തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് മാർപ്പാപ്പയുടെ സഹായം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
കഴിഞ്ഞ ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ 41,000-ത്തിലധികം പേർ മരിക്കുകയും, പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും, നിരവധിപേർ ഭവനരഹിതരാകുകയും ചെയ്ത ഹൃദയഭേദകമായ അവസ്ഥയിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പായുടെ നേരിട്ടുള്ള ഇടപെടൽ ലോകശ്രദ്ധയാകർഷിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ചത്തെ മധ്യാഹ്നപ്രാർത്ഥനാ വേളയിൽ മാർപാപ്പ, ജനതയുടെ വേദന ലഘൂകരിക്കുന്നതിന് സാമീപ്യവും ഒപ്പം ശക്തമായ പിന്തുണയും എടുത്തുപറയുകയുണ്ടായി. ഇതേത്തുടർന്നാണ് കത്തോലിക്കാ സഭയുടെ വത്തിക്കാനിലെ ഉപവി പ്രവർത്തനങ്ങളുടെ ഓഫീസായ ഡികാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റി മുഖേന സഹായം നൽകുവാൻ അടിയന്തിരമായി പാപ്പാ ആവശ്യപ്പെട്ടത്. കത്തോലിക്കാസഭയുടെ തന്നെ കാരിത്താസ് സംഘടന നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് പുറമെയാണിത്.
ഇറ്റലിയിലെ നാപോളിയിൽ നിന്നും കപ്പൽ മാർഗമാണ് സഹായങ്ങൾ തുർക്കിയിലും സിറിയയിലും എത്തിക്കുന്നത്. അതിശൈത്യം മൂലം വിഷമിക്കുന്ന ജനതയ്ക്ക് സഹായമായി തെർമൽ ടി ഷർട്ടുകളും വിതരണം ചെയ്യുമെന്ന് മാർപ്പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ കൊൺറാഡ് ക്രാജെവ്സ്‌കി അറിയിക്കുകയും അദ്ദേഹം തന്നെ നേരിട്ട് അവ കാമ്പാനിയ തലസ്ഥാനത്ത് കൊണ്ടുവരുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: