ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
റഷ്യ ഉക്രൈനുമേൽ നടത്തിയ അധിനിവേശവും, അതിന്റെ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന കിരാതമായ യുദ്ധം ഏതാണ്ട് ഒരു വർഷമായി തുടരുന്ന അവസരത്തിൽ, ദുഃഖകരമായ ഒരു വാർഷികമാണ് റഷ്യൻ ഉക്രൈൻ യുദ്ധത്തിന്റേതെന്ന് പാപ്പാ വിശേഷിപ്പിച്ചു. യുദ്ധത്തിൽ മരണമടഞ്ഞവരുടെയും, പരിക്കേറ്റവരുടെയും, കുടിയിറക്കപ്പെട്ടവരുടെയും അഭയാർത്ഥികളുടേയും എണ്ണവും, സാമ്പത്തികവും സാമൂഹികവുമായ തകർച്ചകളും ഇതിന്റെ ക്രൂരതയുടെ മുഖം വ്യക്തമാക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഫെബ്രുവരി 22 ബുധനാഴ്ച, വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാ വേളയിൽ സംസാരിക്കവെയാണ്, ഉക്രൈനുവേണ്ടി പാപ്പാ വീണ്ടും ശബ്ദമുയർത്തിയത്.
ഇതുപോലെയുള്ള കുറ്റങ്ങളും അതിക്രമങ്ങളും പൊറുക്കുവാൻ സാധിക്കുമോ എന്ന് പാപ്പാ ചോദിച്ചു. ദൈവം സമാധാനത്തിന്റെ ദൈവമാണ് എന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഏറെ പീഡിപ്പിക്കപ്പെടുകയും മർദ്ധനമേൽക്കുകയും, ഇപ്പോഴും സഹനത്തിൽ തുടരുകയും ചെയ്യുന്ന ഉക്രൈൻ ജനതയോട് നമുക്കും സമീപസ്ഥരായിരിക്കാമെന്ന് ആഹ്വാനം ചെയ്തു.
ഈ യുദ്ധം അവസാനിപ്പിക്കുവാനായി സാധിക്കുന്നതെല്ലാം നാം ചെയ്തിട്ടുണ്ടോയെന്ന് നമുക്ക് സ്വയം പരിശോധിക്കാമെന്ന് പാപ്പാ പറഞ്ഞു. ഈ ഒരു സംഘർഷം അവസാനിപ്പിക്കുവാനും, വെടിനിരുത്തലിലേക്ക് എത്തുവാനും, സമാധാന ചർച്ചകൾ ആരംഭിക്കുവാനുമായി, ഈ രാജ്യങ്ങളുടേംൽ അധികാരമുള്ള ഏവരോടും താൻ ആഹ്വാനം ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു.
തകർക്കപ്പെട്ട അവശിഷ്ടങ്ങളുടെ മേൽ പണിയപ്പെടുന്നത് ഒരിക്കലും വിജയമായിരിക്കില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: