കായികരംഗം ജീവിതത്തിന് മാതൃകയാകണം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ആരോഗ്യകരമായ മത്സരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പാപ്പാ, വിശുദ്ധ പൗലോസ് കൊറിന്ത്യർക്കെഴുതിയ ഒന്നാം ലേഖനവും (9, 24-25) ഫിലിപ്പ്യർക്കെഴുതിയ ലേഖനവും (3, 12) ഉദ്ധരിച്ചുകൊണ്ട്, കായികരംഗത്ത് പ്രധാനപ്പെട്ട, പരിശീലനം, അച്ചടക്കം, പ്രചോദനം എന്നീ തത്വങ്ങളെക്കുറിച്ച് സംസാരിച്ചു.
അമച്വർ കായികരംഗത്തിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞുകൊണ്ട്, അതിൽ സ്പോർട്സിനോടുള്ള സ്നേഹമാണ് കൂടുതലായി നാം കാണുകയെന്നും, അത്തരമൊരു മനോഭാവം ആരോഗ്യകരമായ മത്സരത്തെയാണ് വളർത്തുകയെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നേരെമറിച്ച്, പ്രത്യേക താല്പര്യങ്ങൾ കായികരംഗത്ത് നിലനിൽക്കുമ്പോൾ, അഴിമതി പോലെയുള്ള തിന്മകൾ കടന്നുവരാൻ സാധ്യതയുണ്ടെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
അച്ചടക്കവുമായി ബന്ധപ്പെട്ടു സംസാരിച്ച പാപ്പാ, ഇത് വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗം കൂടിയാണെന്ന് പറഞ്ഞു. അച്ചടക്കം എന്നാൽ നിയമങ്ങളുടെ അനുശാസനം മാത്രമല്ല, മറിച്ച്, ശിഷ്യത്വത്തിന്റെ പ്രത്യേകതകൾ കൂടി അതിൽ അടങ്ങിയിട്ടുണ്ടെന്നും, എല്ലാം നേടി എന്നതിനേക്കാൾ, ഇനിയും കൂടുതലായി പഠിക്കുവാനുണ്ട് എന്ന ഒരു മനോഭാവം കാത്തുസൂക്ഷിക്കുക എന്നതാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഒരു യഥാർത്ഥ കായികതാരം എപ്രകാരം സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താമെന്നാണ് ചിന്തിക്കുക. അതിനായി തന്നെത്തന്നെ നിയന്ത്രിക്കാനും, തെറ്റുകൾ തിരുത്താനും, ഒരുമിച്ച് പ്രവർത്തിക്കാനും ഒരു കായികതാരം പരിശ്രമിക്കും.
പ്രചോദനം എന്ന വിഷയത്തെക്കുറിച്ച് പ്രതിപാദിച്ച പാപ്പാ ഒരു കായികതാരത്തിന്റേത് ഒരു വിളിയാണെന്നും, നല്ല ഒരു ഫലത്തിലേക്കും വിജയത്തിലേക്കും എത്തുന്നതിനായി അവനവനിൽ ഒരു പ്രേരണാശക്തി ഉണ്ടാകണമെന്നും പറഞ്ഞു. മത്സത്തിന്റെ വിജയപരാജയങ്ങളേക്കാൾ, എന്തുമാത്രം, എപ്രകാരം തന്റെ വിളിയോട് പ്രത്യുത്തരം നൽകി എന്ന ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് പ്രധാനപ്പെട്ടതെന്ന് പാപ്പാ കൂട്ടിച്ചേർത്തു. വത്തിക്കാൻ കൂരിയയുടെ വിവിധ ഡികാസ്റ്ററികാലിലെ നിങ്ങളുടെ സേവനത്തിന് കായികരംഗം മാതൃകയാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
വത്തിക്കാനിൽ ഫുടബോൾ ചാമ്പ്യൻഷിപ് 1972-ൽ സ്ഥാപിക്കപ്പെട്ടതിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് വത്തിക്കാൻ അമച്വർ കായിക അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രതിനിധിസംഘത്തെ പാപ്പാ സ്വീകരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: