ക്രിസ്തുവിന്റെ സമാധാനം നൽകുന്ന സന്തോഷം സ്വന്തമാക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം പത്തൊൻപതു മുതൽ ഇരുപത്തിമൂന്ന് വരെയുള്ള ഭാഗത്ത്, ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യർക്ക് സമാധാനം നൽകുന്നതുമായി ബന്ധപ്പെട്ട തിരുവചനത്തെ ആധാരമാക്കി നടത്തിയ പ്രസംഗം ലിംഗാല ഭാഷയിൽ സമാധാനാശംസയോടെയാണ് പാപ്പാ ആരംഭിച്ചത്.
സന്തോഷമേകുന്ന സമാധാനം
ക്രിസ്തുവിന്റെ ഉയിർപ്പിന്റെ സായാഹ്നം ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷത്തിന്റെ അവസരമായിരുന്നു (യോഹ. 20, 20). ബെത്ലഹേമിൽ മാലാഖമാർ അറിയിച്ചതും (ലൂക്ക 2, 14), തന്റെ ശിഷ്യർക്ക് യേശു വാഗ്ദാനം ചെയ്തതുമായ (യോഹ. 14, 27) സമാധാനമാണ് ഇവിടെ യേശു ശിഷ്യന്മാർക്ക് നൽകുന്നത്. വിശുദ്ധ ബലിമധ്യേ നമുക്ക് നൽകപ്പെടുന്ന സമാധാനവും ഉയിർപ്പിന്റെ സമാധാനമാണ്. പാപത്തെയും മരണത്തെയും തോൽപ്പിച്ച്, ലോകത്തെ പിതാവുമായി അനുരഞ്ജനപ്പെടുത്തിയ ശേഷം ഉത്ഥാനത്തോടെയാണ് ക്രിസ്തു നൽകുന്ന സമാധാനം വരുന്നത്.
തകർന്നയിടങ്ങളിൽ സമാധാനം
കുരിശിന്റെ അപഹാസ്യതയിലും യേശുവിനെ വിട്ട് ഓടിയതിന്റെ വേദനയിലും, അവന്റെ തന്നെ അവസാനം തങ്ങൾക്കും ഉണ്ടാകുമോ എന്ന ഭീതിയിലും കഴിഞ്ഞിരുന്ന ശിഷ്യർക്കാണ് യേശു സമാധാനമേകുന്നത്. എല്ലാം അവസാനിച്ചുവെന്ന് തോന്നുന്നയിടത്താണ് യേശു അതിശയകരമായ രീതിയിൽ ഇടപെടുന്നത്. പ്രതീക്ഷയറ്റ് അടിത്തട്ടിലെത്തിയ മനുഷ്യരെയാണ് അവൻ കരം പിടിച്ചുയർത്തുന്നത്. ക്രൈസ്തവർ എന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ ദുഃഖത്തിനും വിധിവാദത്തിനും ഇടമില്ല. അക്രമങ്ങളാലും യുദ്ധങ്ങളാലും ധൈര്യം നഷ്ടപ്പെട്ട ഒരു ലോകത്ത്, ക്രൈസ്തവർ, ക്രിസ്തുവിനെപ്പോലെ, സമാധാനത്തിന്റെ സന്ദേശം നൽകാൻ വിളിക്കപ്പെട്ടവരാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
യേശുവിന്റെ സമാധാനം കാത്തുസൂക്ഷിക്കാനും വളർത്തിയെടുക്കാനും എപ്രകാരം സാധിക്കുമെന്ന ചോദ്യത്തിന് മുന്നിൽ, യേശു കാണിച്ചുതരുന്ന മൂന്ന് സ്രോതസ്സുകളാണുള്ളതെന്ന് പാപ്പാ പറഞ്ഞു. അവ ക്ഷമയും, സമൂഹമായുള്ള ജീവിതവും, സുവിശേഷമറിയിക്കാനുള്ള നിയോഗവുമാണ്.
ക്ഷമിക്കുക
നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവരോട് ക്ഷമിക്കപ്പെടുമെന്നാണ് യേശു പറയുന്നത്. എന്നാൽ ശിഷ്യർക്ക് പാപം പൊറുക്കുവാനുള്ള അധികാരം നൽകുന്നതിന് മുൻപ് യേശു അവരോട് ക്ഷമിക്കുന്നു. അത്, തന്റെ മുറിവുകൾ കാണിച്ചുകൊടുത്തുകൊണ്ടാണ്. മുറിവുകൾ എതിർപ്പിന്റെ മുറിപ്പാടുകൾ അല്ല, മറ്റുള്ളവരുടെ വീഴ്ചകളെ മനസ്സിലാക്കാനുള്ള ഇടങ്ങളായി മാറണം. അപ്പോൾ ദൗർബല്യങ്ങൾ അവസരങ്ങളായും ക്ഷമ സമാധാനത്തിനുള്ള മാർഗ്ഗമായും മാറും. എല്ലാം മറക്കുക എന്നല്ല, മറിച്ച് മറ്റുള്ളവർക്കായി നമ്മുടെ ഹൃദയം സ്നേഹപൂർവ്വം തുറക്കുകയാണ് വേണ്ടത്. യേശു അതാണ് ചെയ്തത്.
നമ്മുടെ മുറിവുകളുടെയും വേദനകളുടെയും മുന്നിൽ യേശുവിന്റെ മുറിവുകളിലേക്ക് നോക്കാൻ നാം പഠിക്കണം. അവൻ നമ്മോടൊപ്പം വേദനിക്കുകയും, നമ്മുടെ മുറിവുകൾ കാണുകയും അവയെ സുഖപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവരാജ്യമെന്ന് പറയുകയും, അക്രമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന ഈ രാജ്യത്തോട് ദൈവം പറയുന്നത്, ആയുധങ്ങൾ നിലത്തുവയ്ക്കാനും, കരുണയെ ആശ്ലേഷിക്കാനുമാണ്. മുറിവേറ്റവരും അടിച്ചമർത്തപ്പെട്ടവരുമായ ഏവരോടും അവൻ പറയുന്നു, നിങ്ങളുടെ മുറിവുകൾ എന്റെ മുറിവുകളിലും, മുറിപ്പാടുകൾ എന്റെ മുറിപ്പാടിലും സമർപ്പിക്കാൻ നിങ്ങൾ ഭയപ്പെടേണ്ട. നിങ്ങളുടെ കൈവശമുള്ള കുരിശുരൂപങ്ങളെ ആശ്ലേഷിക്കുക, നിങ്ങളെ സൗഖ്യപ്പെടുത്താൻ ക്രിസ്തുവിന് അവസരമേകുക, ഭൂതകാലത്തെ അവന് വിട്ടുകൊടുക്കുക. നിങ്ങളുടെ ഭവനങ്ങളിലും വസ്ത്രങ്ങളിലും, നിങ്ങൾക്ക് സമാധാനം എന്ന് എന്തുകൊണ്ട് എഴുതിക്കൂടാ? ദൈവത്താൽ ക്ഷമിക്കപ്പെടുവാനും, പരസ്പരം ക്ഷമിക്കാനും നമുക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കാം.
സമൂഹം സൃഷ്ടിക്കുക എന്നതാണ് സമാധാനം നേടാനുള്ള രണ്ടാമത്തെ മാർഗ്ഗം
യേശു ഓരോ ശിഷ്യന്മാരേയുമല്ല, എല്ലാവരെയും ഒരുമിച്ചാണ് കാണുകയും സംസാരിക്കുകയും ചെയ്യുന്നത്. സഹോദര്യമില്ലാതെ സമാധാനമില്ലാത്തതുപോലെ, സമൂഹമില്ലാതെ ക്രൈസ്തവമതമില്ല. എന്നാൽ നാം എങ്ങനെ, എങ്ങോട്ടാണ് പോകേണ്ടത്? ശിഷ്യന്മാരെ നോക്കുക. ലൗകികമായ രീതിയിൽ ഒരു നേതാവിനെയാണ് അവർ യേശുവിൽ കാണാൻ ശ്രമിച്ചത്. അതുകൊണ്ടുതന്നെ, അവർ ഒന്നുമില്ലാത്തവരായി, സമാധാനമില്ലതെ, വീട്ടിൽ സ്വയം അടച്ചിട്ടവരായി, പേടിയോടെ ഇരിക്കേണ്ടിവരുന്നു. എന്നാൽ ഇവിടെ യേശു ആത്മാവിനെ അവരുടെമേൽ നിശ്വസിക്കുന്നു. അതിന് ശേഷം, അവർ, തങ്ങളെ വേർതിരിക്കുന്നവയെ അല്ല, ഒരുമിപ്പിക്കുന്നവയെ ആണ് നോക്കുക. തങ്ങൾക്കുവേണ്ടിയല്ല, മറ്റുള്ളവർക്ക് വേണ്ടിയാണ് അവർ പുറപ്പെടുക; തങ്ങളെ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാനല്ല, മറിച്ച് പ്രത്യാശ നൽകുവാനും, ദൈവത്തിനും മറ്റുള്ളവർക്കും വേണ്ടി സ്വജീവൻ സന്തോഷപൂർവ്വം വ്യയം ചെയ്യുവാനാണ്.
നമുക്കും വ്യർത്ഥവും, അർത്ഥശൂന്യവുമായ ലക്ഷ്യങ്ങൾ കൈവെടിഞ്ഞ് ക്രിസ്തുവിനെ പിൻചെല്ലാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.നമ്മെ വിഭജിക്കുവാനും, ലൗകികരാക്കുവാനുമുള്ള പ്രലോഭനങ്ങൾക്കുള്ള മറുമരുന്ന്, പാവപ്പെട്ടവർക്കായി എല്ലാം പങ്കുവയ്ക്കുന്നതാണ്. പാവപ്പെട്ടവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. നാമെല്ലാവരും ആന്തരികമായ ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നും, ഏവർക്കും ലോകത്തിന്റെ ആത്മാവിൽനിന്ന് മോചനം ലഭിക്കാനായി ദൈവാത്മാവിന്റെ ആവശ്യമുണ്ടെന്നും മനസിലാക്കാം. പരിശുദ്ധാത്മാവിനാലും, സഹോദരസ്നേഹത്താലും നിറഞ്ഞ ഒരു സഭയെ നമുക്ക് കെട്ടിപ്പടുക്കാം.
സുവിശേഷമറിയിക്കുവാനുള്ള നിയോഗം
അയക്കപ്പെടുക എന്നതാണ് സമാധാനത്തിനുള്ള മൂന്നാമത്തെ സ്രോതസ്. "പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു (യോഹ. 20, 21) എന്നാണ് യേശു തന്റെ ശിഷ്യന്മാരോട് പറയുന്നത്. പിതാവ് പുത്രനെ അയച്ചത്, ശുശ്രൂഷിക്കുവാനും, മനുഷ്യർക്കായി ജീവൻ നൽകാനും, ഏവരോടും കരുണ കാണിക്കാനും, അകലെയായിരിക്കുന്നവരെ അന്വേഷിക്കുവാനുമാണ്. ചുരുക്കത്തിൽ, എല്ലാവർക്കുമായാണ് പിതാവ് പുത്രനെ അയച്ചത്.
നാമും ഇതുപോലെ സമാധാനത്തിന്റെ മിഷനറിമാരാകാൻ വിളിക്കപ്പെട്ടവരാണ്. ഈ വിളി നമുക്ക് സമാധാനം നൽകും. ഇതൊരു തിരഞ്ഞെടുപ്പാണ്; ഏവർക്കും നമ്മുടെ ഹൃദയത്തിൽ ഇടം കൊടുക്കലാണ്. വർഗ്ഗ, ദേശ, മത വ്യത്യാസങ്ങൾ തടസങ്ങളല്ല എന്ന തിരിച്ചറിവാണ്. ലോകത്ത് എല്ലാവർക്കും വേണ്ടി ക്രിസ്തു കൊണ്ടുവന്ന സമാധാനത്തിന്റെ സ്വീകർത്തകളാകേണ്ടവരായാണ്. ക്രൈസ്തവർ ഏവർക്കുമൊപ്പം യോജിച്ചു പ്രവർത്തിക്കാനും, അക്രമത്തിന്റെ ഇടങ്ങളെ ഇല്ലാതാക്കാനും, വൈരാഗ്യത്തിന്റെ കെട്ടഴിക്കാനും, ലോകത്തിന്റെ സമാധാനമനഃസാക്ഷിയാകാനും വിളിക്കപ്പെട്ടവരാണ്. സർവ്വോപരി സ്നേഹത്തിന്റെ സാക്ഷികളാകാനും, സുവിശേഷം നൽകുന്ന, സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും അവകാശികളാകാനും വിളിക്കപ്പെട്ടവരാണ്. നിങ്ങൾക്ക് സമാധാനമെന്ന കർത്താവിന്റെ വാക്കുകൾ നിങ്ങളുടെ ഹൃദയത്തിന്റെ, നിശബ്ദതയിൽ മുഴങ്ങുവാൻ അനുവദിക്കുക. ക്ഷമയുടെ സാക്ഷികളും, സമൂഹനിർമ്മിതിയുടെ ശില്പികളും, സമാധാനത്തിന്റെ നിയോഗം ഏറ്റുവാങ്ങിയ ജനതയുമായിരിക്കാനുമുള്ള വിളി നമുക്ക് ശ്രവിക്കാൻ പരിശ്രമിക്കാം. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ, അനുസരിക്കുവാൻ ഹൃദയമുള്ളവർ അനുസരിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: