"ക്രിസ്തു ജീവിക്കുന്നു”: സാംസ്കാരിക കോളനിവൽക്കരണത്താൽ ആകർഷിക്കപ്പെടരുത്
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
ആറാം അദ്ധ്യായം
ആറാമത്തെ അദ്ധ്യായം "നമ്മെ പിന്താങ്ങാനും ഭൂമിയിൽ ഉറപ്പിച്ചു നിറുത്താനും ശക്തിയുള്ള വേരുകളില്ലെങ്കിൽ നമുക്ക് വളരാൻ സാധിക്കുകയില്ല; ഒട്ടിനിൽക്കാൻ, പിടിച്ചു നിൽക്കാൻ, ഒന്നുമില്ലെങ്കിൽ പറിച്ചു ദൂരെ കളയാൻ എളുപ്പമാണെന്ന '' വെല്ലുവിളിയാർന്ന സാഹചര്യം വിവരിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ചു യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നിൽക്കാൻ കഴിയുമെന്നു പാപ്പാ പറയുന്നതിനോടൊപ്പം അതേ അദ്ധ്യായത്തിൽ ജോയേൽ പ്രവാചകന്‍റെ അതിമനോഹരമായ ദർശനങ്ങളും (ജോയേൽ 2:28) പങ്കുവയ്ക്കുന്നു.
185. ഇത്തരുണത്തിൽ ഒരു കാര്യം കുറിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: “ചെറുപ്പക്കാരെ അവരുടെ സാംസ്കാരികവും മതപരവുമായ വേരുകളിൽ നിന്ന് അടർത്തി മാറ്റുന്ന സാംസ്കാരികമായ ഒരുതരം കോളനിവൽക്കരണത്തിന്റെ രൂപങ്ങൾ ആഗോളവൽക്കരണം തങ്ങളുടെ രാജ്യങ്ങളിൽ ഇറക്കുമതി ചെയ്തിരിക്കുന്നുവെന്ന് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നല്ലാത്ത അനേകം സിനഡു പിതാക്കന്മാർ ചൂണ്ടിക്കാട്ടി. അങ്ങേയറ്റം വിലയേറിയ ആത്മസ്വത്വം കളഞ്ഞു കുളിക്കാൻ ചെറുപ്പക്കാർക്ക് ഇടയാകാതിരിക്കേണ്ടതിന് അവരെ വേണ്ടവിധം സഹകരിക്കാൻ സഭ പ്രതിജ്ഞാബദ്ധമാകണം.” (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണങ്ങളിൽ പ്രത്യേകിച്ച് യുവജനങ്ങളോടു സംവാദിക്കാനുള്ള അവസരങ്ങളിൽ പലപ്പോഴും ആവർത്തിച്ച് വരുന്ന വിഷയങ്ങളിൽ ചിലതാണ് 'വേരുകൾ' 'സാംസ്കാരിക കോളനിവൽക്കരണം' തുടങ്ങിയവ. ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ ഈ വിഷയത്തെ നമ്മുടെ മുന്നിലേക്ക് കൊണ്ടുവരുവാൻ പാപ്പാ യുവജന സിനഡ് നടന്ന അവസരത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് പുറത്ത് നിന്നു വന്ന മെത്രാന്മാരുടെ പ്രസ്താവനകളാണ് ഉദ്ധരിച്ചത്. ആഗോളവൽക്കരണം അതോടൊപ്പം കയറ്റുമതി ചെയ്യുന്ന സാംസ്കാരികമായ കോളനിവൽക്കരണം തങ്ങളുടെ യുവാക്കളെ ബുദ്ധിമുട്ടിലാക്കുകയും സ്വന്തം സംസ്കാരത്തിൽ നിന്നും മതപാരമ്പര്യങ്ങളിൽ നിന്നും അവരെ വേരോടെ പിഴുതെറിയുകയും ചെയ്യുന്നുവെന്ന് മെത്രാന്മാർ പരിതപിച്ചു.
വേരുകളുടെ പ്രാധാന്യം
ഏതൊരു വൃക്ഷത്തെ സംബന്ധിച്ചും അതിന്റെ വേരുകൾ വളരെ പ്രധാനപ്പെട്ട താണെന്ന് നമുക്കറിയാം. അതിന്റെ നിലനിൽപ്പിനും ഫലപുഷ്ടിക്കും ഏറ്റവും അത്യാവശ്യവുമാണത്. കൂടാതെ അത് വളരുന്ന മണ്ണും അത് സ്വാംശീകരിക്കുന്ന വെള്ളവും വളവും എത്രമാത്രം ആ വൃക്ഷത്തിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഫല പ്രാപ്തിക്കും ആവശ്യമാണെന്നതിനും കൂടുതൽ വിശദീകരണങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇക്കാര്യം മനുഷ്യനെ സംബന്ധിച്ചും വളരെ പ്രധാനമാണ്. അതു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ യുവജനങ്ങളോടുള്ള പ്രഭാഷണങ്ങളിൽ നമ്മെ നിലനിർത്തുന്ന നമ്മുടെ സ്വത്വത്തിന്റെ തനിമ നമുക്ക് പകർന്നു തരുന്ന വേരുകളെക്കുറിച്ച് പലവട്ടം ആവർത്തിച്ച് സംസാരിച്ചിട്ടുള്ളത്. ഈ വിഷയം നമ്മളും പല പ്രാവശ്യം ആവർത്തിച്ചിട്ടുള്ളതിനാൽ വീണ്ടും അതിലേക്ക് കടക്കുന്നില്ല.
സാംസ്കാരിക കോളനിവൽക്കരണം
ചില പ്രത്യയശാസ്ത്രങ്ങൾ പ്രത്യക്ഷമായോ ഗോപ്യമായോ വച്ചു കൊണ്ട് കഴിഞ്ഞ കാല ചരിത്രത്തെ ഉന്മൂലനം ചെയ്യുകയും ജനതകളുടെ വൈവിധ്യത നശിപ്പിച്ച് എല്ലാവരേയും ഏക രൂപമാക്കാനുള്ള ഒരു ശ്രമമാണ് സാംസ്കാരിക കോളനിവൽക്കരണത്തിൽ സംഭവിക്കുന്നത്. 2017 നവംബർ മാസം 21 ന് സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ ഇത് ഒരു പീഡനമാണെന്ന് കുറ്റപ്പെടുത്താൻ ഫ്രാൻസിസ് പാപ്പാ മടിച്ചില്ല. അന്നു വായിച്ച ഒന്നാം വായനയിൽ (2 മക്ക 6:18-31) വിവരിച്ച എലയാസറിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് ധ്യാനചിന്തകൾ പങ്കുവച്ചു കൊണ്ടാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. എലയാസറിന്റെ വാക്കുകൾ ഇങ്ങനെയാണ് " ബഹുമാനിക്കേണ്ട വിശുദ്ധ നിയമത്തിനു വേണ്ടി സന്തോഷപൂർവ്വം മരിക്കുന്നതെങ്ങനെയെന്ന് യുവാക്കൾക്ക് ഒരു കുലീനമായ മാതൃക ഞാൻ നൽകും." രാജാവിന്റെ നിയമത്തേക്കാൾ ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കാൻ തീരുമാനിച്ചു കൊണ്ട് വൃദ്ധനായ എലയാസർ രക്തസാക്ഷിത്വം തിരഞ്ഞെടുത്തു. വഴിപിഴച്ച ഒരു വേര് ഉണ്ടാക്കുന്ന പ്രത്യയശാസ്ത്രപരവും സാംസ്കാരികവുമായ ഈ കോളനിവൽക്കരണത്തിനുള്ള പ്രത്യുത്തരമായി എലയാസർ മരിച്ചു കൊണ്ടു ഒരു ഭാവിയിൽ ഫലം നൽകുന്ന ഒരു വേരാകാൻ തീരുമാനിച്ചു എന്നാണ് ഫ്രാൻസിസ് പാപ്പായുടെ വ്യാഖ്യാനം. ഇത്തരത്തിലുള്ള കോളനിവൽക്കരണം ഒരു പീഡനമാണ് എന്ന് പാപ്പാ വിശദീകരിച്ചു. അത് എല്ലാ പാരമ്പര്യങ്ങളെയും, നിയമങ്ങളേയും, ചരിത്രത്തേയും മതത്തേയും ദൈവത്തെ തന്നെയും തുടച്ചു നീക്കിക്കൊണ്ട് ഒരു പുതിയ ഏകീകൃത സംസ്കാരത്തിനായി പരിശ്രമിക്കുന്നു എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. എല്ലാം ഒരു പോലെയാക്കാൻ പരിശ്രമിക്കുമ്പോൾ വൈവിധ്യങ്ങൾ അസഹനീയങ്ങളായി മാറുന്നു.
ശുദ്ധരക്തമില്ലാത്തവരെ കൊന്നു തള്ളിയ ആധുനിക കാലത്തെ വംശഹത്യകൾ പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. പ്രത്യയശാസ്ത്ര, സാംസ്കാരിക കോളനിവൽക്കരണം വർത്തമാനകാലത്തെ മാത്രം നോക്കിക്കൊണ്ട് ഭൂതകാലത്തെ നിഷേധിക്കുന്നു. ഭാവിയെക്കുറിച്ച് ചിന്തിക്കുന്നുമില്ല പാപ്പാ ഓർമ്മിപ്പിച്ചു.
അൽപം ചരിത്രം : കണ്ടുപിടുത്ത പ്രമാണം (Doctrine of Discovery)
കോളനിവൽക്കരണത്തെ ന്യായീകരിക്കുന്നതിനായി തയ്യാറാക്കിയ ചില പ്രമാണങ്ങൾ ചരിത്രത്തിലുണ്ടായിട്ടുണ്ട്. യൂറോപ്യൻ സാമ്രാജ്യങ്ങൾ കടൽ വഴിയും കരവഴിയും പര്യവേഷണങ്ങൾ ആരംഭിച്ച 1100 മുതൽ അവർ കണ്ടു പിടിക്കുന്ന " പുതു ലോകങ്ങൾ " ഏറ്റെടുത്ത് സ്വന്തമാക്കാൻ തയ്യാറാക്കിയ പ്രമാണിക രേഖകളാണ് Doctrine of discovery എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. 15 ആം നൂറ്റാണ്ടിൽ കത്തോലിക്കാ സഭ യൂറോപ്യൻ കത്തോലിക്ക രാഷ്ട്രങ്ങളുടെ അതിമോഹത്തോടു പ്രതികരിച്ചതായി ചരിത്രം കാണിക്കുന്നു. ഇവ യൂറോപ്യൻ ക്രൈസ്തവ പര്യവേഷകർക്ക് അവർ കണ്ടു പിടിക്കുന്ന രാജ്യം അവകാശപ്പെടുത്താനുള്ള അധികാരം നൽകുന്നവയായിരുന്നു. ഇതാണ് യൂറോപ്യൻ രാജ്യങ്ങൾ കണ്ടെത്തിയ "പുതിയ ലോകങ്ങളായ " ആഫ്രിക്ക, ഏഷ്യാ, ഓസ്ട്രേലിയ, ന്യൂസിലാൻന്റ്, അമേരിക്കകൾ എന്നിവിടങ്ങളിൽ പ്രാവർത്തികമാക്കിയത്. അങ്ങനെ തദ്ദേശിയരുടെ സംസ്കാരങ്ങൾ തുടച്ചു നീക്കപ്പെട്ടതായാണ് ചരിത്രം.
മാപ്പു ചോദിച്ചു പാപ്പാ
സഭ നടത്തിയ അതിക്രമങ്ങൾക്ക് മാപ്പു ചോദിക്കാൻ ഫ്രാൻസിസ് പാപ്പാ മടിച്ചില്ല. കാനഡയിൽ നിന്നുള്ള തദ്ദേശീയ സമൂഹങ്ങളുടെ പ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ നിർബന്ധിത ഏകീകരണത്തിനു വിധേയരാക്കപ്പെട്ട അവരോടു കത്തോലിക്ക റെസിഡൻഷ്യൽ വിദ്യാലയങ്ങൾ നടന്നിയ കയ്യേറ്റങ്ങൾക്ക് മാപ്പു ചോദിച്ചു.ബൊളീവിയ, കാനഡ, നടത്തിയ അപ്പോസ്തോലിക യാത്രയിലും സഭ നടത്തിയ കോളനിവൽക്കരത്തിന് ഫ്രാൻസിസ് പാപ്പാ അവരോടു മാപ്പു ചോദിച്ചു.
കഴിഞ്ഞ നവംബർ 22 ന് ആഗോള കത്തോലിക്കാ അദ്ധ്യാപകരുടെ യൂണിയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ പ്രത്യയശാസ്ത്ര കോളനിവൽക്കരണത്തിനെതിരെ താക്കീതു ചെയ്തു. ഇന്ന് ഇത്തരം പ്രവണതകൾ എങ്ങനെയാണ് മനുഷ്യ വ്യക്തിത്വത്തെയും സ്വത്വത്തെയും നശിപ്പിക്കുന്നതെന്ന് വരച്ചുകാട്ടിയ പാപ്പാ അത്തരം കാര്യങ്ങൾ വിനാശങ്ങങ്ങളാണ് വരുത്തി വയ്ക്കുക എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
യുവജനങ്ങളുടെ നന്മയും സമഗ്രമായ വളർച്ചയും ലക്ഷ്യമിടുന്ന ഒരു അനുയാത്രയാണ് യുവജന സിനഡ് ലക്ഷ്യമിട്ടത്. അത്തരം ഒരു വളർച്ച ലക്ഷ്യമിട്ടു കൊണ്ടുള്ള അനുയാത്രയിൽ പാപ്പായുടെ പ്രഭാഷണത്തിൽ നിന്നു തന്നെയുള്ള വാക്കുകൾ നമുക്ക് ഉപകാരമാവും. പുതുമകളെ അഭിമുഖീകരിക്കുമ്പോൾ അവ പരിശുദ്ധാത്മാവിൽ നിന്നു വരുന്നതാണോ ദൈവത്തിൽ നിന്നുള്ളതാണോ അതോ വഴിപിഴച്ച നേരിൽ നിന്നാണോ എന്ന് വിവേചിച്ചറിയാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. കാരണം ദൈവത്തിൽ നിന്നുള്ളതിൽ വിലപേശലുകളില്ല. അത് ഭാവിയിലേക്ക് നോക്കിക്കൊണ്ട് ജീവനും ഫലവും നൽകും പാപ്പാ ഉറപ്പു നൽകുന്നു. അതിനാൽ നമ്മുടെ സംസ്കാര പാരമ്പര്യങ്ങളുടെ വേരുകളിൽ ഉറച്ചു നിന്നു കൊണ്ട് ആധുനീകതയുടെ പുതുമകളെ പരിശുദ്ധാത്മാവിന്റെ തെളിച്ചത്തിൽ വിവേചിച്ച് വളർച്ചയ്ക്കും നൂറുമേനി വിളവിനും വേണ്ടി നമുക്ക് തയ്യാറെടുക്കാം. ഇത്തരം ഒരു യാത്രയ്ക്ക് യുവജനങ്ങളെ ഒരുക്കാൻ സഭയോടു പ്രതിജ്ഞാബദ്ധരാകാൻ ആഹ്വാനം ചെയ്യുകയാണ് ഫ്രാൻസിസ് പാപ്പാ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: