയെന്ന് ആശംസിച്ചു. ഇപ്പോൾ നടത്തുന്ന ചില പ്രവർത്തികൾ മാത്രമല്ല, സഹനങ്ങളിലൂടെയും പട്ടിണിയുടെയും കടന്നുപോകുന്ന ആളുകളിൽ വസിക്കുന്ന ക്രിസ്തുവിനെ തുടർച്ചയായി സേവിക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെയെന്നും, ഇടവകകളിലും രൂപതകളിലും മാത്രമല്ല, സംസ്ഥാന, പ്രാദേശിക സാമൂഹിക തലങ്ങളിലും ഇതൊരു പ്രേരണയായി മാറട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ദാരിദ്ര്യമനുഭവിക്കുന്നവരും നമ്മെപ്പോലെ തന്നെ ശരീരവും രക്തവുമുള്ള മനുഷ്യരാണെന്ന കാര്യം മറക്കാതിരിക്കാമെന്ന് പാപ്പാ ഓർമ്മപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: