സുവിശേഷ പ്രഘോഷണത്തെയും സഭാ നിയമങ്ങളെയും ഒന്നിപ്പിക്കുന്ന ഘടകം കണ്ടെത്തുക നിർണ്ണായകം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വൈയക്തിക സഭകളുടെ ജീവിതത്തിൽ നീതിയുടെ സത്യത്തെ പ്രകാശിപ്പിക്കുന്നതിന് സഭാ നിയമജ്ഞർക്ക് സവിശേഷ ഉത്തരവാദിത്വമുണ്ടെന്നും ഈ ദൗത്യം സുവിശേഷവൽക്കരണത്തിനുള്ള വലിയ സംഭാവനയാണെന്നും മാർപ്പാപ്പാ.
റോമൻ റോത്ത സഭാനിയമജ്ഞർക്കും കുടുംബ അജപാലകർക്കുമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന മൂന്നൂറോളം പേരെ ശനിയാഴ്ച (18/02/23) പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ക്രിസ്തുവിൻറെ സദ്വാർത്താ പ്രഘോഷണദൗത്യവും സഭാ നിയമങ്ങളും രണ്ടു വ്യത്യസ്ത യാഥാർത്ഥ്യങ്ങളായി കാണുന്നതിനു പകരം സഭയുടെ ഏക ദൗത്യത്തിനുള്ളിൽ അവയെ ഒന്നിപ്പിക്കുന്ന ഘടകം കണ്ടെത്തേണ്ടത് നിർണ്ണായകമാണെന്നും പാപ്പാ പറഞ്ഞു. ഓരോ വ്യക്തിക്കും സമൂഹത്തിനും ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവകാശമുണ്ടെന്നും ആ കൂടിക്കാഴ്ചയ്ക്ക് ആധികാരികത പ്രദാനം ചെയ്യുന്നതും അതിനെ ഫലദായകമാക്കിത്തീർക്കുന്നതുമാകണം സഭയുടെ എല്ലാ നിയമങ്ങളും നിയമ നടപടികളും എന്നും പാപ്പാ വിശദീകരിച്ചു.
ആകയാൽ, സഭാനിയമം സഭയുടെ ജീവിതവുമായി ഉറ്റ ബന്ധമുള്ളതായി, അതിൻറെ അവശ്യ ഘടകങ്ങളിലൊന്നായി കാണപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു. ഈ ഒരു അർത്ഥത്തിൽ, സുവിശേഷവത്ക്കരണം എന്നത് ഇടയന്മാരുടെയും അതുപോലെ തന്നെ സകല വിശ്വാസികളുടെയും പ്രാഥമിക നൈയമിക പ്രതിബദ്ധതയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: